ernakulam local

ചാലക്കുടി, പെരിയാര്‍ പുഴകളിലെ ബണ്ട് നിര്‍മാണം അവസാനഘട്ടത്തില്‍

നെടുമ്പാശേരി: വേനല്‍ക്കാലത്തെ നേരിടാന്‍ ചാലക്കുടിപുഴയ്ക്കും പെരിയാറിനും കൈവഴികള്‍ക്കും കുറുകെയുള്ള ബണ്ടുകളുടെ നിര്‍മാണം അവസാനഘട്ടത്തിലായി. കുന്നുകരയില്‍ ചെറിയതേക്കാനം, കോരന്‍കടവ്, പുത്തന്‍വേലിക്കരയില്‍ കണക്കന്‍കടവ് എന്നിവിടങ്ങളിലെ ബണ്ട് നിര്‍മാണം ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുല്ല സന്ദര്‍ശിച്ചു.ജലസേചനത്തിനും കുടിവെള്ളത്തിനും പെരിയാറിനെയും ചാലക്കുടിപുഴയെയും ആശ്രയിക്കുന്നവര്‍ക്ക് ഉപകാരപ്രദമാവും ബണ്ടുകളുടെ നിര്‍മാണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കുന്നുകരയില്‍ ചെറിയതേക്കാനം താല്‍ക്കാലിക ബണ്ടിന്റെ നിര്‍മാണം ഇന്നലെ വൈകീട്ടോടെ പൂര്‍ത്തിയായി. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള ഈ ബണ്ട് നിര്‍മാണത്തിന് ഏഴര ലക്ഷം രൂപയാണ് ചെലവ്. കോരന്‍കടവില്‍ ബണ്ട് നിര്‍മാണം മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. പെരിയാറിന് കുറുകെ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ഈ ബണ്ടുകള്‍ കുന്നുകര, കരുമാലൂര്‍ പഞ്ചായത്തു നിവാസികള്‍ക്ക് പുറമെ പെരിയാറിനെ കുടിവെള്ളത്തിനും കൃഷിക്കുമായി ആശ്രയിക്കുന്നവര്‍ക്കും ഗുണപ്രദമാവും. കോരന്‍കടവിലെ ബണ്ട് നിര്‍മാണത്തിന് പത്തുലക്ഷം രൂപയാണ് ചെലവ്. ഈ ബണ്ടുകള്‍ക്കു പുറമെ കഴിഞ്ഞവര്‍ഷം കമ്മീഷന്‍ ചെയ്ത പുറപ്പിള്ളിക്കാവ് റെഗുലേറ്ററും ഉപ്പുവെളളം പെരിയാറിലേക്ക് കയറുന്നത് തടയും. കഴിഞ്ഞവര്‍ഷം ജനുവരി അവസാനവാരത്തിലാണ് ബണ്ടുകള്‍ നിര്‍മിച്ചത്. ഉപ്പുവെള്ളം കയറിയത് കഴിഞ്ഞവര്‍ഷം കുടിവെള്ള, കൃഷി മേഖലകളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇക്കുറി ജില്ലാ കലക്ടര്‍ ഇടപെട്ട് നേരത്തെ തന്നെ ബണ്ട് നിര്‍മാണം തുടങ്ങുകയായിരുന്നു. പുത്തന്‍വേലിക്കരയിലെ ചെട്ടിക്കാട്, ആലങ്ങാട് പഞ്ചായത്തിലെ മാങ്കുഴിത്തോട്, പോച്ചേരിക്കല്‍ കടവ് എന്നിവിടങ്ങളിലും ഉപ്പുവെള്ളം കയറാതിരിക്കാന്‍ ബണ്ടുകള്‍ ഡിസംബറില്‍ നിര്‍മിച്ചിരുന്നു. മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന കണക്കന്‍ കടവിലെ മണല്‍ബണ്ട് നിര്‍മാണം പൂര്‍ത്തിയായി. ബണ്ടിന്റെ ഉയരം കൂട്ടലാണ് ഇപ്പോള്‍ നടക്കുന്നത്. ഡ്രെഡ്ജര്‍ ഉപയോഗിച്ച് പുഴയില്‍ നിന്ന് മണല്‍ വാരിയെടുത്താണ് മണല്‍ബണ്ട് നിര്‍മിച്ചത്. പുത്തന്‍വേലിക്കര പഞ്ചായത്തിനു പുറമെ തൃശൂര്‍ ജില്ലയിലെ പഞ്ചായത്തുകളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. 25 ലക്ഷം രൂപയാണ് കണക്കന്‍കടവ് ബണ്ടിന് ചെലവായത്.ദുരന്ത നിവാരണവിഭാഗം ഡെപ്യുട്ടികലക്ടര്‍ ഷീലാദേവി, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, പുത്തന്‍വേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി വി ലാജു, മൈനര്‍ ഇറിഗേഷന്‍ വകുപ്പിലെ പി എം വില്‍സണ്‍, മേജര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരായ ഇക്ബാല്‍ സെയ്തുമുഹമ്മദ് തുടങ്ങിയവരും ജില്ലാ കലക്ടറോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it