Flash News

ചാലക്കുടി രാജീവ് കൊലപാതകം : അഡ്വ. ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞു



കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റായ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ അഡ്വ. സി പി ഉദയഭാനുവിനെതിരായ അറസ്റ്റ് അടക്കമുള്ള എല്ലാ നടപടികളും ഹൈക്കോടതി തടഞ്ഞു. ഉദയഭാനുവിനെ കേസില്‍ സംശയിക്കുന്നുണ്ടോയെന്ന് ഇന്നലെ ഹരജി പരിഗണിച്ചയുടന്‍ കോടതി ചോദിച്ചു. കേസില്‍ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ പങ്കു സംശയിക്കുന്നുണ്ടെന്നും അന്വേഷണം തുടങ്ങിയിട്ട് രണ്ടു ദിവസമേ ആയുള്ളൂയെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസിന്റെ വിശദാംശങ്ങളും സാഹചര്യവും വ്യക്തമായും സ്പഷ്ടമായും അറിയണമെന്നു കോടതി പറഞ്ഞു. കേസിലെ പ്രതി ഉദയഭാനുവിനെ ഫോണിലൂടെ ബന്ധപ്പെട്ടിട്ടേയുള്ളൂ. ഇവിടെ സംശയിക്കുന്ന ഉദയഭാനു ക്രിമിനല്‍ അഭിഭാഷകനാണെന്നും ടെലിഫോണ്‍ വിളിയുടെ പേരില്‍ പ്രതിയാക്കുകയാണെങ്കില്‍ എല്ലാ ക്രിമിനല്‍ അഭിഭാഷകരെയും പ്രതിയാക്കാവുന്നതാണെന്നും കോടതി പറഞ്ഞു. പോലിസ് വ്യക്തമായ നിലപാടു സ്വീകരിക്കുകയാണു വേണ്ടത്.ഗൂഢാലോചന സംബന്ധിച്ച വെറും അറിവു മാത്രം കൊണ്ട് ഒരാളെ കേസില്‍ പ്രതിയാക്കാനാവില്ല. തെളിവുകള്‍ വ്യക്തമായി സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണമെന്നു കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് കേസ് ഈ മാസം 16ലേക്ക് മാറ്റിവച്ചു. കേസിലെ ഒരു പ്രതിയുടെ റിമാന്‍ഡ് റിപോര്‍ട്ടില്‍ ഉദയഭാനുവിനെക്കുറിച്ചു പരാമര്‍ശമുണ്ടെന്നും അറസ്റ്റ് ചെയ്യുമോയെന്നു ഭീതിയുണ്ടെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. 32 വര്‍ഷമായി അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നയാളാണു താനെന്നു ഹരജിയില്‍ ഉദയഭാനു ചൂണ്ടിക്കാട്ടി. പല വിവാദമായ കേസുകളിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ നിരവധി ശത്രുക്കളുണ്ടാവാം. മരിച്ച രാജീവ് തന്റെ കക്ഷിയായിരുന്നു. പല കേസുകളിലും അയാള്‍ക്കു വേണ്ടി ഹാജരായിരുന്നു. പാലക്കാട് ഒരു മാവിന്‍തോട്ടം വാങ്ങുന്നതുമായി ബന്ധപ്പെട്ടു മരിച്ചയാള്‍ 11.5 ലക്ഷം രൂപ വായ്പയായി വാങ്ങിയിരുന്നു. മകള്‍ക്ക് അര്‍ബുദമെന്നു പറഞ്ഞു വേറെ തുകയും വാങ്ങി. പിന്നീട് വഞ്ചിക്കപ്പെടുകയാണെന്നു മനസ്സിലായതിനാല്‍ ആലുവ എസ്പിക്കു പരാതി നല്‍കി. അറസ്റ്റ് ഭയന്ന ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇതു കോടതി തള്ളി. തുടര്‍ന്നു പോലിസ് പീഡനം ആരോപിച്ചും പോലിസ് സംരക്ഷണം ആവശ്യപ്പെട്ടും രാജീവും മകനും ഹരജി നല്‍കി. ഇതു കോടതി തീര്‍പ്പാക്കി. താന്‍ ഭീഷണിപ്പെടുത്തിയെന്ന് ഒരിക്കല്‍പ്പോലും ഈ ഹരജികളില്‍ പരാതിക്കാരന്‍ പറയുന്നില്ല. മാത്രമല്ല, പോലിസ് സംരക്ഷണം ആവശ്യപ്പെട്ടു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കിയതുമില്ല. ഇതു തന്റെ നിരപരാധിത്വം തെളിയിക്കുന്നതാണ്. പ്രശ്‌നങ്ങളുണ്ടായാല്‍ താന്‍ നിയമപരമായ മാര്‍ഗങ്ങള്‍ മാത്രമേ തേടാറുള്ളൂവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it