Districts

'ചാദ കാസ് കൊറുണ്ട വോട്ടു കോറോലി'

അശോക് നീര്‍ച്ചാല്‍

ബദിയടുക്ക: 'ചാദ കാസ് കൊറുണ്ട വോട്ടു കോറോലി' (ചായക്കുളള കാശ് തന്നാല്‍ വോട്ട് തരാം) കാസര്‍കോട്ടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വോട്ട് ചോദിച്ചെത്തുന്ന സ്ഥാനാര്‍ഥികളോട് ആദിവാസികളായ കൊറഗ വിഭാഗക്കാര്‍ക്ക് പറയാനുള്ളത് ഇതാണ്. പണം കൊടുക്കാതെ പോയാല്‍ അവര്‍ കല്ലും വടിയുമായി പിറകെ എത്തും. ബദിയടുക്കയിലും എന്‍മകജെയിലും കൊട്ട മെടഞ്ഞ് ഉപജീവനം നടത്തുന്ന ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ് ഇവര്‍.
സംസ്ഥാനത്ത് തന്നെ ഇവരുള്ളത് കാസര്‍കോട്ടെ രണ്ട് പഞ്ചായത്തില്‍ മാത്രം. എണ്ണം 300ല്‍ താഴെയും. കാടുമായി മാത്രം ബന്ധപ്പെട്ട് ജീവിക്കുന്ന ഇവരുടെ പുരോഗതിക്ക് കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. എന്നാല്‍, ആനുകൂല്യമൊന്നും കൊറഗരിലെത്തുന്നില്ല. എല്ലാ രാഷ്ട്രീയക്കാരും ഇവരെ ഓര്‍ക്കുന്നത് തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം. സ്ഥാനാര്‍ഥികളാക്കാന്‍ പട്ടികവര്‍ഗക്കാരെ കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ രാഷ്ട്രീയക്കാര്‍ ഇവരെ തേടിയെത്തുമായിരുന്നു. എന്നാല്‍ മറാഠികള്‍ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെട്ടതോടെ കൊറഗരെ ആര്‍ക്കും വേണ്ടാതായി.
2005ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ മറാഠി സമുദായം പട്ടികയില്‍നിന്ന് പുറത്തായി. അന്ന് നടന്ന തിരഞ്ഞടുപ്പില്‍ പട്ടികവര്‍ഗ വിഭാഗത്തിന് ബദിയടുക്ക പഞ്ചായത്തില്‍ മാത്രം രണ്ട് സീറ്റ് അനുവദിച്ചിരുന്നു. കൊറഗ സമുദായത്തിന് അയിത്തം കല്‍പിച്ചിരുന്നെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ അന്ന് ഇവരുടെ ചാളക്കടുത്തെത്തിയിരുന്നു. കൊറഗര്‍ വിജയിച്ചപ്പോള്‍ അക്ഷരമറിയാത്ത മെംബറെ മറയാക്കി ഭരണം നടത്തിയത് മറ്റാരോ ആയിരുന്നു. ഒമ്പതാം വാര്‍ഡായ ബദിയടുക്കയില്‍നിന്ന് യുഡിഎഫിനു വേണ്ടി കാര്യാട് കൊറഗ കോളനിയിലെ ബാബു, ബിജെപിയില്‍നിന്ന് പെരിയടുക്ക കോളനിയിലെ അമര്‍നാഥ്, പട്ടികവര്‍ഗ വനിതാ സംവരണ വാര്‍ഡായ കുഞ്ചാറില്‍നിന്ന് യുഡിഎഫ്-ലീഗ് സ്ഥാനാര്‍ഥിയായി കാര്യാട് കോളനിയിലെ വനജ, ബിജെപിയില്‍നിന്ന് അമര്‍നാഥിന്റെ ഭാര്യ സുമതി എന്നിവര്‍ മല്‍സരിച്ചിരുന്നു. ഇതില്‍ ബിജെപിയിലെ അമര്‍നാഥും യുഡിഎഫിലെ വനജയും വിജയിച്ചു.
എന്നാല്‍, 2010ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പട്ടികവര്‍ഗ വിഭാഗക്കാരുടെ ജനസംഖ്യ കുറവായതിനാല്‍ തിരഞ്ഞടുപ്പ് കമ്മീഷന്‍ പ്രത്യേക സീറ്റ് നീക്കിവച്ചില്ല.
Next Story

RELATED STORIES

Share it