ernakulam local

ചികില്‍സാ ധനസഹായാര്‍ഥം ഗിന്നസ് സുധീര്‍ 12 മണിക്കൂര്‍ പാടി

പറവൂര്‍: രണ്ടരവര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുന്ന യുവതിക്കും കാന്‍സര്‍ ബാധിതയായ 15 കാരിക്കും വേണ്ടി ഗിന്നസ് സുധീര്‍ തുടര്‍ച്ചയായി പാടിയത് 12 മണിക്കൂര്‍.
ഹൃദയത്തില്‍ കാരുണ്യത്തിന്റെ ഉറവ വറ്റാത്ത സുമനസുകള്‍ ഒന്നിച്ചപ്പോള്‍ പിരിഞ്ഞത് രണ്ടേകാല്‍ ലക്ഷത്തോളം രൂപ. മഠത്തുംപടി ചാക്കാട്ടിക്കുന്ന് ലിനിഷ, പുത്തന്‍വേലിക്കര സ്വദേശിനിയായ വിദ്യാര്‍ഥിനി എന്നിവരുടെ ചികിത്സാ സഹായനിധി സ്വരൂപിക്കലായിരുന്നു ലക്ഷ്യം. രണ്ടര വര്‍ഷം മുന്‍പ് വിവാഹ നിശ്ചയത്തിന് ശേഷം തമിഴ്‌നാട്ടില്‍ തീര്‍ഥാടനത്തിന് കുടുംബസമേതം പോയി മടങ്ങുമ്പോഴുണ്ടായ അപകടത്തില്‍ തലക്കേറ്റ ക്ഷതംമൂലം അബോധാവസ്ഥയിലായതാണ്.
ഇതേ അപകടത്തില്‍ കാലിന് ഗുരുതര പരിക്കേറ്റ അമ്മയും കിടപ്പിലാണ്. പിതാവാകട്ടെ മനസികാസ്വാസ്ഥ്യത്തിലും.
ഇളയസഹോദരി ഇപ്പോള്‍ നഴ്‌സിങ്ങിന് പഠിക്കുകയാണ്. മറ്റുള്ളവരുടെ സഹായത്താല്‍ നിത്യവൃത്തി കഴിച്ചുകൂട്ടുന്ന കുടുംബത്തിന് ലിനിഷക്കു ശരിയായ ചികിത്സ നല്‍കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ നിശബ്ദമായെങ്കിലും കരയുന്നുണ്ട്. ഇത് കുടുംബത്തിന് പ്രതീക്ഷ നല്‍കുന്നു. ഇപ്പോള്‍ വിദഗ്ധ ചികിത്സ നല്‍കിയാല്‍ ലിനിഷ എഴുന്നേറ്റ് നടക്കും എന്നവര്‍ വിശ്വസിക്കുന്നു.
ഇതറിഞ്ഞാണ് 21 യുവാക്കളുടെ കൂട്ടായ്മയായ ടീം ഓഫ് ലോര്‍ഡ് മാസ്റ്റര്‍ ഗിന്നസ് സുധീറും ഒന്നിച്ചു ധനശേഖരണാര്‍ത്ഥം ജീവിതത്തിലേക്ക് ഒരു കൈത്താങ്ങ് എന്ന പേരില്‍ ഗാനയജ്ഞ സംഘടിപ്പിച്ചത്. ഇതിനു മുന്നോടിയായി 30 രൂപയുടെ സമ്മാന കൂപ്പണും അടിച്ചിറക്കിയിരുന്നു.
വലിയ പിന്തുണയാണ് സംരംഭത്തിന് ജനങ്ങള്‍ നല്‍കിയതെന്ന് സംഘാടകര്‍ പറഞ്ഞു. പുത്തന്‍വേലിക്കര ടാക്‌സി സ്റ്റാന്‍ഡില്‍ നടന്ന പരിപാടി കനിവിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന പ്രിയ അച്ചു ഉദ്ഘാടനം ചെയ്തു. പുത്തന്‍വേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി വി ലാജു അധ്യക്ഷത വഹിച്ചു.
എസ്‌ഐ ഇ വി ഷിബു, ഫാദര്‍ ഫ്രാന്‍സര്‍ കുരിശിങ്കല്‍, കരുണന്‍ മാസ്റ്റര്‍, ഫ്രാന്‍സിസ് വലിയപറമ്പില്‍, എ എന്‍ രാധാകൃഷ്ണന്‍, സി എസ് സുരേഷ്, തുടങ്ങി വിവിധ തുറകളിലുള്ളവര്‍ പങ്കെടുത്തു. ഏതാനുംപേര്‍ വാഗ്ദാനം ചെയ്തിട്ടുള്ള തുക കൂടി ലഭിച്ചാല്‍ ഉടനെ തുക ഏല്‍പ്പിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it