thrissur local

ചാവക്കാട് താലൂക്കിലെ റേഷന്‍ കടകളില്‍ ഇ-പോസ് മെഷീനുകള്‍ വിതരണം ചെയ്തു

ചാവക്കാട്: ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി താലൂക്കിലെ റേഷന്‍ കടകളില്‍ ഇപോസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍) മെഷീനുകള്‍ നല്‍കിത്തുടങ്ങി. ചാവക്കാട് താലൂക്കില്‍ നാലു ഫര്‍ക്കകളിലായി 184 മെഷീനുകള്‍ ഇന്നലെ വിതരണം ചെയ്തു.
ചാവക്കാട് ഫര്‍ക്കയില്‍ 47, മുല്ലശ്ശേരി ഫര്‍ക്കയില്‍ 47, വാടാനപ്പള്ളി ഫര്‍ക്കയില്‍ 45, വടക്കേകാട് ഫര്‍ക്കയില്‍ 45 എന്ന കണക്കിലാണ് മെഷീനുകള്‍ നല്‍കിയത്. റേഷന്‍ കട നടത്തിപ്പുകാര്‍ക്ക് മെഷീര്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് പരിശീലന ക്ലാസ് നല്‍കിയ ശേഷമായിരുന്നു വിതരണം. റേഷന്‍ കടയിലെ ഗുണഭോക്തൃ പട്ടികയും വിഹിതവും ഉള്‍പ്പെടുന്ന വിവരങ്ങള്‍ മെഷീനില്‍ ക്രോഡീകരിച്ചിട്ടുണ്ട്. ഇപോസ് മെഷീനില്‍ കാര്‍ഡിലുള്ള ഏതെങ്കിലും ഒരു അംഗത്തിന്റെ വിരലടയാളം പതിച്ചാല്‍ മാത്രമേ ഇനി റേഷന്‍ വാങ്ങാനാവൂ. കാര്‍ഡില്‍ പേരില്ലാത്തവരുടെ വിരലടയാളം മെഷീന്‍ നിരസിക്കും. വര്‍ഷങ്ങങ്ങളായി കുടുംബസമേതം വിദേശത്തും മറ്റു ദൂരസ്ഥലങ്ങളിലും താമസിക്കുന്നവര്‍ക്ക് ഇത് തീരുമാനം തിരിച്ചടിയായി. അതേസമയം കുറഞ്ഞ ഭക്ഷ്യധാന്യ അലോട്ട്‌മെന്റുള്ളവര്‍ക്ക് ഇപോസ് മെഷീന്‍ വഴിയുള്ള റേഷന്‍ വിതരണം താളം തെറ്റുമെന്നു റേഷന്‍ കടയുടകമള്‍ പറയുന്നു.
ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ഇപോസ് മെഷീനുമായി ബന്ധിപ്പിച്ചാണ് റേഷന്‍ വിതരണം. റേഷന്‍ കടയിലെത്തുന്ന ഉപഭോക്താവ് മെഷീനില്‍ വിരലടയാളം നല്‍കുമ്പോള്‍ ആധാര്‍ ഡേറ്റാബേസില്‍ നിന്ന് വിഹിതം സംബന്ധിച്ച വിവരം ലഭ്യമാകും. ഇതിന്റെ പ്രിന്റൗട്ട് നല്‍കുന്നതിനൊപ്പം ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറില്‍ സന്ദേശവുമെത്തും.
ഇന്റര്‍നെറ്റ് കണക്ഷനുള്ള ചെറിയ മെഷീനുകളാണ് റേഷന്‍ കടകള്‍ക്കായി സര്‍ക്കാര്‍ വാങ്ങിയിരിക്കുന്നത്. ഇപോസ് മെഷീനുകള്‍ കടകളില്‍ സ്ഥാപിക്കുന്നതോടെ 45 മുതല്‍ 73 ക്വിന്റല്‍ വരെ അരി എടുക്കുന്ന കടയുടമകള്‍ക്ക് പ്രതിമാസം 16,000 രൂപ മാത്രമാണ് സര്‍ക്കാര്‍ വേതനം നല്‍കുക. ഇതില്‍ നിന്നു വേണം കടമുറി വാടകയും സഹായിയായ ജീവനക്കാരന്റെയും ശമ്പളവും വൈദ്യുതി ചാര്‍ജും യാത്രാബത്തയും മറ്റു ചെലവുകളും. ബാക്കിയുള്ളതു കൊണ്ട് ജീവിതച്ചെലവ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നും കടയുടമകള്‍ ചോദിക്കുന്നു.
Next Story

RELATED STORIES

Share it