ചിദംബരത്തിനെതിരേ അധിക കുറ്റപത്രം

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെയും മകന്‍ കാര്‍ത്തി ചിദംബരത്തെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.
1.16 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇരുവരെയും പ്രതിചേര്‍ത്തിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഒമ്പത് പ്രതികളാണുള്ളത്. കേസ് കോടതി ഈ മാസം 26ന് പരിഗണിക്കും. സിബിഐ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തിലും ചിദംബരവും മകനും പ്രതികളായിരുന്നു. ചിദംബരത്തിനും മകനും പുറമെ, മുന്‍ ധനകാര്യ സെക്രട്ടറി അശോക് ചാവഌ സാമ്പത്തികകാര്യ വകുപ്പ് മുന്‍ സെക്രട്ടറി അശോക് ഝാ എന്നിവരുള്‍പ്പെടെ 10 പേരും ആറു കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്.
ചിദംബരത്തിന് 26 ലക്ഷം രൂപ കൈക്കൂലി ലഭിച്ചെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്നും പ്രതികളെല്ലാം ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും സിബിഐ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഐഎന്‍എക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തേ കണ്ടുകെട്ടിയിരുന്നു. ന്യൂഡല്‍ഹിയിലെ ജോര്‍ബാഗിലുള്ള ഫഌറ്റ്, ഊട്ടിയിലെയും കൊടൈക്കനാലിലെയും ബംഗ്ലാവുകള്‍, ബ്രിട്ടനിലെ സോമര്‍സെറ്റിലുള്ള വീട്, സ്‌പെയിനിലെ ബാഴ്‌സലോണയിലുള്ള ടെന്നിസ് ക്ലബ് എന്നിവ പിടിച്ചെടുത്ത സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമമനുസരിച്ചാണ് നടപടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി. കാര്‍ത്തിക്ക് ബന്ധമുള്ള എഎസ്‌സിപിഎല്‍ കമ്പനി വഴി വാസന്‍ ഹെല്‍ത്ത് കെയറില്‍ ഉള്‍പ്പെടെ ഒട്ടേറെ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it