kozhikode local

ചാനിയംകടവ്-പേരാമ്പ്ര റോഡ് പ്രവൃത്തിയില്‍ ക്രമക്കേടെന്ന് ആരോപണം

പേരാമ്പ്ര: കിഫ്ബിയുടെ ഫണ്ടുപയോഗിച്ച് 24 കോടി രൂപ ചിലവില്‍പ്രവൃത്തി ആരംഭിച്ച പേരാമ്പ്ര-ചാനിയം കടവ് റോഡിന്റെ നിര്‍മാണത്തില്‍ വന്‍ ക്രമക്കേടെന്ന് ആരോപണം. പ്രവൃത്തിയുടെ ഡ്രെയ്‌നേജ് കോണ്‍ക്രീറ്റ് ചെയ്ത ഭാഗം കഴിഞ്ഞ ദിവസം മുയിപ്പോത്ത്-വായാട്ട് മുക്കില്‍ തകര്‍ന്ന് വീണപ്പോഴാണ് നാട്ടുകാര്‍ക്ക്് പ്രവൃത്തി നടക്കുന്ന ഭാഗങ്ങളിലൊക്കെ ഇത്തരം മോശമായ രീതിയിലാണ് പണിയെന്ന് മനസിലായത്. ചാനിയം കടവ് മുതല്‍ പേരാമ്പ്ര വരെ ഒമ്പത് കിലോമീറ്റര്‍ ദൂരത്തിലുളള ജോലിക്കാണ് 24 കോടി രൂപക്ക് കരാര്‍ നല്‍കിയത്.
ഗോവ ആസ്ഥാനമായ ബാബ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തത്.റോഡില്‍ ഇരു ഭാഗത്തും ഡ്രൈനേജും എരവട്ടൂര്‍, വളയിലോട്ട്കാവ്, പനച്ചുവട് ഭാഗത്തെ റോഡിന്റെ കയറ്റം കുറച്ചുമാണ് നിര്‍മാണം നടത്തേണ്ടത്. എന്നാല്‍ കയറ്റം കുറയ്ക്കുകയോ ഡ്രൈനേജ് സംവിധാനം കാര്യമായി ചെയ്യാനോ മുതിരാതെയാണ് പ്രവൃത്തിയെന്നാണ് ആരോപണം.
പിഡബ്ല്യൂഡി ഓവര്‍സിയര്‍മാരോ എന്‍ജിനിയര്‍മാരോ സ്ഥലത്തില്ലാത്ത അവസ്ഥയും നിര്‍മാണ വസ്തുക്കള്‍ സൂക്ഷിച്ച മുയിപ്പോത്ത് നിന്നും മിക്‌സ് ചെയ്ത് കാലത്ത് 6 മണിക്ക് തന്നെ സൈറ്റില്‍ എത്തിച്ച് പണി നടത്തുന്നത് കാരണം നാട്ടുകാര്‍ക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. പ്രവൃത്തിയിലെ ക്രമക്കേട് ചൂണ്ടി കാണിച്ചപ്പോള്‍ കരാറുകാര്‍ നാട്ടുകാരോട് തട്ടിക്കയറുകയാണ്. ഡ്രെയ്‌നേജ് തകര്‍ന്നു വീണ ഭാഗത്ത് മാറ്റി കോണ്‍ക്രീറ്റ് ചെയ്യാന്‍ തകൃതിയായ നീക്കം നടക്കുന്നുണ്ട്. എസ്റ്റിമേറ്റ് സംഖ്യയുടെ 16 % കുറച്ച് ടെന്‍ഡര്‍ എടുത്ത് ഊരാളുങ്കല്‍ സൊസൈറ്റിയെ കടത്തിവെട്ടിയാണ് ബാബ് ഗ്രൂപ്പ് ഈ പ്രവൃത്തി ഏറ്റെടുത്തത്. റോഡിന്റെ കോണ്‍ക്രീറ്റ് പണിയില്‍ ഇതുവരെ വേണ്ട അളവില്‍ സിമന്റും കമ്പിയും ഉപയോഗിച്ചിട്ടില്ലെന്ന് കാണാന്‍ കഴിയും. റോഡിന്റെ വീതി കൂട്ടുന്നതിലും രാഷ്ട്രീയ സ്വാധീനത്തില്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും ആരോപണമുയര്‍ന്നു.
Next Story

RELATED STORIES

Share it