thiruvananthapuram local

ചികില്‍സയിലിരുന്ന മകന്‍ മരിച്ചതില്‍ ദുരൂഹതയെന്ന് മാതാവ്

കല്ലമ്പലം: ചികില്‍സയിലിരുന്ന മകന്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മാതാവ് പരവൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
പരവൂര്‍ നെടുങ്ങോലം ഗവ. ആശുപത്രിയില്‍ ചികില്‍സയിലിരുന്ന തന്നെയും മകനെയും ഇറക്കിവിടാന്‍ നെടുങ്ങോലം ഗവ. ആശുപത്രി ജീവനക്കാര്‍ പതിനെട്ടടവും പയറ്റിനോക്കിയെന്നും പോകാനൊരിടമില്ലാത്തതുകൊണ്ടാണ് പോകാതിരുന്നതെന്നും പരാതിയില്‍ പറയുന്നു. ഇത് ആശുപത്രി ജീവനക്കാരെ പ്രകോപിതരാക്കിയെന്നും കഴിഞ്ഞ മാര്‍ച്ച് 24നു മകനെ ഇവര്‍ കൊന്നുവെന്നുമാണ് അമ്മയുടെ പരാതി.
മൃതദേഹം മറവുചെയ്യാന്‍ ആശുപത്രി ജീവനക്കാര്‍ തിടുക്കം കാട്ടിയെന്നും എന്നാല്‍ വിട്ടുകൊടുക്കാതെ ആരുടെയൊക്കെയോ സഹായത്തോടെ നാവായിക്കുളം പഞ്ചായത്തില്‍ നിന്ന് മുമ്പു ലഭിച്ച മൂന്നു സെന്റ് വസ്തുവില്‍ മകന്റെ മൃതദേഹം മറവു ചെയ്തുവെന്നും ഗോമതിയമ്മ നിറകണ്ണുകളോടെ പറയുന്നു.
അന്നു മുതല്‍ മകന്റെ ഫോട്ടോയും ആശുപത്രിരേഖകളുമായി ഗോമതിയമ്മ പരവൂര്‍ പോലിസ് സ്‌റ്റേഷന്‍ മുതല്‍ മന്ത്രിമന്ദിരങ്ങളില്‍ വരെ നീതി തേടി അലയുകയാണ്. നാവായിക്കുളം ചിറ്റായിക്കോട് കശുവണ്ടി ഫാക്ടറിക്കു സമീപം ഉദയഗിരി കോളനിയിലെ ഒരു വൃദ്ധയുടെ വീട്ടിലാണ് ആരോരുമില്ലാത്ത ഗോമതിയമ്മയുടെ അന്തിയുറക്കം. ഇനി പുതിയ സര്‍ക്കാരിലാണ് ഇവരുടെ പ്രതീക്ഷ.വര്‍ഷങ്ങളോളം ഗോമതിയമ്മയുടെ വീട് തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ 5ാം വാര്‍ഡിലായിരുന്നു. കൂടെ ഏക മകന്‍ ജയകുമാറും. കിടപ്പാടം വരെ നഷ്ടപ്പെട്ടെങ്കിലും മകന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നു കരുതിയ അമ്മയ്ക്ക് തെറ്റി. ഇവര്‍ക്ക് താങ്ങും തണലുമായി നിന്ന ഒരു ഡോക്ടര്‍ സ്ഥലം മാറിപ്പോയതോടെ ഇവരുടെ കഷ്ടകാലവും ആരംഭിച്ചു. ആശുപത്രി ജീവനക്കാര്‍ വഴക്കു തുടങ്ങി.
തലയിലെ ഞരമ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് 28ാമത്തെ വയസ്സില്‍ ജയകുമാറിന്റെ ശരീരം തളര്‍ത്തിയത്. ഒരു പനി വന്നതോടെയായിരുന്നു തുടക്കം. കുറച്ചു ദിവസങ്ങളോളം ആ പനി നീണ്ടുനിന്നു. പിന്നീടത് മാറിയെങ്കിലും വീണ്ടും വന്നു.
അപ്പോള്‍ സംസാരശേി നഷ്ടമായി. നടക്കാനും വയ്യാതായി. 60 കഴിഞ്ഞ ഗോമതിയമ്മ ആകെയുണ്ടായിരുന്ന 20 സെ ന്റ് വസ്തുവും വീടും വിറ്റ് മകനെ ചികില്‍സിച്ചു. ആദ്യം സ്വകാര്യ ആശുപത്രികളിലായിരുന്നു ചികില്‍സ. കൈയിലുള്ള പണം തീരുന്നതുവരെ നല്ല ചികില്‍സ ലഭിച്ചു. പണം തീര്‍ന്ന—പ്പോള്‍ അവര്‍ പുറത്താക്കി.
പിന്നെ സര്‍ക്കാര്‍ ആശൂപത്രികളായിരുന്നു അഭയം. കൂടുതല്‍ കാലം ജനറല്‍ ആശുപത്രിയില്‍. ജീവനക്കാരുടെ ക്രൂരത അതിരുകവിഞ്ഞപ്പോള്‍ വര്‍ക്കല താലൂക്കാശുപത്രി. പിന്നെ മണമ്പൂര്‍ ഗവ. ആശുപത്രി. ഒടുവില്‍ പരവൂര്‍ നെടുങ്ങോലം ഗവ. ആശുപത്രിയില്‍ അന്ത്യം. മകനെയും കൊണ്ട് മറ്റെവിടെയെങ്കിലും പോവാന്‍ പലകുറി നിര്‍ബന്ധിച്ചെങ്കിലും താന്‍ തയ്യാറായില്ലെന്നും തുടര്‍ന്നാണ് മകനെ ഇല്ലാതാക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായതെന്നാണ് ഗോമതിയമ്മയുടെ ആരോപണം.
Next Story

RELATED STORIES

Share it