Idukki local

ചിത്രാ പൗര്‍ണമി മഹോല്‍സവം : കണ്ണകി ദേവിയുടെ ദര്‍ശനപുണ്യം നേടി ആയിരങ്ങള്‍ മലയിറങ്ങി



കുമളി: ചൈത്രമാസത്തിലെ പൗര്‍ണ്ണമി നാളില്‍ കണ്ണകി ദേവിയുടെ ദര്‍ശന പുണ്യം നേടിയ പതിനായിരങ്ങള്‍ മലയിറങ്ങി. പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന കണ്ണകി ക്ഷേത്രത്തില്‍ ഇന്നലെ അഭൂത പൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തേനി  ഇടുക്കി ജില്ലാ ഭരണകൂടങ്ങളുടെ മേല്‍ നോട്ടത്തിലായിരുന്നു ഉത്സവം നടത്തിയത്.തേനി കലക്ടര്‍ വെങ്കിടാചലം, ഇടുക്കി കലക്ടര്‍ ജി ആര്‍ ഗോകുല്‍, എസ്.പി വേണുഗോപാല്‍, എ.ഡി.എം കെകെആര്‍ പ്രസാദ്, ആര്‍.ഡി.ഒ രാമചന്ദ്രന്‍, കട്ടപ്പന ഡിവൈഎസ്പി എന്‍ സി രാജ് മോഹന്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ഉത്സവ നടത്തിപ്പ്. ഇന്നലെ പുലര്‍ച്ചെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ കുമളിയില്‍ എത്തിയിരുന്നു. സ്വകാര്യ ജീപ്പുകള്‍ മാത്രമായിരുന്നു ഇത്തവണയും മംഗളാദേവിയിലേക്ക് പോകുന്നവര്‍ക്ക് ആശ്രയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മംഗളാദേവിയില്‍ എത്തിയവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. തമിഴ്‌നാട് പളിയക്കുടി വഴി 291 ആളുകളും ബ്രാണ്ടിപ്പാറ വഴി 3052 ആളുകളും കൊക്കരക്കണ്ടം വഴി 11301 ആളുകളുമാണ് ഇത്തവണ മംഗളാദേവിയില്‍ എത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 16609 ആയിരുന്നു. രണ്ടായിരത്തോളം ആളുകളുടെ കുറവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്.  കുമളി ടൗണില്‍ നിന്നും ആവശ്യത്തിന് വാഹനം ലഭിക്കാതിരുന്നത് ആളുകളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കായിരുന്നു. ഇതിനാല്‍ തന്നെ ഉച്ചവരെ കുമളി ടൗണില്‍ മംഗളാദേവിയിലേക്ക് പോകുന്നവരുടെ നീണ്ട നിരയാണ് കാണപ്പെട്ടത്. വിവിധ വകുപ്പുകളുടെ ഏകോപന മില്ലായ്മയെ തുടര്‍ന്ന് മംഗളാദേവി ഉത്സവത്തിനെത്തിയ ആളുകള്‍ വലഞ്ഞു. കുമളിയില്‍ ഒരുക്കിയ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.  ഇത്തവണ ആളുകളെ നിയന്ത്രിക്കുന്നതിന് ബാരിക്കേഡ് നിര്‍മ്മിക്കാന്‍ പോലും റവന്യു വകുപ്പ് തയ്യാറായില്ലെന്ന് അക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വാഹനങ്ങള്‍ കുടുംബക്കാരേയും വേണ്ടപ്പെട്ടവരേയും മംഗളാദേവിയിലേക്ക് കൊണ്ടു പോകുന്നതിന് ഉപയോഗിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it