kannur local

ചാല ഗ്യാസ് ടാങ്കര്‍ ദുരന്തം : 63 ലക്ഷം നല്‍കണമെന്നു കോടതി



തലശ്ശേരി: കണ്ണൂര്‍ ചാലയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാചകവാതക ടാങ്കര്‍ലോറി പൊട്ടിത്തെറിച്ച് അപകടം സംഭവിച്ച 17 കേസുകളിലായി 62,93,600 രൂപയും ഒമ്പത് ശതമാനം പലിശയും നഷ്ടപരിഹാരമായി നല്‍കാന്‍ എംഎസിടി ജഡ്ജ് ഉത്തരവിട്ടു. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയതിനു ശേഷമുള്ള 17 ഹരജികളിലാണ് കോടതി തീര്‍പ്പുകല്‍പിച്ചത്. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്. 2012 ആഗസ്ത് 27ന് രാത്രി 11.30ഓടെ ചാല ബൈപാസിലാണ് കേസിനാസ്പദമായ സംഭവം. മംഗലാപുരത്തെ പ്ലാന്റില്‍നിന്ന് പാചകവാതകവുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ബുള്ളറ്റ് ടാങ്കര്‍ലോറി ബൈപാസിലെ ഡിവൈഡറില്‍ തട്ടി മറിയുകയും ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ദുരന്തത്തില്‍ 20 പേരാണ് ദാരുണമായി മരിച്ചത്. നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ടാങ്കര്‍ ദുരന്തമായിരുന്നു ചാലയിലേത്. അപകടത്തില്‍ ഗ്യാസ് ടാങ്കര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റ ഭാഗത്തുനിന്ന് കടുത്ത വീഴ്ചയുണ്ടായതായി ബോധ്യപ്പെട്ടിട്ടും മതിയായ നഷ്ടപരിഹാരം നല്‍കാന്‍ അവര്‍ തയ്യാറായിട്ടില്ല. പകരം സംസ്ഥാന സര്‍ക്കാരാണ് നഷ്ടപരിഹാരത്തുക നല്‍കിയത്. അപകടത്തില്‍പ്പെട്ട ടാങ്കറിലുണ്ടായിരുന്നത് ഐഒസി പ്ലാന്റില്‍നിന്നുള്ള പാചകവാതകമാണെന്നത് ഒഴിച്ചാല്‍ മറ്റു ബാധ്യതകളൊന്നും കോര്‍പറേഷന്‍ ഏറ്റെടുത്തിരുന്നില്ല. അപകടത്തില്‍ മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലും കോര്‍പറേഷന്‍ ശേഖരിച്ചിട്ടില്ല. പോലിസ് ഉള്‍പ്പെടെ മറ്റേതെങ്കിലും ഏജന്‍സികള്‍ ദുരന്തം സംബന്ധിച്ച് നടത്തിയ അന്വേഷണത്തെക്കുറിച്ചും ഐഒസിക്ക് വിവരങ്ങളില്ല. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും അഭ്യര്‍ഥനയെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അപകടത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നു അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രി ജയപാല്‍ റെഡ്ഡി നേരത്തെ അറിയിച്ചിരുന്നു. ഒടുവില്‍ സംസ്ഥാന സര്‍ക്കാരിന് 2.6 കോടി രൂപ കൈമാറി ഐഒസി തടിയൂരി. ഇതാവട്ടെ സര്‍ക്കാര്‍ നേരത്തെ നല്‍കിയ തുകയില്‍ റീ ഇംപേഴ്‌സ്‌മെന്റായി തിരിച്ചുപിടിക്കുകയാണ്  ചെയ്തത്. ടാങ്കര്‍ ദുരന്തം റോഡപകടമായി പരിഗണിക്കണമെന്നും അതിനാല്‍ ദുരന്തത്തിനിരയായവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാനാവില്ലെന്നു ഐഒസി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ചാല ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരവും ആവശ്യപ്പെട്ടുള്ള ഹരജിയിലായിരുന്നു സത്യവാങ്മൂലം.
Next Story

RELATED STORIES

Share it