ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചതായി പരാതി

കൊച്ചി: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവാവ് മരണപ്പെട്ടതായി പരാതി. ആലപ്പുഴ എഴുപുന്ന സ്വദേശി സിമ്പിച്ചന്‍ (22) ആണ് ചികില്‍സ ലഭിക്കാതെ മരണപ്പെട്ടത്. ഡ്യൂട്ടി ഡോക്ടറടക്കമുള്ള ആശുപത്രി ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് കെ ആര്‍ ആന്റണി രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ആന്റണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കിഡ്‌നി സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന സിമ്പിച്ചനെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മാര്‍ച്ച് 18നാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. ഏറെ അവശനിലയിലായിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ തയ്യാറായില്ല. അറ്റന്‍ഡര്‍മാരില്‍ നിന്നും നഴ്‌സുമാരില്‍ നിന്നും സിമ്പിച്ചനു ശുശ്രൂഷകള്‍ ലഭിച്ചില്ലെന്നും പിതാവ് ആരോപിച്ചു. ഏഴു മണിക്കൂറോളം കാഷ്വാല്‍റ്റിയില്‍ അവശനിലയില്‍ കിടന്നിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ല. വിദഗ്ധ ചികില്‍സ നല്‍കാന്‍ ഐസിയുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും ചെവിക്കൊണ്ടില്ല. ഒടുവില്‍ സിമ്പിച്ചന്‍ മരണപ്പെടുകയായിരുന്നു.
18ാം തിയ്യതി വണ്ടാനം മെഡിക്കല്‍ കോളജില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാര്‍ക്കെതിരേയും മറ്റ് ജീവനക്കാര്‍ക്കെതിരേയും നടപടി വേണമെന്നും ആന്റണി ആവശ്യപ്പെട്ടു. മാതാവില്‍ നിന്ന് കിഡ്‌നി സ്വീകരിക്കുന്നതിനായി ഓപറേഷന്‍ കാത്തിരിക്കുന്നതിനിടയിലാണ് സിമ്പിച്ചന്‍ മരണപ്പെടുന്നതെന്നും നീതി ലഭിക്കാത്ത പക്ഷം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും ആന്റണി അറിയിച്ചു.
Next Story

RELATED STORIES

Share it