ചാര്‍ജ് വര്‍ധന ജ. രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം

തിരുവനന്തപുരം: ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ നിശ്ചയിച്ച ബസ് ചാര്‍ജ് വര്‍ധന പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ നടപ്പാക്കുക മാത്രമാണു കെഎസ്ആര്‍ടിസി ചെയ്തതെന്നു സിഎംഡി ടോമിന്‍ ജെ തച്ചങ്കരി.
ഉല്‍സവസമയങ്ങളില്‍ നടത്തുന്ന സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്ക് 30 ശതമാനം അധിക ചാര്‍ജ് ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം തന്നെ കെഎസ്ആര്‍ടിസിക്ക് അവകാശമുണ്ട്. മുന്‍ ഉല്‍സവകാലങ്ങളില്‍ നിന്നു വ്യത്യസ്തമായി പ്രളയദുരന്തത്തെ തുടര്‍ന്ന് പമ്പയിലും പരിസര പ്രദേശങ്ങളിലും റോഡും കെട്ടിടങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കും നാശനഷ്ടം നേരിട്ടിരുന്നു. ഇതേത്തുടര്‍ന്ന്, നിലയ്ക്കല്‍ ബേസ് ക്യാംപായി മാറ്റി. വളരെ വിപുലമായ രീതിയിലാണ് ഇപ്പോള്‍ പമ്പ-നിലയ്ക്കല്‍ സര്‍വീസ് കെഎസ്ആര്‍ടിസിക്ക് നടത്തേണ്ടി വന്നത്. സാധാരണ ഉല്‍സവകാലങ്ങളില്‍ നടത്തുന്ന എല്ലാ തയ്യാറെടുപ്പുകളും ഈ സമയത്തു നടത്തേണ്ട സ്ഥിതിവിശേഷമാണ് ഉണ്ടായിരുന്നത്. മാത്രമല്ല സര്‍ക്കാര്‍ നിരക്ക് നിശ്ചയിക്കുമ്പോള്‍ ഉണ്ടായിരുന്ന വിലയേക്കാള്‍ 10 രൂപയിലധികം ഒരു ലിറ്റര്‍ ഡീസലിന് വിലവര്‍ധനയും ഉണ്ടായിട്ടുണ്ട്. നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രകാരം തന്നെ ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 41 രൂപ ഈടാക്കാന്‍ അനുവാദമുണ്ട് എന്നിരിക്കെ കെഎസ്ആര്‍ടിസി 40 രൂപ മാത്രമാണ് ഈടാക്കുന്നത്. എന്നിട്ട് പോലും ദിവസവും നാലര ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഈ സര്‍വീസില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ബസ് ചാര്‍ജ് വര്‍ധന നടപ്പാക്കുന്നതു ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം സംസ്ഥാന ഗതാഗത വകുപ്പാണ്. ഈ നടപടിക്രമങ്ങളില്‍ ഒന്നിലും ഭാഗമല്ലാത്ത ധനകാര്യ വകുപ്പിനെയും ധനകാര്യമന്ത്രി തോമസ് ഐസക്കിനെയും ചാര്‍ജ് വര്‍ധനയ്ക്ക് സര്‍ക്കാരിലേക്ക് നിര്‍ദേശങ്ങള്‍ പോലും സമര്‍പ്പിച്ചിട്ടില്ലാത്ത കെഎസ്ആര്‍ടിസിയെയും ഈ വിഷയത്തിലേക്കു വലിച്ചിഴച്ച് വിവാദമുണ്ടാക്കുന്നതു ദുരുദ്ദേശ്യപരമാണ്.
ചാര്‍ജ് വര്‍ധനവിന് ഇടയാക്കിയ സാഹചര്യം സംബന്ധിച്ച് വിശദമായ പത്രക്കുറിപ്പും കെഎസ്ആര്‍ടിസി ഇതിനകം തന്നെ നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് അഡ്വ. ജയശങ്കര്‍ ഉയര്‍ത്തിയ വാദങ്ങള്‍ വസ്തുതാപരമായി ശരിയല്ല എന്നു പൊതുസമൂഹവും അയ്യപ്പഭക്തരും തിരിച്ചറിയണമെന്നും ടോമിന്‍ ജെ തച്ചങ്കരി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it