Flash News

ചികില്‍സാ ആനുകൂല്യം: ആരോഗ്യമന്ത്രിക്കെതിരേ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: അനര്‍ഹമായി ചികില്‍സാ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ പരാതിയെത്തുടര്‍ന്നാണ് മന്ത്രിക്കെതിരേ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് യൂനിറ്റ് ഒന്നിനാണ് അന്വേഷണച്ചുമതല. എസ്പി കെ ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ആരോഗ്യമന്ത്രി അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്നാണ് പരാതി. ചികില്‍സാ റീ-ഇംബേഴ്‌സ്‌മെന്റിനായി മന്ത്രി വ്യാജകണക്കുകള്‍ നല്‍കിയെന്നാണ് ആരോപണം. പരാതിയില്‍ കഴമ്പുണ്ടോയെന്നാണ് വിജിലന്‍സ് ആദ്യം പരിശോധിക്കുന്നത്. മന്ത്രിയുടെ ഭര്‍ത്താവും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ കെ ഭാസ്‌കരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ അരലക്ഷത്തിലേറെ രൂപ സര്‍ക്കാരില്‍ നിന്ന് ഈടാക്കിയെന്നാണ് പ്രധാന ആരോപണം. ആശുപത്രിയിലെ ചികില്‍സാരേഖകള്‍ സമര്‍പ്പിച്ചാണ് പണം കൈപ്പറ്റിയത്. എന്നാല്‍, കൃത്യമായ രേഖകള്‍ സമര്‍പ്പിച്ചല്ല പണം നേടിയതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.  മുനിസിപ്പാലിറ്റി ചെയര്‍മാനും സ്‌കൂള്‍ ഹെഡ്മാസ്റ്ററുമായിരുന്ന ഭര്‍ത്താവിനെ മന്ത്രി തന്റെ ആശ്രിതനെന്നാണ് രേഖകളില്‍ പറഞ്ഞിട്ടുള്ളത്. സര്‍ക്കാര്‍ പെന്‍ഷന്‍ പറ്റുന്ന ഒരാള്‍ക്കുവേണ്ടി അക്കാര്യം മറച്ചുവച്ച് പണം ഈടാക്കിയതാണ് സ്വജനപക്ഷപാതമായി പരാതിയില്‍ പറയുന്നത്. ഇതു കൂടാതെ സര്‍ക്കാര്‍ ചെലവില്‍ 28,000 രൂപയ്ക്ക് മന്ത്രി കണ്ണട വാങ്ങി ധൂര്‍ത്ത് നടത്തിയെന്നും പരാതിയിലുണ്ട്. പ്രാഥമിക പരിശോധന നടത്തി പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ മാത്രമേ വിജിലന്‍സ് തുടര്‍നടപടികളിലേക്കു കടക്കൂ. അതേസമയം, അനര്‍ഹമായി ആനുകൂല്യങ്ങള്‍ പറ്റിയെന്ന ആരോപണം മന്ത്രി നിഷേധിച്ചിരുന്നു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി കെ കെ ശൈലജ പെരിന്തല്‍മണ്ണയില്‍ പറഞ്ഞു. വാര്‍ത്താ ലേഖകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അവര്‍.
Next Story

RELATED STORIES

Share it