Flash News

ചാരായ കടത്ത് : ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹകും സഹോദരനും എക്‌സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ടു

ചാരായ കടത്ത് : ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹകും സഹോദരനും  എക്‌സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ടു
X

കാട്ടാക്കട: വ്യാജ മദ്യം പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ച് ചാരായ കടത്ത് സംഘാംഗങ്ങളായ ആര്‍ എസ് എസ് മണ്ഡല്‍ കാര്യവാഹകും സഹോദരനും രക്ഷപ്പെട്ടു. പരിക്കേറ്റ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആര്‍എസ്എസ് കുറ്റിച്ചല്‍ മണ്ഡല്‍ കാര്യവാഹക് കുറ്റിച്ചല്‍ ചാമുണ്ടി നഗര്‍ കിഴക്കുംകര വീട്ടില്‍ സുധനും, ഇയാളുടെ സഹോദരനും സജീവ ബിജെപി പ്രവര്‍ത്തകനുമായ ഉണ്ണിക്കുട്ടന്‍ എന്ന് വിളിക്കുന്ന സതീഷും ചേര്‍ന്നാണ് ആക്രമിച്ചത്. ഇരുവരും ഒളിവിലാണ്. ഇവരില്‍നിന്ന് അഞ്ച് ലിറ്റര്‍ വാറ്റ് ചാരായവും കടത്താന്‍ ഉപയോഗിച്ച ബൈക്കും പിടികൂടി .മാറനല്ലൂര്‍ മൂലക്കോണം ജങ്ഷന് സമീപത്തായിരുന്നു ആക്രമണം. നെയ്യാറ്റിന്‍കര ഭാഗത്ത് നിന്നും ബൈക്കില്‍ അഞ്ച് ലിറ്റര്‍ വാറ്റു ചാരായവുമായി ബൈക്കിലെത്തിയ സംഘത്തെ എക്‌സൈസ് സംഘം തടഞ്ഞ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം. സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ ആയ കള്ളിക്കാട് മൈലക്കര സ്വദേശി രജിത്ത്, ആര്യനാട് സ്വദേശി ജിതീഷ് എന്നിവരെ ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥരെ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
വ്യാജ ചാരായ വാറ്റ് കടത്ത് സംഘത്തലവന്‍മാരായ ഇരുവരും രണ്ടാംതവണയാണ് എക്‌സൈസിനെ ആക്രമിച്ച് രക്ഷപ്പെടുന്നത്. മേയ് ഒന്നിന് കാരിയോടിന് സമീപം നാറാണം എന്ന സ്ഥലത്തുനിന്ന് വ്യാജ ചാരായവുമായി ചാമുണ്ടിയെ ഉണ്ണിയെപിടികൂടിയിരുന്നു. ഇയാളെ വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ സഹോദരനായ സുധന്‍ വെട്ടുകത്തി ഉപയോഗിച്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ വെട്ടിവീഴ്ത്തിയ ശേഷം ജീപ്പും കൈവിലങ്ങുമായി രക്ഷപ്പെട്ടിരുന്നു. അടുത്ത ദിവസം നെയ്യാര്‍ ഡാം പോലീസ് സുധനെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. നെയ്യാര്‍ അണക്കെട്ടിന് മുന്‍ഭാഗത്ത് വച്ചാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. ജയിലിലായ ഇരുവരും അടുത്തയിടെയാണ് പുറത്തിറങ്ങിയത്.
സുധന്റെ പേരില്‍ പൂജപ്പുര, നെയ്യാര്‍ഡാം, മലയിന്‍കീഴ്, കാട്ടാക്കട പൊലീസ് സ്‌റ്റേഷനുകളില്‍ പിടിച്ചുപറി, മോഷണം, ആക്രമണം, വ്യാജ മദ്യകടത്ത് ഉള്‍പ്പടെ എട്ട് കേസുകള്‍ നിലവിലുണ്ട്. എക്‌സൈസ് സംഘത്തെ ആക്രമിച്ചതിനെതിരെ മാറനല്ലൂര്‍ പൊലീസ് കേസ് രജിസ്‌റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it