ചികില്‍സ കിട്ടാതെ തടവുകാരന്‍ മരിച്ച സംഭവം; സര്‍ക്കാര്‍ ഒരു ലക്ഷം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായിരുന്ന കളമശ്ശേരി എച്ച്എംടി കോളനി ആഞ്ഞിലിമൂട്ടില്‍ എ എ അലി വേണ്ടത്ര ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തില്‍ പരേതന്റെ ഭാര്യക്ക് സര്‍ക്കാര്‍ മൂന്നുമാസത്തിനകം ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു.
നഷ്ടപരിഹാരം ആഭ്യന്തരവകുപ്പില്‍ നിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നോ നല്‍കണം. അലിയുടെ ഭാര്യ കെ എ സഫിയ ഫയല്‍ ചെയ്ത പരാതിയിലാണു നടപടി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരിക്കെ മൂത്രാശയ രോഗം മുര്‍ച്ഛിച്ച് അലി 2015 മെയ് 27നു തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചാണു മരിച്ചത്. 2013 സപ്തംബറിലാണ് അലി സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായത്. ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജിലെത്തിച്ചപ്പോള്‍ അലിക്ക് ചികില്‍സ നിഷേധിച്ചതായി സഫിയ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കമ്മീഷന്‍ തൃശൂര്‍ റൂറല്‍ പോലിസ് മേധാവിയില്‍ നിന്നും ജയില്‍ ഡിജിപിയില്‍ നിന്നും വിശദീകരണം വാങ്ങിയിരുന്നു. മെഡിക്കല്‍ കോളജ് സൂപ്രണ്ടും വിശദീകരണം സമര്‍പ്പിച്ചു. അലിക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഗ്രന്ഥിവീക്കം തുടങ്ങി നിരവധി രോഗങ്ങള്‍ ഉണ്ടായിരുന്നു.
അലിക്ക് 12 തവണ മെഡിക്കല്‍ കോളജില്‍ ചികില്‍സ നല്‍കിയിട്ടുണ്ടെന്നു ജയിലധികൃതര്‍ കമ്മീഷനെ അറിയിച്ചു. 78 തവണ ജയില്‍ ആശുപത്രിയില്‍ ചികില്‍സ നല്‍കി. അതേസമയം രേഖകള്‍ പരിശോധിച്ചപ്പോള്‍ അലിയെ നിരവധി തവണ ആശുപത്രിയില്‍ കാണിച്ചെങ്കിലും ഡോക്ടര്‍മാര്‍ എഴുതിയ മരുന്നുകള്‍ രോഗിക്കു കൊടുത്തിട്ടില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. മെഡിക്കല്‍ കോളജിലെ സ്റ്റോക്കില്‍ മരുന്നില്ലാത്തതായിരുന്നു കാരണം. പുറത്തുനിന്നും മരുന്ന് വാങ്ങി നല്‍കിയതുമില്ല. ജാമ്യം അനുവദിച്ചിരുന്നെങ്കില്‍ അലിക്ക് ഫലപ്രദമായ ചികില്‍സ ലഭിക്കുമായിരുന്നുവെന്ന് ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു. ചുമതലകള്‍ നിറവേറ്റാത്തതിനാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്ന് കമ്മീഷന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനു നിര്‍ദേശം നല്‍കി. ജയിലില്‍ നിന്നും തടവുകാരെ ചികില്‍സയ്ക്ക് കൊണ്ടുവരുമ്പോള്‍ അവജ്ഞയോടെ പെരുമാറാതെ മികച്ച ചികില്‍സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവണം. ജയിലില്‍ ചികില്‍സ ലഭിക്കാന്‍ കൈക്കൂലി നല്‍കണമെന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അങ്ങനെ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ജസ്റ്റിസ് ജെ ബി കോശി ജയില്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it