ചാരക്കേസ് വിധിയില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സുപ്രിംകോടതി വിധിച്ച നഷ്ടപരിഹാര തുകയായ 50 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി നമ്പി നാരായണന് തുക കൈമാറിയത്. നമ്പി നാരായണന്റെ നിശ്ചയദാര്‍ഢ്യമാണ് ഇത്തരത്തിലൊരു നഷ്ടപരിഹാരം ലഭിക്കാനിടയാക്കിയതെന്നു മുഖ്യമന്ത്രി പറഞ്ഞു.
സുപ്രിംകോടതിയുടെ ഈ വിധിയില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതുകൊണ്ടാണ് പരസ്യമായി തന്നെ സര്‍ക്കാര്‍ അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ കേസുകളില്‍ അന്വേഷണം നടക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരും അതു റിപോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളും ജാഗ്രത പുലര്‍ത്തണം. ചാരക്കേസില്‍ നമ്പി നാരായണന്‍ മാത്രമല്ല പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാവുക.
ഒരുപാട് പേര്‍ സ്വാഭാവികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാവും. ഈ കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയരംഗത്ത് കാണുന്ന ചില പ്രത്യേക പ്രവണത അതിശക്തമായി ഉയര്‍ന്നുവന്നിരുന്നു. അവസരം ഉപയോഗിച്ച് നിക്ഷിപ്ത അജണ്ട നടപ്പാക്കാന്‍ ശ്രമമുണ്ടായി. അതിനു പലരും നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്.
നേതൃത്വം നല്‍കിയത് ഇവിടെ മാത്രമായിരുന്നില്ല. രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചിരുന്നു. അന്വേഷണം നടത്തേണ്ട ഏജന്‍സികളെയും പ്രമുഖരെയും തങ്ങളുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്നില്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യവും സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചാരക്കേസ് സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് മുഖ്യമന്ത്രിയെന്ന് നമ്പി നാരായണന്‍ പറഞ്ഞു. ഈ കേസിന്റെ സത്യാവസ്ഥ മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ടാണ് സുപ്രിംകോടതി വിധി വേഗത്തില്‍ നടപ്പാക്കാന്‍ തയ്യാറായത്. അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരനെതിരായ ഗൂഢാലോചന മാത്രമല്ല, ഇതിനുപിന്നില്‍ വേറെയും ശക്തികളുണ്ടെന്നാണ് കരുതുന്നത്.
ഈ കേസിലൂടെ ഐഎസ്ആര്‍ഒയുടെ ക്രയോജനിക് പദ്ധതി 14 വര്‍ഷം പിന്നിലേക്ക് പോയി. ഇതിനു പിന്നില്‍ കളിച്ചവരെ കണ്ടെത്തണമെന്നു നമ്പി നാരായണന്‍ പറഞ്ഞു. മന്ത്രി ഇ ചന്ദ്രശേഖരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ പി ജയരാജന്‍, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ രാജു, ടി പി രാമകൃഷ്ണന്‍, സി രവീന്ദ്രനാഥ് സംബന്ധിച്ചു.

Next Story

RELATED STORIES

Share it