thrissur local

ചാവക്കാട് നഗരസഭ ബജറ്റ്: കാര്‍ഷിക-വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍ഗണന'

ചാവക്കാട്: കാര്‍ഷിക-പശ്ചാത്തല-വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കി 2016-17 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 26,58,94,385 രൂപ ചെലവും 30,72, 03,540 രൂപ വരവും 4,13,09, 154 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ് അവതരിപ്പിച്ചത്. ചാവക്കാടിന്റെ സാ ംസ്‌ക്കാരിക പാരമ്പര്യം വിളിച്ചോതുന്ന രീതിയില്‍ പ്രൗഢമായ നിലയിലേക്ക് നഗര കേന്ദ്രത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ 50 ലക്ഷം രൂപ ചെലവിട്ട് 'ചന്തമുള്ള ചാവക്കാട്' എന്ന പദ്ധതി തയ്യാറാക്കും. കടലാസ് രഹിത ഓഫീസ് എന്ന ലക്ഷ്യത്തില്‍ നഗരസഭ ഓഫിസ് ഫയലുകളെല്ലാം ഐകെഎമ്മിന്റെ സഹായത്തോടെ കംപ്യൂട്ടറൈസ്ഡ് ചെയ്ത് ഹൈടെക് ഓഫിസാക്കി മാറ്റും. മുട്ടില്‍ പാടശേഖരത്തിലെ നെല്‍കൃഷി പുനരാരംഭിക്കും. കാര്‍ഷിക ആവശ്യത്തിനുള്ള പമ്പ് സെറ്റ് വിതരണം, തെങ്ങ് കൃഷിക്ക് ജൈവ വള വിതരണം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കും.
താലൂക്ക് ആശുപത്രിയില്‍ ഓട്ടോമാറ്റിക്ക് അനലൈസര്‍ സ്ഥാപിക്കും. പുതുതായി പണി തീര്‍ക്കുന്ന ലേബര്‍ കോപ്ലക്‌സിലേക്ക് വേണ്ട സാമഗ്രികളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് മുന്തിയ പരിഗണന നല്‍കും. ഉറവിട സംസ്‌ക്കരണത്തിന് നവീന പദ്ധതി നടപ്പിലാക്കും. ചാവക്കാടിന്റെ ജൈവ വൈവിധ്യവും വിഭവ ഭൂപട സാധ്യതകളും സമഗ്രമായി പഠന വിധേയമാക്കുന്നതിന് ആസൂത്രണ ബോര്‍ഡിന്റെ സഹായത്തോടെ അഞ്ചു ലക്ഷം രൂപ ചെലവില്‍ ഭൂപടം തയ്യാറാക്കും.
അഞ്ചു കോടി ചെലവിട്ട് ടൗണ്‍ ഹാളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. നഗരസഭയിലെ വീടില്ലാത്ത എല്ലാവര്‍ക്കും വീട് പദ്ധതിക്ക് രണ്ടു കോടി രൂപ ബജറ്റില്‍ വക—യിരുത്തി. ഭൂരഹിത ഭവന രഹിതര്‍ക്കായി തിരുവത്ര മുട്ടില്‍ പ്രദേശത്ത് ഫഌറ്റ് പണിത് നല്‍കും. അഞ്ചു ലക്ഷം രൂപ ചെലവില്‍ ടൗണ്‍ ലൈബ്രറി സ്ഥാപിക്കും. വഞ്ചിക്കടവ് ചില്‍ഡ്രന്‍സ് പാര്‍ക്ക് ഒരു കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കും. നിലവിലെ മുനിസിപ്പല്‍ ഓഫീസ് നവീകരണത്തിന് 20 ലക്ഷം രൂപ ചെലവഴിക്കും.
നഗരസഭയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി, എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം, വിദ്യാര്‍ഥിനികള്‍ക്ക് കരാത്തെ പരിശീലനം എന്നിവ നടപ്പിലാക്കും. നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. ബജറ്റിന്‍മേലുള്ള ചര്‍ച്ച് ഇന്ന് രാവിലെ 11ന് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Next Story

RELATED STORIES

Share it