thrissur local

ചാവക്കാട്ട് കുടിവെള്ളത്തിന്റെ നിലവാരം കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നു

ചാവക്കാട്: ഹോട്ടലുകളിലും കൂള്‍ബാറുകളിലും വിവാഹ ചടങ്ങുകളിലും നല്‍കുന്ന കുടിവെള്ളത്തിന്റെ നിലവാരവും ഉപയോഗിക്കുന്ന ഐസ്, ഐസ് ക്രീം എന്നിവയുടെ നിലവാരവും കര്‍ശന പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനം.
ചാവക്കാട് നഗരസഭയുടെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ രോഗ പ്രതിരോധ പരിപാടികളുടെ ഭാഗമായി ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനം.
വാര്‍ഡ് സാനിറ്റേഷന്‍ സമിതിയുടെ പ്രവര്‍ത്തങ്ങള്‍ ശക്തിപ്പെടുത്താനും സന്നദ്ധ പ്രവര്‍ത്തകരെ ഉപേയോഗിച്ച് ഈഡിസ് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിക്കാനുമുള്ള ഗൃഹ സന്ദര്‍ശന പരിപാടികള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.
കൃഷി വകുപ്പിന്റെ സഹകരണത്തോടെ മാലിന്യ സംസ്‌ക്കരണത്തിനായി ബയോഗ്യാസ് പ്ലാന്റുകള്‍ കൂടുതല്‍ വീടുകളിലേക്ക് വ്യാപിപ്പിക്കും.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സ്‌ക്രീനിങ് ക്യാംപുകള്‍ നടത്തും. കോസ്റ്റല്‍ മെഡിക്കല്‍ മൊബൈല്‍ ടീമിന്റെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും.
പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുന്ന സ്ഥലത്ത് അലോപ്പതി, ആയുര്‍വേദം, ഹോമിയോ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ആയുഷ് മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷാ സുരേഷ്, ആശുപത്രി സൂപ്രണ്ട് ഡോ. എ എ മിനിമോള്‍, നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ എ മഹേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it