ചിത്രകാരി ദുര്‍ഗാ മാലതിയുടെ ജീപ്പിന് നേരെ കല്ലേറ്

പട്ടാമ്പി: കശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടു ചിത്രങ്ങളിലൂടെ പ്രതികരിച്ച ചിത്രകാരി ദുര്‍ഗാ മാലതിയുടെ ജീപ്പിനു നേരെ കല്ലേറ്. വ്യാഴാഴ്ച രാത്രി 11ഓടെ ബൈക്കിലെത്തിയ സംഘമാണ് ജീപ്പിന്റെ മുന്‍വശത്തെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തത്. മുതുതലയിലെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പിന്റെ ചില്ലാണ് എറിഞ്ഞു തകര്‍ത്തത്.
സംഭവത്തെ തുടര്‍ന്നു വി ടി ബല്‍റാം എംഎല്‍എ, മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ എന്നിവര്‍ ചിത്രകാരിയുടെ വീട്ടിലെത്തി. അഭിപ്രായ സ്വാതന്ത്ര്യം ഓരോ പൗരന്റെയും മൗലികാവകാശമാണെന്നും ഇതിനെതിരേ അസഹിഷ്ണുത കാണിക്കുന്നതു നല്ല നിലപാടല്ലെന്നും വി ടി ബല്‍റാം എംഎല്‍എ പറഞ്ഞു. പോലിസ് ഇക്കാര്യത്തില്‍ വേണ്ട ജാഗ്രത പുലര്‍ത്തണം. സ്വന്തം നാട്ടിലെ ആളുകള്‍ പോലും ഫേസ്ബുക്കിലും മറ്റും കയറി ദുര്‍ഗാ മാലതിയെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരേ തിരിയുന്ന ഇത്തരം ആളുകള്‍ക്കു നേരെ സാംസ്‌കാരിക കേരളം പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ 11.30ഓടെയാണു വി ടി ബല്‍റാം ദുര്‍ഗയുടെ വീട്ടിലെത്തിയത്. ബല്‍റാം എംഎല്‍എ മടങ്ങിയതിനു പുറകെ മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയും ദുര്‍ഗയുടെ വീട്ടിലെത്തി. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സര്‍ഗാത്മകമായി പ്രയോഗിച്ചുവെന്നതിനാണ് ദുര്‍ഗാ മാലതി വേട്ടയാടപ്പെടുന്നതെന്നും ഇതൊരു സൈബര്‍ അറ്റാക്ക് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ദുര്‍ഗാ മാലതിക്ക് പിന്‍തുണ നല്‍കിയതിന്റെ പേരില്‍ തനിക്കു നേരെയും പലരും തെറിവിളി ഉയര്‍ത്തിയെന്നും എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ പറഞ്ഞു. ആര്‍എസ്എസിനെതിരേ പ്രതികരിക്കുമ്പോള്‍ അത് മതത്തിനെതിരേയുള്ള കടന്നുകയറ്റമാക്കി മാറ്റുകയാണു ചിലരെന്നും ഇവര്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ നാട്ടില്‍ വര്‍ഗീയത സൃഷ്ടിക്കുകയാണെന്നും ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it