Kollam Local

ചിതറയില്‍ കോണ്‍ഗ്രസില്‍ എ, ഐ  ഗ്രൂപ്പ് തര്‍ക്കം മൂര്‍ച്ഛിക്കുന്നു

കടയ്ക്കല്‍:ചിതറയില്‍ കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പ് തര്‍ക്കം മൂര്‍ച്ഛിക്കുന്നു.പരസ്പരം പുറത്താക്കിയതായി ആരോപിച്ച് പ്രദേശത്ത് പോസ്റ്റര്‍ വ്യാപിക്കുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിനിടെ തുടങ്ങിയ ഗ്രൂപ്പ് പോരാണ് പോസ്റ്റര്‍ യുദ്ധത്തിലെത്തി നില്‍ക്കുന്നത്.
തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിന്റെ സഹായത്തോടെയാണ് ബിജെപി രണ്ടുവാര്‍ഡുകളിലും വിജയിച്ചതെന്ന് ഫല പ്രഖ്യാപന ദിവസം എ ഗ്രൂപ്പ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ചിതറ പഞ്ചായത്തിലെ തുറ്റിക്കല്‍ വാര്‍ഡില്‍ ഐ ഗ്രൂപ്പുകാരിയായ സിനി 150നുമേല്‍ വോട്ടുകള്‍ക്കാണ് പോയ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇതേ വാര്‍ഡില്‍ മല്‍സരത്തിനിറങ്ങിയ എ ഗ്രൂപ്പ് നേതാവും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ ഷെമീമിന് ഇവിടെ 150ല്‍ താഴെ വോട്ടുകള്‍ മാത്രമാണ് ആകെ ലഭിച്ചത്. ബിജെപി വിജയിച്ച സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മൂന്നാം സ്ഥാനത്തേക്കുപോയി ദയനീയമായി പരാജപ്പെട്ടത് ഐഗ്രൂപ്പ് കാലുവാരിയത് കൊണ്ടാണെന്നും എഗ്രൂപ്പ് ആരോപിച്ചിരുന്നു. എ, ഐ തമ്മിലടി തകൃതിയായി നടക്കുന്നതിനിടയില്‍ മുസ്‌ലിംലീഗിന് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നാരോപിച്ച് മുസ്‌ലിംലീഗ് ചിലവാര്‍ഡുകളില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. എന്നാല്‍ മുസ്‌ലിംലീഗ് നേതൃത്വം ഇടപെട്ടാണ് സ്ഥാനാര്‍ഥികളെ പിന്‍വലിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലും എ, ഐ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞാണ് മല്‍സരിച്ചത്. ഡിസിസി പ്രസിഡന്റ് വിപ്പ് നല്‍കി മല്‍സരത്തിന് നിയോഗിച്ച എ ഗ്രൂപ്പിലെ ലീനാ ഓമനാദേവന് മൂന്നും ഐഗ്രൂപ്പിലെ സിനിക്ക് അഞ്ചും വോട്ടുകള്‍ ലഭിച്ചപ്പോള്‍ സിപിഎമ്മിലെ സുജിതാ കൈലാസ് 11 വോട്ടുകള്‍ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പരസ്യമായ വിഴുപ്പലക്കലും പോര്‍വിളിയുമായി ചിതറയിലെ ഗ്രൂപ്പുപോര് കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.
Next Story

RELATED STORIES

Share it