ചിദംബരത്തെ സിബിഐ ചോദ്യംചെയ്തു

ന്യൂഡല്‍ഹി: വിവാദമായ എയര്‍സെല്‍ മാക്‌സിസ് ഇടപാടു കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ സിബിഐ ചോദ്യംചെയ്തു. ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ഇന്നലെ രാവിലെയാണ് ചോദ്യംചെയ്തത്. ഇന്നലെ ഹാജരാവണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം സിബിഐ ചിദംബരത്തിന് കത്തയച്ചിരുന്നു. ചോദ്യംചെയ്യലിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ആറു മണിക്കൂറോളം ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തിരുന്നു. ഇന്നലത്തെ ചോദ്യംചെയ്യല്‍ നാലു മണിക്കൂറോളം നീണ്ടു. ഇഡി കഴിഞ്ഞദിവസം ഉന്നയിച്ച സമാനമായ വിഷയങ്ങളാണു സിബിഐയും ചോദിച്ചതെന്ന് ചിദംബരം മാധ്യമങ്ങളോടു പറഞ്ഞു.
കേസില്‍ ഈ മാസം 12ന് നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും  ചിദംബരത്തിനു നോട്ടീസ് അയച്ചിട്ടുണ്ട്. അടുത്ത മാസം 10 വരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.
2008ല്‍ യുപിഎ സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരിക്കെ വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡ് വഴി ഐഎന്‍എക്‌സ് മീഡിയക്കു വിദേശനിക്ഷേപം ലഭ്യമാക്കാന്‍ അനധികൃത ഇടപെടല്‍ നടത്തിയെന്നതാണു ചിദംബരത്തിനെതിരായ ആരോപണം. ചട്ടപ്രകാരം 600 കോടി രൂപയ്ക്കു മുകളിലുള്ള വിദേശ ഇടപാടുകള്‍ പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയുടെ അനുമതിയോടെ മാത്രമേ പാടുള്ളൂ. എന്നാല്‍, 800 കോടി രൂപ വരുന്ന ഈ ഇടപാടിന് സ്വന്തം നിലയ്ക്ക് അംഗീകാരം നല്‍കിയെന്നാണു ചിദംബരത്തിനെതിരായ ആരോപണം. ഇക്കാലയളവില്‍ ഇതു സംബന്ധിച്ച സേവനങ്ങള്‍ക്കായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ഐഎന്‍എക്‌സില്‍ നിന്നും രണ്ടുലക്ഷം യുഎസ് ഡോളര്‍ കണ്‍സള്‍ട്ടേഷന്‍ ഫീസായി ഈടാക്കിയെന്നും സിബിഐ കുറ്റപത്രത്തില്‍ ഉണ്ട്.
ദയാനിധി മാരന്‍ ടെലികോം മന്ത്രിയായിരിക്കെ ഭീഷണിപ്പെടുത്തി കമ്പനി ഷെയറുകള്‍ മലേസ്യ ആസ്ഥാനമായ മാക്‌സിസ് ഗ്രൂപ്പിലേക്ക് എഴുതിവാങ്ങിയെന്ന എയര്‍സെല്‍ ഉടമ സി ശിവശങ്കരന്‍ നല്‍കിയ പരാതിയാണു കേസിനാധാരം.
Next Story

RELATED STORIES

Share it