thiruvananthapuram local

ചികില്‍സ തേടിയെത്തിയ യുവാവിനെ കൈയേറ്റം ചെയ്തതായി പരാതി

പാലോട്: സ്വകാര്യ നാട്ടുചികില്‍സാകേന്ദ്രത്തിന്റെ ഉടമയും നടത്തിപ്പുകാരും ചേര്‍ന്ന് ചികില്‍സ തേടിയെത്തിയ യുവാവിനെ കൈയേറ്റം ചെയ്തതായി പരാതി. പാണ്ഡ്യന്‍പാറ പച്ചിലവൈദ്യന്‍ എന്നറിയപ്പെടുന്ന ഉണ്ണിവൈദ്യനെതിരെ കല്ലറ സ്വദേശി മുനീറാണ് പാലോട് പോലിസില്‍ പരാതി നല്‍കിയത്.
സുഹൃത്തില്‍ നിന്നാണ് മുനീര്‍ വൈദ്യനെക്കുറിച്ച് കേട്ടറിഞ്ഞത്. തുടര്‍ന്ന് 26ന് പുലര്‍ച്ചെ 5.45ന് പാണ്ഡ്യന്‍പാറയിലെത്തി. ഇവിടെയെത്തുമ്പോഴാണ് പരിശോധനാ സമയം 8 മണിയാണെന്നറിയുന്നത്. എന്നാല്‍ 7ന് വൈദ്യശാലയിലെ ജീവനക്കാരെത്തി 7നു മുമ്പ് വന്നവരോട് സ്ഥലം വിടാന്‍ ആവശ്യപ്പെട്ടു.
സമയക്രമം അറിയില്ലായിരുന്നുവെന്നും ആദ്യമായാണ് വരുന്നതെന്നും പറഞ്ഞ മുനീറിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും അസഭ്യംവിളികളോടെ ഇവര്‍ കൈയേറ്റത്തിന് മുതിരുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന മറ്റ് രോഗികളാണ് രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. 7ന് മുമ്പ് എത്തിയ നിരവധി രോഗികളെയും ഇത്തരത്തില്‍ അസഭ്യം പറഞ്ഞ് ആട്ടിയിറക്കിയതായും മുനീര്‍ പരാതിയില്‍ പറയുന്നു.അര്‍ബുദം ബാധിച്ച് അവശരായെത്തുന്നവരെപ്പോലും ഇത്തരത്തില്‍ അപമാനിച്ച് പുറത്താക്കുന്നത് ഇവിടെ പതിവാണെന്ന് നിരവധി രോഗികള്‍ മുമ്പും പരാതി പറഞ്ഞിട്ടുണ്ട്. സ്ത്രീയെന്നോ പ്രായംചെന്നവരെന്നോ നോക്കാതെയാണ് ഇവിടത്തെ ജീവനക്കാരും വൈദ്യനും അസഭ്യം വിളിക്കുന്നതത്രേ. മര്‍ദനമേല്‍ക്കുമെന്ന് പേടിച്ചാണ് അപമാനം സഹിച്ച് പലരും ഇവിടെനിന്ന് മടങ്ങുന്നത്. ജീവനക്കാരെന്ന പേരില്‍ ഗുണ്ടകളെയാണ് ഇവിടെ ജോലിക്കായി നിര്‍ത്തിയിരിക്കുന്നതെന്ന് നാട്ടുകാരും ആക്ഷേപിക്കുന്നു.
Next Story

RELATED STORIES

Share it