thrissur local

ചാലക്കുടി ഫയര്‍‌സ്റ്റേഷന് സ്വന്തമായി കെട്ടിടം; ചിരകാല സ്വപ്‌നത്തിന് ചിറക് വിരിയുന്നു



ചാലക്കുടി: ചാലക്കുടി ഫയര്‍‌സ്റ്റേഷന് സ്വന്തമായി കെട്ടിടം എന്ന ചിരകാല സ്വപ്‌നത്തിന് ചിറക് വിരിയുന്നു. കെട്ടിടം നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ ജീവനക്കാര്‍ ആഹ്ലാദത്തിലായി. ഇത് സംബന്ധിച്ചുള്ള ബി ഡി ദേവസ്സി എംഎല്‍എയുടെ സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചാലക്കുടി ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മാണത്തിലേക്കായി ചാലക്കുടി വില്ലേജില്‍ സര്‍വേ നമ്പര്‍. 435/1, 437/1, 437/2ല്‍ ഉല്‍പ്പെട്ട 1.4812 ഹെക്ടര്‍ സ്ഥലത്ത് നിന്നും 50സെന്റ് സ്ഥലം ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസ് വകുപ്പിന് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ച് വരികയാണ്. ഇത് ലഭ്യമാവുന്ന മുറയ്ക്ക് ഫയര്‍ സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മറുപടിയില്‍ പറയുന്നു. വാര്‍ഷിക പദ്ധതി വിഹിതമുപയോഗിച്ച് വാഹനങ്ങളും ഉപകരണങ്ങളും വാങ്ങുന്ന മുറയ്ക്ക് ആവശ്യകത പരിശോധിച്ച് ചാലക്കുടി നിലയത്തിന് നല്‍്കുന്ന കാര്യവും പരിഗണിക്കുമെന്നും മുക്യമന്ത്രി എം എല്‍എ യുടെ സബ്മിഷനുള്ള മറുപടിയില്‍ വ്യക്തമാക്കി. നിലവില്‍ ഫയര്‍‌സ്റ്റേഷന്‍ നഗരസഭ വക വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 1989ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ കെട്ടിടത്തിന്റെ നില അതീവ ശോചനീയമാണ്. അറ്റകുറ്റപണികള്‍ നടത്താതിനെതുടര്‍ന്ന് കെട്ടിടം ജീര്‍ണ്ണാവസ്ഥയിലാണ്. പലയിടത്തും കോണ്‍ക്രീറ്റ് അടര്‍ന്ന് ഇരുമ്പ് കമ്പികളെല്ലാം പുറത്താണ്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ഓഫിസില്‍ കുടചൂടി ഇരിക്കേണ്ട ഗതിഗേടാണിപ്പോള്‍ ഇവിടെയുള്ള ജീവനക്കാര്‍ക്ക്. മുപ്പത്തിനാല് ജീവനക്കാരാണിപ്പോള്‍ ഇവിടെയുള്ളത്. മതിയായ സൗകര്യമില്ലാത്തതിനെതുടര്‍ന്ന് ഗ്യാരേജിലാണ് പലരും വിശ്രമിക്കുന്നത്. ടോയ്‌ലറ്റിന്റെ സൗകര്യവും പരിമിതമാണ്. ഈ കെട്ടിടത്തിലെ ആകെയുള്ള ഒരു ടോയ്‌ലറ്റിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. 2008 -09 കാലഘട്ടത്തില്‍ ട്രഷറിക്ക് എതിര്‍ഭാഗത്ത് ഫയര്‍ സ്റ്റേഷന്‍ കെട്ടിടത്തിനായി അമ്പത് സെന്റ് സ്ഥലം കണ്ടെത്തിയിരുന്നു. ഇതിന്റെ പ്ലാനും സ്‌കച്ചും തയ്യാറാക്കിയെങ്കിലും അന്നത്തെ ഫയര്‍പോഴ്‌സ് ഉദ്യോഗസ്ഥര്‍ തുടര്‍നടപടികള്‍ സ്വീകരിക്കാഞ്ഞതിനെതുടര്‍ന്ന് അന്ന് ആ പദ്ധതി നിലയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അനുകൂല നിലപാട് ജീവനക്കാരില്‍ പുതിയ പ്രതീക്ഷ ഉയര്‍ത്തിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it