thrissur local

ചാവക്കാട്ട്് ഗതാഗതം പുനര്‍ക്രമീകരിക്കണം: താലൂക്ക് വികസനസമിതി

ചാവക്കാട്: നഗരത്തിലെ ഗതാഗതം പുനര്‍ക്രമീകരിക്കണമെന്ന് താലൂക്ക് വികസനസമിതിയോഗത്തില്‍ ആവശ്യം. ഒന്നരവര്‍ഷംമുമ്പ് നടപ്പാക്കിയ സമ്പൂര്‍ണ വണ്‍വേ സമ്പ്രദായത്തിനെതിരേ ഉയര്‍ന്ന ആക്ഷേപങ്ങളെത്തുടര്‍ന്ന് ഇരുചക്രവാഹനങ്ങള്‍ക്കും മുച്ചക്രവാഹനങ്ങള്‍ക്കും വണ്‍വേ സമ്പ്രദായം എടുത്തുകളഞ്ഞിരുന്നു.
ഇതോടെ നഗരത്തില്‍ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായി. ഈ സാഹചര്യത്തിലാണ് പുനര്‍ക്രമീകരണം വേണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നത്. നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ വെച്ചിട്ടുള്ള ബാരിക്കേഡുകള്‍ മാറ്റി ഗതാഗതം സുഗമമാക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. നേരത്തെയുണ്ടായിരുന്ന രീതിയിലേക്ക് ഗതാഗതം കൊണ്ടുവരണമെന്നാണ് ആവശ്യം. ഈ ആവശ്യം പരിഗണിക്കാവുന്നതാാണെന്ന് യോഗത്തില്‍ പങ്കെടുത്ത പോലിസ്, ആര്‍ടിഒ പ്രതിനിധികള്‍ അറിയിച്ചു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അടിയന്തരമായിച്ചേര്‍ന്ന് താലൂക്ക് വികസനസമിതിയോഗത്തില്‍ ഉയര്‍ന്ന ആവശ്യം പരിഗണിക്കുമെന്ന് തഹസില്‍ദാറും അറിയിച്ചു.
റോഡിന്റെ വശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളുടെ ആവശ്യം കഴിഞ്ഞാല്‍ ഉടന്‍ ബന്ധപ്പെട്ടവര്‍ മാറ്റണമെന്നും ഇല്ലെങ്കില്‍ പോലിസ് നടപടിയെടുക്കണമെന്നും സമിതിയോഗം നിര്‍ദേശിച്ചു. ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ പോലിസ് നടത്തുന്ന പല ഇടപെടലുകളും വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നതായി പോലിസിനെ പ്രതിനിധാനംചെയ്യുന്നവര്‍ യോഗത്തില്‍ പരാതിപ്പെട്ടു.
ദേശീയപാത 17ലെ അപകടങ്ങളുടെ വര്‍ധന കണക്കിലെടുത്ത് എടക്കഴിയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാക്കണമെന്നും ഇതിനായി ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മത്തിക്കായലിന്റെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ അനുവദിച്ചാല്‍ 10 ലക്ഷം രൂപ നല്‍കാമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യോഗത്തെ അറിയിച്ചു. താലൂക്ക് ഓഫീസില്‍ ജനറേറ്റര്‍ അനുവദിക്കുക, മന്ദലാംകുന്ന് പാലത്തിലെ തകരുന്ന അപ്രോച്ച് റോഡിന്റെ പുനര്‍നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുക, കുടിവെള്ളമില്ലാത്ത മേഖലകളില്‍ ജലഅതോറിറ്റി വെള്ളമെത്തിക്കുക, ചക്കംകണ്ടം മേഖലയിലെ മാലിന്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, വാടാനപ്പള്ളി സെന്ററില്‍ സീബ്രാലൈന്‍ വരയ്ക്കുക, വാടാനപ്പള്ളി മേഖലയില്‍ പടരുന്ന തൊണ്ടവീക്കം അസുഖത്തിനെതിരേ പ്രതിരോധനടപടികള്‍ കൈക്കൊള്ളുക തുടങ്ങിയ ആവശ്യങ്ങങ്ങളും യോഗത്തില്‍ ഉയര്‍ന്നു. എടക്കഴിയൂര്‍ മേഖലയില്‍ വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹൃദയ എടക്കഴിയൂര്‍ സംഘടന നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളെ ഏല്‍പ്പിക്കാനും തീരുമാനിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ കെ പ്രേംചന്ദ്, വിവിധപഞ്ചായത്ത് പ്രസിഡന്റുമാരായ കെ ആഷിദ, അബു വടക്കയില്‍, ഉദയന്‍ തോട്ടപ്പിള്ളി, ഷിജിത്ത് വടുക്കുഞ്ചേരി സംസാരിച്ചു.
Next Story

RELATED STORIES

Share it