malappuram local

ചാനല്‍ സംവാദത്തിനിടയില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

എടപ്പാള്‍: തദ്ദേശതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ചാനല്‍ സംവാദത്തിനിടെ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘട്ടനവും. സംഘട്ടനത്തില്‍ ഇരുവിഭാഗത്തില്‍ നിന്നുമായി നാലു പേര്‍ക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ എടപ്പാള്‍ ജംഗ്ഷനിലെ പട്ടാമ്പി റോഡിലെ മൈതാനിയിലായിരുന്നു സംഭവം. ജനം ടിവിയാണ് ചാനല്‍ സംവാദത്തിനായി എത്തിയത്. ചര്‍ച്ചയും മറുപടിയുമായി സംവാദം മുന്നേറുന്നതിനിടെ വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം മുസ്തഫ ബീഫ് നിരോധനത്തെ കുറിച്ച് അഭിപ്രായം ചോദിച്ചതോടെ പരിപാടിയുടെ അവതാരകന്‍ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഒരു സംഘം ഡിവൈഎഫ്‌ഐ,സിപിഎം പ്രവര്‍ത്തകര്‍ രംഗത്ത് വന്നതോടെ ബിജെപി പ്രവര്‍ത്തകരും സംഘടിച്ച് നേര്‍ക്കുനേര്‍ വന്ന് വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു.
സംഘട്ടനം തുടങ്ങിയതോടെ ഇരുവിഭാഗങ്ങളിലുമുണ്ടായിരുന്ന ഭൂരിപക്ഷം പ്രവര്‍ത്തകരും പരിപാടി നടക്കുന്ന സ്ഥലത്ത് നിന്നു പുറത്ത് പോയെങ്കിലും ടൗണിന്റെ ഇരുഭാഗത്തും നിന്നും തങ്ങളുടെ പ്രവര്‍ത്തകരെ വിളിച്ച് വരുത്തുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചങ്ങരംകുളം പോലിസ് ഇരുവിഭാഗത്തെയും വിരട്ടിയോടിച്ചതോടെയാണു രംഗം ശാന്തമായത്. സംഘട്ടനത്തെ തുടര്‍ന്ന് സംവാദം നിര്‍ത്തിവെച്ചു. ജനം ടിവിയുടെ മൈക്കും ബോക്‌സും നശിപ്പിച്ച പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
Next Story

RELATED STORIES

Share it