ചാനല്‍ സംഘത്തിനു നേരെ ആര്‍എസ്എസ് ആക്രമണം: മൂന്നുപേര്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍: പാണ്ടനാട് ന്യൂസ് ചാനല്‍ സംഘത്തിനു നേരെ ആര്‍എസ്എസ് ആക്രമണം. മൂന്നുപേര്‍ അറസ്റ്റില്‍. പാണ്ടനാട് കീഴ്വന്‍മഴി പാലനില്‍ക്കുന്നതില്‍ വീട്ടില്‍ വിപിന്‍ കുമാര്‍ (34), വിജയഭവനത്തില്‍ രാകേഷ്് ശശികലാധരന്‍ (39), മണലേല്‍ അഭിലാഷ് ഭവനത്തില്‍ അഭിലാഷ് (39) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് കൊല്ലം ചീഫ് റിപോര്‍ട്ടര്‍ കണ്ണന്‍ നായര്‍,ഡിഎസ്എന്‍ഡി വാഹനത്തിന്റെ ടെക്നീഷ്യന്‍ യു പ്രജീപ് കുമാര്‍, ഡ്രൈവര്‍ ശ്രീകാന്ത്, ഷാജി, ശ്രീധരന്‍, ഷാനവാസ്, ഷെരീഫ്, ബിജു ഭാസ്‌കരന്‍ എന്നിവര്‍ക്കാണ് പരിക്ക്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു ആക്രമണം. പ്രളയബാധിത പ്രദേശത്തെ 'ഒന്നിക്കാം മുന്നേറാം' എന്ന ചര്‍ച്ചാപരിപാടിയുടെ ഒരുക്കം പാണ്ടനാട് എസ്‌വിഎച്ച്എസ്എസില്‍ നടക്കുകയായിരുന്നു. സ്‌കൂള്‍ വളപ്പിനുള്ളില്‍ കയറിയ അക്രമിസംഘം അസഭ്യം പറഞ്ഞ് ചാനല്‍ സംഘത്തെ ആക്രമിച്ചു. ഡിഎസ്എന്‍ജി വാഹനത്തിന്റെ ടെക്നീഷ്യന്‍ പ്രദീപിന് നേരെയായിരുന്നു ആദ്യം കൈയേറ്റം. ഇദ്ദേഹത്തിന്റെ തലയ്ക്കും ചുമലിനും പരിക്കേറ്റു.ആക്രമണം തടയാന്‍ ശ്രമിക്കവെയാണ് കണ്ണന്‍ നായരെയും ശ്രീകാന്തിനെയും കൈയേറ്റം ചെയ്യുന്നത്. ഇരുവര്‍ക്കും മുഖത്തും തലയ്ക്കും പരിക്കുണ്ട്. ആക്രമണം തടയാന്‍ ശ്രമിക്കവെയാണ് ബാക്കിയുള്ളവര്‍ക്ക് പരിക്കേറ്റത്. ചാനല്‍ വാഹനത്തിനും ശബ്ദസംവിധാനത്തിനും കാമറാ ലെന്‍സിനും കേടുപാടുകള്‍ വരുത്തി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രണ്ട് മൊബൈലുകളും എറിഞ്ഞ് തകര്‍ത്തു. ഏഴര ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.പ്രതികള്‍ക്കെതിരേ കൊലപാതകശ്രമം, സംഘംചേര്‍ന്ന് ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ധനനഷ്ടം, അസഭ്യവര്‍ഷം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ ആര്‍എസ്എസ്-ബിജെപി അനുഭാവികളാണെന്ന് സിഐ എം സുധിലാല്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it