malappuram local

ചാലിയാറിലെ വെള്ളം മലിനമായി; ആശങ്കയോടെ ജനം

അരീക്കോട്: വേനലായതോടെ ചാലിയാറിലെ വെള്ളം മലിനമായി. വേനലിന്റെ തുടക്കത്തില്‍ വാഴക്കാട് ഊര്‍ക്കടവ് റഗുലേറ്ററിന്റെ ഷട്ടറുകള്‍ പൂര്‍ണമായും താഴ്ത്തിയതോടെ വെള്ളത്തിന്റെ ഒഴുക്ക് നിലക്കുകയും പുഴയിലേക്ക് കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ തള്ളിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനാലാണ് വെള്ളം മലിനമാവുന്നത്.
ചാലിയാറിന്റെ കൈവരിയായ ചെറുപുഴയിലെ വെള്ളവും മലിനമായിട്ടുണ്ട്. കുളിക്കാനും വസ്ത്രം അലക്കുന്നതിനും ചാലിയാറിനെ ആശ്രയിക്കുന്നവര്‍ വീടുകളിലെ മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും പുഴയിലേക്ക് തള്ളുന്നതും പതിവാണ്. ചാലിയാറിലും ചെറുപുഴയിലും കുളിക്കാനും വസ്ത്രം അലക്കാനും സ്ഥിരമായി എത്തുന്നവര്‍ക്ക് ദേഹമാസകലം ചൊറിച്ചിലും വൃണങ്ങളും അനുഭവപ്പെടുന്നുണ്ട്. ഒരുമാസം മുമ്പ് നിറവ്യത്യാസം അനുഭപ്പെട്ട വെള്ളം ഏതാനും ദിവസങ്ങളായി പച്ച നിറത്തിലാണ് കാണപ്പെടുന്നത്. പായലുകള്‍ കെട്ടികിടക്കുന്ന ഭാഗങ്ങളില്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ട്. ചാറിയാറില്‍ നിന്നാണ് മഞ്ചേരി നഗരസഭ, കോഴിക്കോട് കോര്‍പറേഷന്‍, വിവിധ പഞ്ചായത്തുകളിലേക്കും കുടിവെള്ളം എത്തിക്കുന്നത്. ഏഴ് പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ചീക്കോട് കുടിവെള്ള പദ്ധതിക്ക് ആവശ്യമായ കുടിവെള്ളവും ചാലിയാറില്‍നിന്നു തന്നെയാണ് സംഭരിക്കുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ആവശ്യമായ ശുദ്ധ ജലം ചീക്കോട് പദ്ധതിയില്‍ നിന്നു കണ്ടെത്താനാണ് ധാരണ. അതുപ്രകാരം വരും നാളുകളില്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലും ചാലിയാറിലെ മലിനജലംതന്നെയാവും വിതരണം ചെയ്യുക. വേനല്‍ കടുത്തതോടെ ചാലിയാറിന് സമീപത്തുള്ള കിണറുകളിലെല്ലാം വെള്ളം വറ്റി തുടങ്ങിയതിനാല്‍ സമീപവാസികളും കുടിവെള്ളത്തിനായി ചാലിയാറിനെയാണ് ആശ്രയിക്കുന്നത്.
ആവശ്യമായ ശുദ്ധീകരണ നടപടികള്‍ ഇല്ലാതെ ചാലിയാറിലെ വെള്ളം ഉപയോഗിക്കുന്നതിന്റെ ഭാഗമായി ജലജന്യ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത ഏറെയാണ്. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും ജലം ശുദ്ധീകരിക്കാനുള്ള യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുകയും ജലം മലിനപ്പെടുത്തുന്നവര്‍ക്കെതിരേ നിയമ നടപടികള്‍ കൈകൊള്ളുകയും ചെയ്യണമെന്ന് അരീക്കോട് മേഖലാ ജല സുരക്ഷാ സമിതി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it