ചിത്രലേഖ വീണ്ടും സമരത്തിന്; പിന്തുണയുമായി യുഡിഎഫ്

കണ്ണൂര്‍: ജാതിവിവേചനത്തിനെതിരേ സിപിഎം പാര്‍ട്ടിഗ്രാമത്തില്‍ ഒറ്റയാള്‍ സമരം ചെയ്ത ദലിത് വനിതാ ഓട്ടോഡ്രൈവര്‍ ചിത്രലേഖ വീണ്ടും സമരത്തിനൊരുങ്ങുന്നു. കാട്ടാമ്പള്ളിയിലെ വീടുനിര്‍മാണവുമായി മുന്നോട്ടുപോവുമെന്നും തടയാന്‍ ശ്രമിച്ചാല്‍ സമരത്തിനിറങ്ങുമെന്നും ചിത്രലേഖ വ്യക്തമാക്കി.
അതിനിടെ, ഭൂമി തിരിച്ചുപിടിക്കാനുള്ള ഇടതുസര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തി. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയംഗം കെ സുധാകര ന്‍, കെ എം ഷാജി എംഎല്‍എ, ഡിസിസി പ്രസിഡന്റ് സതീശ ന്‍ പാച്ചേനി തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ച് ചിത്രലേഖയ്ക്ക് പിന്തുണ നല്‍കി. നിയമപരമായും ധാര്‍മികമായും നിലനില്‍ക്കാത്ത നടപടിയാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ ചിത്രലേഖയെ വേട്ടയാടുകയാണ്. എല്ലാ സാഹചര്യവും പരിശോധിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രത്യേകാധികാരം ഉപയോഗിച്ച് വീടു നിര്‍മിക്കാന്‍ ഭൂമി അനുവദിച്ചത്. ഭൂമി തിരിച്ചെടുക്കാനുള്ള റവന്യൂ വകുപ്പ് തീരുമാനം പിന്‍വലിക്കണം. തങ്ങളുടെ ദുഷ്‌ചെയ്തികള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎം നിലപാട് അംഗീകരിക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ചിത്രലേഖയുടെ വീടുപണി എന്തു വിലകൊടുത്തും പൂര്‍ത്തീകരിക്കുമെന്ന് കെ എം ഷാജി എംഎല്‍എ പറഞ്ഞു. വളരെ വേഗത്തില്‍ തന്നെ പ്രവൃത്തികള്‍ നടത്തും. സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it