Kollam Local

ചികില്‍സാ പിഴവ് : ആശുപത്രിക്കെതിരേ പ്രതിഷേധം ശക്തം



കൊല്ലം: ചികില്‍സാ പിഴവിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുന്ന സംഭവത്തില്‍ ആശുപത്രിക്കെതിരേ പ്രതിഷേധം ശക്തമാവുന്നു. ഇന്നലെ ആശുപത്രിക്ക് മുന്നിലേക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ധര്‍ണ നടത്തി. കനത്ത പോലിസ് കാവലിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. അതേ സമയം സംഭവത്തില്‍ കേസെടുത്തിരിക്കുന്ന കൊല്ലം ഈസ്റ്റ് പോലിസ് ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.  ഗുരുതരാവസ്ഥയിലുള്ള അബിയുടെ അച്ഛന്‍ വടക്കേവിള ശ്രീവിലാസം നഗറില്‍ പഴനിലത്ത് തൊടി അബി ഭവനില്‍ അങ്കപ്പന്‍ കമ്മീഷണര്‍ ഓഫിസിലെത്തി മൊഴി നല്‍കി. സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച് പോലിസ് ഗേറ്റിന് മുന്നില്‍ തടഞ്ഞിരുന്നു. വടക്കേവിള ശ്രീവിലാസം നഗറില്‍ പഴനിലത്ത് തൊടി അബി ഭവനില്‍ അങ്കപ്പന്റെ മകന്‍ അബി(14)യാണ് ഗുരുതരാവസ്ഥയിലുള്ളത്. കഴിഞ്ഞ മാസം 27ന് സൈക്കിളില്‍ നിന്നും വീണതിനെ തുടര്‍ന്ന് അബിയെ കൊല്ലം നായേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൈയ്ക്ക് പൊട്ടലുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും തുടര്‍ന്ന് അടുത്ത ദിവസം ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷവും കുട്ടിയെ കുറിച്ച് വിവരമില്ലാത്തതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ അന്വേഷിച്ചപ്പോഴാണ് അനസ്‌തേഷ്യാ നല്‍കിയപ്പോള്‍ മരുന്നിന്റെ അളവ് കൂടുകയും അപകടാവസ്ഥയിലുള്ള കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തതെന്നാണ് പിതാവ് പറയുന്നത്. ഇതിനകം മൂന്ന് ലക്ഷം രൂപ ചികില്‍സയ്ക്കായി ഇവര്‍ക്ക് ചെലവായിട്ടുണ്ട്. ആശുപത്രിയിലെ ചികില്‍സാ പിഴവ് സംബന്ധിച്ച് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, പോലിസ്, മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. ആരോഗ്യ രംഗത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവാണിതെന്നും ഇതിനെ ചികില്‍സാ പിഴവെന്ന് വ്യാഖ്യാനിക്കാനാവില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Next Story

RELATED STORIES

Share it