ചിദംബരത്തിന്റെ മകനെതിരേ ആരോപണം; പാര്‍ലമെന്റ്‌സ്തംഭിച്ചു

ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരേ നടപടിയാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ അംഗങ്ങള്‍ ബഹളംവച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. ലോക്‌സഭ സമ്മേളിച്ച ഉടനെ അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി കാര്‍ത്തിക്കെതിരേ നടപടി ആവശ്യപ്പെട്ടു.
അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് ബഹളംവച്ചു. കാര്‍ത്തിക്ക് ലോകവ്യാപകമായി റിയല്‍ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പത്രത്തിന്റെ കോപ്പികള്‍ അവര്‍ പ്രദര്‍ശിപ്പിച്ചു. ബഹളംമൂലം സഭ മൂന്നുതവണ നിര്‍ത്തിവച്ചശേഷം ഇന്നത്തേക്ക് പിരിഞ്ഞു.
പത്രത്തിന്റെ കോപ്പികള്‍ അണ്ണാ ഡിഎംകെ അംഗങ്ങള്‍ ബിജെപി അംഗങ്ങള്‍ക്കിടയിലും വിതരണം ചെയ്തു. ഇതിനിടയില്‍ അണ്ണാ ഡിഎംകെ അംഗമായ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പി ദുരൈയുമായി സോണിയാഗാന്ധി സംസാരിക്കുന്നത് കാണാമായിരുന്നു. ക്രമപ്രകാരം നോട്ടീസ് നല്‍കിയാല്‍ വിഷയം ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു അംഗങ്ങളെ അറിയിച്ചു. അതിനിടെ മന്ത്രി സ്മൃതി ഇറാനിക്കെതിരെയുള്ള അവകാശലംഘന പ്രമേയത്തെപറ്റി കോ ണ്‍ഗ്രസ്സിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അണ്ണാ ഡിഎംകെ അംഗങ്ങളുടെ ബഹളത്തില്‍ അത് മുങ്ങി. രാജ്യസഭയിലും അണ്ണാ ഡിഎംകെ അംഗങ്ങളുടെ ബഹളം കാരണം നടപടികളൊന്നും നടന്നില്ല.
അതിനിടെ രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായാണു താന്‍ ഇടപാടുകള്‍ നടത്തിയതെന്നും കള്ളപ്പണമിടപാടുകള്‍ താന്‍ നടത്തിയിട്ടില്ലെന്നും ചെന്നൈയില്‍ കാര്‍ത്തി ചിദംബരം വ്യക്തമാക്കി.
Next Story

RELATED STORIES

Share it