ചാവക്കാട് സ്റ്റേഷനില്‍ നിന്ന് മൂന്ന് പ്രതികള്‍ രക്ഷപ്പെട്ടു; രണ്ടുപേര്‍ പിടിയില്‍

ചാവക്കാട്: പോലിസ് ചോദ്യംചെയ്യാന്‍ വാങ്ങിയ മൂന്ന് റിമാന്‍ഡ് പ്രതികള്‍ ചാവക്കാട് സ്‌റ്റേഷനില്‍ നിന്നു രക്ഷപ്പെട്ടു. ഇവരില്‍ രണ്ടു പേരെ പിന്നീടു പിടികൂടി. തീരമേഖലയില്‍ വളര്‍ത്തുമൃഗങ്ങളെ മോഷ്ടിച്ച കേസില്‍ ചാവക്കാട് കോടതി റിമാന്‍ഡ് ചെയ്ത നാലംഗ സംഘത്തില്‍പ്പെട്ട മലപ്പുറം പാലപ്പെട്ടി മാലിക്കുളം വീട്ടില്‍ ഫര്‍ഷാദ് (20), ചാവക്കാട് കടപ്പുറം തൊട്ടാപ്പ് സുനാമികോളനിയില്‍ കുട്ടിയാലി വീട്ടില്‍ നാഫില്‍ (19), ചാവക്കാട് കടപ്പുറം ആറങ്ങാടി പുളിഞ്ചോട് സ്വദേശി സഹറൂഫ് (18) എന്നിവരാണു ചൊവ്വാഴ്ച രാത്രി 11ഓടെ ചാവക്കാട് പോലിസ് സ്‌റ്റേഷനില്‍ നിന്നു രക്ഷപ്പെട്ടത്.
ഇവരില്‍ ഫര്‍ഷാദിനെ ഇന്നലെ രാവിലെ പാലക്കാട് നിന്നും സഹറൂഫിനെ രാത്രിയോടെ കോയമ്പത്തൂരില്‍ നിന്നും പിടികൂടി. ചാവക്കാട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇവരെ ചൊവ്വാഴ്ച്ച രാവിലെയാണു ചോദ്യംചെയ്യാന്‍ ചാവക്കാട് പോലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. പിന്നീട് പ്രതികളെ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി തിരിച്ച് സ്‌റ്റേഷനില്‍ കൊണ്ടു വന്നു.
കേസിലെ മറ്റൊരു പ്രതിയായ വെങ്കിടങ് തൊയക്കാവ് രായംമരക്കാര്‍ വീട്ടില്‍ ജാബിറി (44)നെ നെഞ്ചുവേദനയെ തുടര്‍ന്നു പോലിസ് മുതുവട്ടൂര്‍ രാജാ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്താണ്  മൂന്നു പേരും രക്ഷപ്പെട്ടത്. സ്റ്റേഷനു പുറകിലെ ചെറിയ വാതിലിന്റെയും ഭിത്തിയുടെയും വിടവിലൂടെ മൂന്നുപേരും രക്ഷപ്പെട്ടുവെന്നാണു കരുതുന്നത്. തൃശൂര്‍പൂരം ഡ്യൂട്ടിക്ക് പോയതിനാല്‍ സ്റ്റേഷനില്‍ മൂന്നു പോലിസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
പ്രതികള്‍ രക്ഷപ്പെട്ടതോടെ പോലിസ് ഇവരുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു. ചാവക്കാട് സ്റ്റേഷനില്‍ നിന്നു രക്ഷപ്പെട്ട ശേഷം ഫര്‍ഷാദും സഹറൂഫും മോഷ്ടിച്ച ബൈക്കില്‍ പാലക്കാട് ഭാഗത്തേക്കു കടന്നു. ഇതിനിടെ ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നു.
തുടര്‍ന്നു ബൈക്ക് തള്ളികൊണ്ടു പോകവെ  വാഹന പരിശോധനയ്ക്കിറങ്ങിയ പാലക്കാട് മങ്കര പോലിസിന് സംശയം തോന്നി. പോലിസ് കൈകാണിച്ചു. ഇതോടെ ബൈക്ക് ഉപേക്ഷിച്ച് രണ്ടുപേരും ഓടിയെങ്കിലും ഫര്‍ഷാദിനെ പോലിസ് പിടികൂടി. പാലക്കാട് നിന്നു കോയമ്പത്തൂരിലേക്കു കടന്ന സഹറൂഫ് ഇവിടെ വച്ചാണ് കോയമ്പത്തൂര്‍ പോലിസിന്റെ പിടിയിലായത്. എടക്കഴിയൂര്‍ പഞ്ചവടിയില്‍ നിന്നു പോത്തിനെ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പോലിസ് പിടിയിലായത്.
Next Story

RELATED STORIES

Share it