wayanad local

ചികില്‍സയില്‍ പിഴവെന്ന് ആരോപണം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ സമരം നടത്തി

കല്‍പ്പറ്റ: ചികില്‍സാ പിഴവ് വരുത്തി യുവാവിന്റെ കാലിന്റെ പരിക്ക് ഗുരുതരാക്കിയെന്നാരോപിച്ചും അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ സമരം നടത്തി. മുട്ടില്‍ സ്വദേശി തറാട്ട് ഷമീറി(22)നാണ് ലിയോ ആശുപത്രിയിലെ ചികില്‍സാ പിഴവുമൂലം പരിക്ക് ഗുരുതരമായത്. 2015 ജൂണില്‍ വെള്ളാരംകുന്നില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ഷമീറിന്റെ കാലിന് പരിക്കേറ്റു. കാലിന്റെ മുട്ടിനു മുകളിലും താഴെയുമായി മൂന്നിടത്ത് എല്ലുപൊട്ടി.
ഒരു മാസം ലിയോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞു. കാലിന്റെ മുട്ടിനു മുകളിലും താഴെയുമായി രണ്ടിടത്ത് കമ്പിയിട്ടു. ഒരു മാസത്തെ ചെലവായി 1,45,000 രൂപ അടച്ചാണ് ഷമീറിന്റെ നിര്‍ധന കുടുംബം ആശുപത്രിയില്‍ നിന്നു പോയത്. എന്നാല്‍, ആറു മാസം കഴിഞ്ഞിട്ടും കാല്‍ അനക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, പഴുപ്പ് ബാധിക്കുകയും ചെയ്തു. കഴിഞ്ഞ ജനുവരി 20ന് വീണ്ടും ആശുപത്രിയില്‍ കാണിക്കുകയും 31ന് അഡ്മിറ്റ് ആവുകയും ചെയ്തു.
പരിശോധനയില്‍ പൊട്ടിയ എല്ലിന്‍ കഷ്ണങ്ങള്‍ കാലിനുള്ളില്‍ കുടുങ്ങിയതിനാലാണ് പഴുപ്പെന്നു മനസ്സിലായതായും തുടര്‍ന്നുള്ള ചികില്‍സ സൗജന്യമായി ചെയ്തുകൊടുക്കാമെന്ന് ഡോക്ടറും ആശുപത്രി അധികൃതരും പറഞ്ഞതായും ഷമീര്‍ പറഞ്ഞു. എന്നാല്‍, കഴിഞ്ഞ ഒരു മാസമായി ഒരു ചികില്‍സയും നല്‍കിയില്ലെന്നു മാതാവ് ജമീല പറഞ്ഞു. ചികില്‍സ നല്‍കാനും ഡിസ്ചാര്‍ജ് ചെയ്യാനും അധികൃതര്‍ തയ്യാറായില്ല.
ആശുപത്രിയിലെത്തിയ സിപിഎം കണിയാമ്പറ്റ ലോക്കല്‍ കമ്മിറ്റി അംഗം ഇ ജെ ഫിലിപ്പുകുട്ടി പ്രശ്‌നത്തില്‍ ഇടപെട്ടതോടെയാണ് വിവരം നാട്ടുകാര്‍ അറിയുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ആശുപത്രിയിലെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഡിസ്ചാര്‍ജ് വാങ്ങിയതിനു ശേഷം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ആശുപത്രിക്കു മുന്നില്‍ ഷമീറിനെയും കിടത്തി സമരം നടത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നേതാക്കളുമായി ചര്‍ച്ചയ്ക്കു തയ്യാറായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആംബുലന്‍സില്‍ എത്തിച്ച് തല്‍ക്കാലം ചികില്‍സാ ചെലവ് വഹിക്കാനും പിഴവ് സംഭവിച്ചുവെന്നു വ്യക്തമായാല്‍ മുഴുവന്‍ ചെലവും ഏറ്റെടുക്കാനും ആശുപത്രി അധികൃതര്‍ സമ്മതിച്ചു. വി ഹാരിസ്, ഇ ജെ ഫിലിപ്പുകുട്ടി, പി എം ഷംസുദ്ദീന്‍, ഷൈജല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it