ernakulam local

ചികില്‍സാപിഴവ് മൂലം യുവതി മരിച്ച സംഭവംഅന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഡോക്ടര്‍ അവധിയില്‍

മട്ടാഞ്ചേരി: കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സാ പിഴവ് മൂലം യുവതി മരിക്കാനിടയായ സംഭവത്തില്‍ കുറ്റാരോപിതനായ ഡോക്ടറെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തും. അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ ഡോക്ടറെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. ഇടക്കൊച്ചി സ്വദേശി സുധീറിന്റെ മകള്‍ ഐശ്വര്യ ദേവി(18) യാണ് ബുധനാഴ്ച മരിച്ചത്. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ കുട്ടപ്പന്‍ ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. മരുന്നിന്റെ അലര്‍ജിയാണ് മരണ കാരണമെന്നാണ് പ്രാഥമികമായി മനസ്സിലായതെന്നും യുവതിക്ക് ആവശ്യമായ ചികില്‍സ ആശുപത്രിയില്‍ നിന്നും ലഭിച്ചെന്നും അലര്‍ജിയെ തുടര്‍ന്നുണ്ടായ അവസ്ഥ പരിഹരിക്കുവാന്‍ ആശുപത്രിയില്‍ സംവിധാനമില്ലാത്തതിനാല്‍ റഫര്‍ ചെയ്തതായാണ് മനസ്സിലാക്കുവാന്‍ കഴിഞ്ഞതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ പറയുവാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേസിന്റെ അന്വേഷണ ചുമതല മട്ടാഞ്ചേരി അസി.കമ്മീഷ്ണര്‍ എസ് വിജയന് കൈമാറി. തോപ്പുംപടി എസ്‌ഐ സി ബിനുവില്‍ നിന്ന് കേസ് സംബന്ധിച്ച രേഖകള്‍ അസി. കമ്മീഷ്ണര്‍ ഏറ്റുവാങ്ങി. കേസില്‍ ആശുപത്രി ജീവനക്കാരുടേയും യുവതിയുടെ ബന്ധുക്കളുടേയും മൊഴികള്‍ എടുക്കുമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്നും അസി.കമ്മീഷ്ണര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കുകയും റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു. യുവതിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നിലെത്തി പ്രതിഷേധിച്ചതും ഏറെനേരം സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
Next Story

RELATED STORIES

Share it