Idukki local

ചികില്‍സാ സൗകര്യങ്ങളില്‍ പിന്നോട്ടടിച്ച് മൂന്നാര്‍

മൂന്നാര്‍: അത്യാധുനിക ചികില്‍സാ സംവിധാനങ്ങളോടെയുള്ള ആശുപത്രിയില്ലാത്തത് മൂന്നാര്‍ മേഖലയെ പിന്നോട്ടടിക്കുന്നു. നാട്ടുകാര്‍ക്കും ഇവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഗുരുതരരോഗമോ അപകടമോ സംഭവിച്ചാല്‍ രൂക്ഷമായ പ്രതിസന്ധിയാണ് ഉണ്ടാവുന്നത്.
ചികില്‍സാ സൗകര്യങ്ങള്‍ പരിമിതമായ ഈ മേഖലയില്‍ അടിയന്തര വിദഗ്ധ ചികില്‍സ ആവശ്യമുള്ളവരുടെ സേവനത്തിനായി ജീവന്‍രക്ഷാ സൗകര്യമുള്ള ആംബുലന്‍സ് ഇല്ലാത്തതും ദുരിതമായി. അത്യാസന്ന നിലയിലുള്ള രോഗികളെ ഇവിടെ നിന്നു മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോകാന്‍ കൊച്ചിയില്‍ നിന്നോ തൊടുപുഴയില്‍ നിന്നോ ജീവന്‍രക്ഷാ സംവിധാനമുള്ള ആംബുലന്‍സ് എത്തണം. ആറു മണിക്കൂര്‍ വരെ വിദഗ്ധ ചികില്‍സ വൈകാനും അതുവഴി രോഗിയുടെ വിലപ്പെട്ട ജീവന്‍ നഷ്ടമാകാനും ഇതു കാരണമാകുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കെടുത്താല്‍ ഒന്‍പതു വിനോദസഞ്ചാരികളാണു മൂന്നാറില്‍ ഹൃദയാഘാതം മൂലം മരിച്ചത്. അപകടങ്ങളില്‍പ്പെട്ട് അടിയന്തര ചികില്‍സ കിട്ടാന്‍ വൈകി നാലുപേരും മരണപ്പെട്ടു. ഇതില്‍ മിക്കവരും മൂന്നാറിലെ ആശുപത്രിയില്‍ എത്തി മണിക്കൂറുകള്‍ കഴിഞ്ഞാണു മരണപ്പെട്ടത്. യഥാസമയം മറ്റ് ആശുപത്രികളില്‍ എത്തിച്ചു വിദഗ്ധ ചികില്‍സ ലഭ്യമാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ, ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു.
2012ല്‍ ദേശീയ ഗ്രാമീണാരോഗ്യ മിഷന്റെ ജീവന്‍രക്ഷാ സൗകര്യങ്ങളോടു കൂടിയ ആംബുലന്‍സ് മൂന്നാറിലേക്ക് അനുവദിക്കുകയും രണ്ടുമാസം ഇവിടം കേന്ദ്രമാക്കി സര്‍വീസ് നടത്തുകയും ചെയ്തു. പിന്നീടു ശബരിമലയിലേക്ക് എന്നു പറഞ്ഞു കൊണ്ടുപോയ ആ വാഹനം പിന്നെയാരും ഇവിടെ കണ്ടിട്ടില്ല. ഗ്രാമപ്പഞ്ചായത്തുകള്‍ക്കും ചില സന്നദ്ധ സംഘടനകള്‍ക്കും ആംബുലന്‍സ് സംവിധാനം ഉണ്ടെങ്കിലും അവയൊന്നും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉള്ളവയല്ല. അതുകൊണ്ടു തന്നെ ഗുരുതര രോഗികളെ അതില്‍ കൊണ്ടുപോകാനും ആവില്ല. ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രത്തിനു ജീവന്‍രക്ഷാ ആംബുലന്‍സ് വാങ്ങാന്‍ 2017ല്‍ എസ്.രാജേന്ദ്രന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു 16 ലക്ഷം അനുവദിച്ചെങ്കിലും ആരുടെ പേരില്‍ വാങ്ങുമെന്ന തര്‍ക്കം മുറുകിയതോടെ അതു യാഥാര്‍ഥ്യമായില്ല.
നിലവില്‍ കൊച്ചിയിലോ തൊടുപുഴയിലോ ആണു മൂന്നാറിലേക്ക് ഏറ്റവും അടുത്ത് ഐസിയു ആംബുലന്‍സ് ലഭ്യമായിട്ടുള്ളത്. ഇവിടങ്ങളില്‍ നിന്നു മൂന്നാറിലേക്ക് എത്താന്‍ കുറഞ്ഞത് മൂന്നു മണിക്കൂറെടുക്കും. തിരിച്ചു മറ്റ് ആശുപത്രികളിലേക്കു രോഗികളെ എത്തിക്കാനും വേണം അതിലധികം സമയം. പുറത്തു നിന്ന് എത്തുന്ന ഈ ആംബുലന്‍സുകള്‍ ഈടാക്കുന്ന ഉയര്‍ന്ന വാടക നിര്‍ധന രോഗികള്‍ക്കു താങ്ങാവുന്നതിലും അധികമാണ്. സാധാരണ ആംബുലന്‍സുകളുടെ ഇരട്ടി തുകയാണ് ഇവര്‍ വാങ്ങുന്നത്. ഇതില്‍ കമ്മിഷന്‍ കളി ഉള്ളതായി നേരത്തേ മുതല്‍ ആരോപണം ഉണ്ട്. ഈയിടെ മൂന്നാറില്‍ നിന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു രോഗിയെ എത്തിക്കാന്‍ 20,000 രൂപയാണ് ആംബുലന്‍സ് ഉടമ ഈടാക്കിയത്. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ചിന്നക്കനാല്‍ മെഖലയിലുള്ള ലക്ഷക്കണക്കിനു ജനങ്ങള്‍ക്കു വിദഗ്ധ ചികില്‍സ കിട്ടാന്‍ കൊച്ചിയിലോ കോട്ടയത്തോ അല്ലെങ്കില്‍ തമിഴ്‌നാട്ടിലോ എത്തണം.
Next Story

RELATED STORIES

Share it