Flash News

ചാരക്കേസ് : മുസ്‌ലിം പേര് പറയാന്‍ നിര്‍ബന്ധിച്ചു - നമ്പി നാരായണന്‍



തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുസ്‌ലിം പേര് പറയാന്‍ നിര്‍ബന്ധിച്ചിരുന്നതായി കുറ്റാരോപിതനായ നമ്പി നാരായണന്റെ ആത്മകഥയായ ഓര്‍മകളുടെ ഭ്രമണപഥത്തില്‍ വെളിപ്പെടുത്തല്‍.അന്വേഷണത്തിനിടെ കള്ളത്തെളിവുകള്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഐബി ഉദ്യോഗസ്ഥര്‍ സൗഹൃദപൂര്‍വം തന്റെ മുസ്‌ലിം സുഹൃത്തിന്റെ പേര് ചോദിച്ചു. എപിജെ അബ്ദുല്‍ കലാം ഉള്‍പ്പെടെ പലരുടെയും പേര് പറഞ്ഞെങ്കിലും അതൊന്നും സ്വീകാര്യമായിരുന്നില്ല. ഒടുവില്‍ സഹപാഠിയായിരുന്ന വെറ്ററിനറി സര്‍ജനായി തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന അബൂബക്കറിന്റെ പേര് പറഞ്ഞു. തൊട്ടടുത്ത ദിവസം മറ്റൊരു ഉദ്യോഗസ്ഥന്‍ വന്ന് അബൂബക്കറിന്റെ വീട്ടില്‍ ഏതെല്ലാം ഡോക്യുമെന്റ്‌സ് വച്ചിട്ടുണ്ടെന്നു ചോദിച്ചപ്പോഴാണു സംഭവങ്ങളുടെ കിടപ്പ് മനസ്സിലാവുന്നത്. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധപ്പെടുത്തി തിരക്കഥ മെനയുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരു മുസ്‌ലിം പേരുകാരന്‍ ആവശ്യമായിരുന്നു. പിന്നീട് ആ സുഹൃത്ത് വഴി രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന് കഥയുണ്ടാക്കിയെന്നും ആത്മകഥയില്‍ ആരോപിക്കുന്നു. കേസിനു ബലം വേണമെങ്കില്‍ അതുപോലുള്ള 'പേരുകാരന്‍' ആവശ്യമായിരുന്നു. ചാരക്കേസ് അന്വേഷണസംഘത്തലവനായിരുന്ന സിബി മാത്യൂസിനെതിരെയും ആത്മകഥയില്‍ പരാമര്‍ശമുണ്ട്. വിവാദമായ കേസില്‍  വെറും രണ്ടര മിനിറ്റാണ് അന്വേഷണസംഘത്തലവനായിരുന്ന സിബി മാത്യൂസ് തന്നെ ചോദ്യംചെയ്തത്. എന്നാല്‍ കേസെല്ലാം അവസാനിച്ച ശേഷം നാലുവര്‍ഷം മുമ്പ്, സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വീട്ടില്‍ വച്ച് സിബി മാത്യൂസ് തന്നെ കണ്ടു. തന്നെക്കൊണ്ട് മറ്റുള്ളവര്‍ ചെയ്യിപ്പിച്ചതാണ് കേസെന്ന് സിബി മാത്യൂസ് ഏറ്റുപറഞ്ഞെന്നും നമ്പി നാരായണന്‍ എഴുതുന്നു. ചാരക്കേസിലെ യഥാര്‍ഥ ചാരസുന്ദരി മറിയം റഷീദയായിരുന്നില്ലെന്നും നമ്പി വെളിപ്പെടുത്തി. അമേരിക്കക്കാരിയായിരുന്ന ഒരു യുവതിയായിരുന്നു അവര്‍. ഇന്റലിജന്‍സ് ബ്യൂറോ ക്രാക്ക് കൗണ്ടര്‍ മേധാവിയായ രത്തന്‍ സെഗാള്‍ കെട്ടിച്ചമച്ച കഥകളാണ് അക്കാലത്ത് മാധ്യമങ്ങളില്‍ വന്നതെന്നും നമ്പി വ്യക്തമാക്കുന്നു. ചാരക്കേസ് ആരോപണം ഉയര്‍ന്നതു മുതല്‍ 52 ദിവസം നീണ്ട ജയില്‍വാസവും ഒടുവില്‍ കുറ്റവിമുക്തനാക്കപ്പെട്ടതുമെല്ലാം നമ്പി പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ രാജ്യത്തിന് പുറത്തുള്ളവര്‍ പ്രവര്‍ത്തിച്ചുവെന്ന് കഴിഞ്ഞദിവസം ആത്മകഥയുടെ പ്രകാശനച്ചടങ്ങില്‍ നമ്പി നാരായണന്‍ പറഞ്ഞിരുന്നു. കേസ് കെട്ടിച്ചമച്ചതിന് പിന്നില്‍ ചിലര്‍ക്ക് വ്യക്തമായ പങ്കുണ്ട്. ഇക്കാര്യത്തില്‍ പുതിയ ഒരു അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, നമ്പി നാരായണന്റെ ജീവചരിത്ര പുസ്തകത്തിലെ ആരോപണങ്ങള്‍ ഈവര്‍ഷം തന്നെ പുറത്തിറങ്ങിയ സിബി മാത്യുസിന്റെ നിര്‍ഭയം എന്ന ജീവചരിത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it