ചാരക്കേസ് പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു: ഹസന്‍

തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കോഴിക്കോട് നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ഏറെ കാലമായി മനസ്സിലുണ്ടായിരുന്ന വികാരമാണ് താന്‍ പ്രകടിപ്പിച്ചത്. ഇതുസംബന്ധിച്ച് എ ഗ്രൂപ്പില്‍ ആശയക്കുഴപ്പമുണ്ടോയെന്ന ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നായിരുന്നു മറുപടി. പ്രസ്താവനയ്ക്ക് മറ്റു വ്യാഖ്യാനങ്ങളോ അര്‍ഥങ്ങളോ നല്‍കേണ്ടതില്ലെന്നും ഹസന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ചാരക്കേസിന്റെ പേരില്‍ കെ കരുണാകരനെ രാജിവയ്പിക്കാന്‍ നടത്തിയ നീക്കത്തില്‍ കുറ്റബോധം ഉണ്ടെന്നാണ് ഹസന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്പിക്കാന്‍ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മന്‍ചാണ്ടിയോടും എ കെ ആന്റണി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു കെ കരുണാകരനെ നീക്കിയാല്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്നും ആന്റണി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതു കേള്‍ക്കാതെ കരുണാകരനെ രാജിവയ്പ്പിക്കാന്‍ ശ്രമിച്ചതില്‍ ഖേദിക്കുന്നുവെന്നുമാണ് കോഴിക്കോട് ഡിസിസിയില്‍ കെ കരുണാകരന്റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണച്ചടങ്ങില്‍ ഹസന്‍ പറഞ്ഞത്.
അതേസമയം, പുതിയ കെപിസിസി പ്രസിഡന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കെ, എം എം ഹസന്റെ ഉമ്മന്‍ചാണ്ടി വിരുദ്ധ പ്രസ്താവന എ ഗ്രൂപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്. ചാരക്കേസില്‍ കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയതിന് പിന്നില്‍ മുഖ്യപങ്ക് വഹിച്ചത് ഉമ്മന്‍ചാണ്ടിയാണന്ന് വരുത്തിത്തീര്‍ക്കുന്നതിലൂടെ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ പ്രതിച്ഛായ തകര്‍ക്കാനുള്ള ചിലരുടെ ശ്രമത്തിന് ഹസന്‍ ആയുധമായെന്നാണ് എ ഗ്രൂപ്പിലെ ഒരുവിഭാഗം ആരോപിക്കുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് ഉമ്മന്‍ചാണ്ടിയുടെ പേര് പരിഗണിക്കാനുള്ള രാഹുല്‍ഗാന്ധിയുടെ നീക്കത്തിന് തടയിടുകയാണ് ഇതിനു പിന്നിലുള്ള ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. സംസ്ഥാനത്ത് പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിനായതിനാല്‍ കെപിസിസി അധ്യക്ഷപദവി എ ഗ്രൂപ്പിനാണ്.
കെപിസിസിയുടെ താല്‍ക്കാലിക പ്രസിഡന്റായ ഹസന്‍ സ്ഥിരം പ്രസിഡന്റാവുന്നതിനോട് എ ഗ്രൂപ്പില്‍ അഭിപ്രായ ഐക്യമില്ലെന്നിരിക്കെ നിലവിലെ സാഹചര്യത്തില്‍ പൊതുവായ പേര് നിര്‍ദേശിക്കുകയെന്നത് ശ്രമകരമാവും.
അതേസമയം, ഐഎസ്ആര്‍ഒ ചാരക്കേസില്‍ കരുണാകരന്‍ രാജിവച്ചതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് കെ മുരളീധരന്‍. അനാവശ്യ വിവാദങ്ങള്‍ക്കുള്ള സമയമിതല്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.
ഹസന്‍, പറഞ്ഞത് മനസ്സിലുള്ള കാര്യമായിരിക്കുമെന്നും വിവാദത്തിനില്ലെന്നും മുരളീധരന്‍ ആവര്‍ത്തിച്ചു. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് എം എം ഹസന്റെ വെളിപ്പെടുത്തല്‍ ഗൗരവതരമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. അധികാരത്തിനുവേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ ഏതറ്റം വരെയും പോവുമെന്നതിന് തെളിവാണ് ഹസന്റെ വാക്കുകളിലുള്ളത്. കരുണാകരനെ സ്ഥാനഭ്രഷ്ടനാക്കാന്‍വേണ്ടി മെനഞ്ഞ കഥയാണോ ചാരക്കേസ് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഹസന് ബാധ്യതയുണ്ട്.  ഇതിന് അദ്ദേഹം തയ്യാറാവുന്നില്ലെങ്കില്‍ പോലിസ് ഹസനെ ചോദ്യംചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it