ചാരന്മാരെ കണ്ടെത്താന്‍ പൂനെ സൈനിക കേന്ദ്രം സന്ദര്‍ശിച്ചു: ഹെഡ്‌ലി

മുംബൈ: പാക് ചാരസംഘടനയായ ഐഎസ്‌ഐ—ക്കുവേണ്ടി ചാരന്മാരെ കണ്ടെത്തുന്നതിനായി പൂനെയിലെ ദക്ഷിണ കമാന്‍ഡ് സൈനികാസ്ഥാനം സന്ദര്‍ശിച്ചതായി ഡേവിഡ് ഹെഡ്‌ലിയുടെ മൊഴി. ഐഎസ്‌ഐയുടെ മേജര്‍ ഇഖ്ബാലിന്റെ നിര്‍ദേശപ്രകാരമായിരുന്നു സന്ദര്‍ശനം. സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നതിനാണ് 2009ല്‍ പൂനെ സൈനിക ആസ്ഥാനത്ത് എത്തിയതെന്നാണ് ഹെഡ്‌ലി വീഡിയോ കോണ്‍ഫറന്‍സിലൂടെ മൊഴി നല്‍കിയത്.

2009ല്‍ പൂനെ, ഗോവ, പുഷ്‌കര്‍ എന്നീ നഗരങ്ങള്‍ സന്ദര്‍ശിച്ചു. അല്‍ഖാഇദ നേതാവ് ഇല്യാസ് കശ്മീരിയുടെ നിര്‍ദേശപ്രകാരം ഈ നഗരങ്ങള്‍ നിരീക്ഷിച്ചതായും ഹെഡ്‌ലി മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്ന അന്വേഷണത്തില്‍ സാക്കിര്‍ റഹ്മാന്‍ ലഖ്‌വിക്കും ഹാഫിസ് സയ്യിദിനും മറ്റ് അല്‍ഖാഇദ അംഗങ്ങള്‍ക്കും ഒന്നും സംഭവിക്കാന്‍ പോവുന്നില്ലെന്നും ആക്രമണത്തിന്റെ പാക് ആസൂത്രകര്‍ പറഞ്ഞിരുന്നു. ഇന്ത്യയിലെ മൂന്ന് നഗരങ്ങളുടെയും പൂനെ ദക്ഷിണ കമാന്‍ഡ് സൈനിക ആസ്ഥാനത്തിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ഐഎസ്‌ഐ തലവന്‍ ഇഖ്ബാലിന് നല്‍കിയതായും ഹെഡ്‌ലി വ്യക്തമാക്കുന്നു.
മുംബൈ വിമാനത്താവളം, നാവിക ആസ്ഥാനം, സിദ്ധിവിനായകക്ഷേത്രം എന്നിവ ആക്രമിക്കാനും ഐഎസ്‌ഐ-അല്‍ഖാഇദ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇവിടങ്ങളിലെ ശക്തമായ സുരക്ഷാസംവിധാനങ്ങളുടെ പേരില്‍ പിന്തിരിയുകയായിരുന്നു. ശിവസേനാ നേതാക്കളുമായി അടുത്ത സമ്പര്‍ക്കത്തിനു ശ്രമിച്ച താന്‍ സേനാ അംഗം രാജാറാം രെഗേയുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. ശിവസേനാ ആസ്ഥാനം ആക്രമിച്ച് നേതാവ് ബാല്‍ താക്കറെയെ അല്‍ഖാഇദ വധിക്കാന്‍ ഉദ്ദേശിക്കുന്നതായി ധരിപ്പിച്ചതായും പ്രത്യേക ജഡ്ജി ജി എ സനാബ് മുമ്പാകെ ഹെഡ്‌ലി മൊഴി നല്‍കി.
Next Story

RELATED STORIES

Share it