kozhikode local

ചികില്‍സാ സഹായത്തിന്റെ മറവില്‍ തട്ടിപ്പ്; ഗായക സംഘത്തെ പിടികൂടി

താമരശ്ശേരി: ചികിത്സാ സഹായത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന ഗായക സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വയനാട് കണിയാമ്പറ്റ സ്വദേശിയായ അസ്ലമിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് താമരശ്ശേരി ടൗണില്‍ പണപ്പിരിവ് നടത്തുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. ഒരു ദിവസം ഇരുപതിനായിരം രൂപയോളം മാസങ്ങളായി പിരിച്ചെടുക്കുന്നുണ്ടെങ്കിലും തുച്ഛമായ സംഖ്യയാണ് രോഗിക്ക് നല്‍കിയത്.
കമുകില്‍ നിന്നും വീണ് കിടപ്പിലായ വയനാട് നടവയല്‍ ആലുമൂല ശശിയുടെയും ശാന്തയുടെയും മകനായ ശ്യാംജിത്തിനെ സഹായിക്കാനെന്ന പേരിലാണ് ഗായകസംഘം പണപ്പിരിവിനെത്തിയത്. ശ്യാം ജിത്തിന് പണം നല്‍കുന്നതിന്റെ ഫോട്ടോയോടുകൂടിയ ഫഌക്‌സുകള്‍ ജീപ്പിന്റെ മൂന്നു വശങ്ങളിലും ഘടിപ്പിച്ച് അങ്ങാടികളില്‍ പാട്ട് പാട് പിരിവെടുക്കുകയാണ് പതിവ്. വയനാട് കണിയാമ്പറ്റ പുറായില്‍ അസ്ലമാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. കൊല്ലം സ്വദേശിയായ ജയമോഹനാണ് ഗായകന്‍. മാന്തവാടി സ്വദേശി ജോളി, വയനാട് കാക്കവയല്‍ സ്വദേശി ഷക്കീര്‍ എന്നിവരാണ് കൂടെയുള്ളത്.
ചൊവ്വാഴ്ച രാവിലെമുതല്‍ താമരശ്ശേരിയില്‍ പണപ്പിരിവ് നടത്തിയ സംഘത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയോടെ വീണ്ടും നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. കഴിഞ്ഞ ജനുവരി ആദ്യത്തില്‍ ശ്യാംജിത്തിന്റെ മാതാവ് ഒപ്പിട്ടു നല്‍കിയ മുദ്ര പത്രമാണ് തെളിവിനായി ഹാജറാക്കുന്നത്. ശ്യംജിത്തിന്റെ വിലാസത്തോടൊപ്പം നല്‍കിയ ഫോണ്‍ നമ്പര്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. ഇത് ചോദ്യം ചെയ്തപ്പോള്‍ അത് അസ്ലമിന്റെ നമ്പറാണ് ഒരാള്‍ സമ്മതിച്ചു. തുടര്‍ന്ന് ശ്യാംജിത്തിന്റെ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ രണ്ട് തവണയായി മുപ്പത്തി അയ്യായിരം രൂപ മാത്രമാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമായി. രണ്ട് ദിവസം മാത്രമാണ് ശ്യാംജിത്തിന് വേണ്ടി പിരിവ് നടത്തിയെന്നായിരുന്നു അസ്ലം ആദ്യം പറഞ്ഞത്. പിന്നീട് പത്ത് ദിവസം എന്ന് തിരുത്തി.
എന്നാല്‍ കൂടെയുണ്ടായിരുന്ന ഗായകന്‍ അഞ്ച് മാസമായെന്ന് വ്യക്തമാക്കി.ചൊവ്വാഴ്ച താമരശ്ശേരിയില്‍ നിന്നും ഇരുപതിനായിരം രൂപയോളം പിരിച്ചെടുത്തുവെന്നും ഇവര്‍ സ്ഥിരീകരിച്ചു. ഇവരുടെ താമസ സ്ഥലത്ത് നിന്നും മുപ്പതിനായിരം രൂപ പോലീസ് കണ്ടെടുത്തു. ഇത് ശ്യാംജിത്തിന്റെ ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് എസ്‌ഐ സായൂജ് കുമാര്‍ പറഞ്ഞു. ഒരു ദിവസം ഇരുപതിനായിരത്തോളം രൂപ പിരിച്ചെടുക്കുന്നുണ്ടെങ്കിലും അഞ്ച് മാസത്തിനിടെ മുപ്പത്തി അയ്യായിരം രൂപ മാത്രമാണ് രോഗിക്ക് നല്‍കിയത്. താന്‍ പോലീസിലാണെന്നും ട്രെയിനിംഗിനിടെ മെഡിക്കല്‍ അവധിയെടുത്താണ് പണപ്പിരിവിനിറങ്ങിയതെന്നുമാണ് അസ്ലം പറയുന്നത്.
ആര്‍സിഎസ് കല്‍പ്പറ്റ എന്ന പേരില്‍ മാസങ്ങളായി ഇയാള്‍ പണപ്പിരിവ് നടത്തുന്നുണ്ടെന്നാണ് സൂചന. പോലീസിലാണെന്ന പേരില്‍ തട്ടിപ്പ് നടത്തുന്നതിന് പോലീസ് ഉദ്യോഗസ്ഥന്‍ പണം കൈമാറുന്നതിന്റെ ഫോട്ടോയും ഉപയോഗിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it