Flash News

ചാണ്ടി രാജിവെക്കുന്നത് തന്നെയാണ് നല്ലതെന്ന് ഹൈക്കോടതി

ചാണ്ടി രാജിവെക്കുന്നത് തന്നെയാണ് നല്ലതെന്ന് ഹൈക്കോടതി
X


കൊച്ചി : മന്ത്രി തോമസ് ചാണ്ടി രാജിവെക്കുന്നത് തന്നെയാണ് നല്ലതെന്ന് ഹൈക്കോടതി.
കൈയേറ്റം സംബന്ധിച്ച് ആലപ്പുഴ കലക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ കോടതി ചാണ്ടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഉച്ചയ്ക്ക് മുമ്പ് ഹര്‍ജി പിന്‍വലിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചെങ്കിലും പിന്‍വലിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ്  ചാണ്ടി കോടതിയുടെ രൂക്ഷവിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്.
മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ പോകാനാകില്ലെന്ന് ചാണ്ടിയോട് കോടതി വ്യക്തമാക്കി. ദന്ത ഗോപുരത്തില്‍നിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണം. സര്‍ക്കാരിന് മന്ത്രിയെ വിശ്വാസമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ഹര്‍ജ്ജിയെ എതിര്‍ക്കുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാവും സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് -കോടതി ചൂണ്ടിക്കാട്ടി

താന്‍ അംഗമായ സര്‍ക്കാരിനെതിരെ സംസ്ഥാനത്തെ ഒരു മന്ത്രിക്ക് എങ്ങനെ ഹരജി നല്‍കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. ഇതിന് മറുപടി നല്‍കിയിട്ടു മതി മറ്റ് നടപടികളെന്നും നേരത്തേ കോടതി വ്യക്തമാക്കിയിരുന്നു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ക്കെതിരെ ഒരു മന്ത്രിക്ക് ഹരജി നല്‍കാനാകുമോ?, ഇത് ഭരണഘടനാ ലംഘനമല്ലേയെന്നും കോടതി ചോദിച്ചു.സ്വന്തം സര്‍ക്കാരിനെതിരെ ഒരു മന്ത്രി കേസ് കൊടുക്കുന്നത് ലോകത്ത് ഒരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. സര്‍ക്കാരിലെ  മന്ത്രിക്ക് കൂട്ടുത്തരവാദിത്വം നഷ്ടപെട്ടുവെന്ന് പറഞ്ഞ കോടതി, മന്ത്രിയെ അയോഗ്യനാക്കാന്‍ ഇതു ധാരാളമാണെന്നും കൂട്ടിച്ചേര്‍ത്തു. തോമസ് ചാണ്ടിയുടെ ഹരജി എതിര്‍ക്കാതിരുന്ന സര്‍ക്കാരിനെതിരെയും കോടതി വിമര്‍ശനമുന്നയിച്ചതോടെ മന്ത്രിയുടെ നടപടി അപക്വമായിപോയി എന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചു. നിലം നികത്തിയില്‍ ക്രമക്കേടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം, ആലപ്പുഴ കലക്ടര്‍ നടപടിക്ക് ശുപാര്‍ശ ചെയ്ത സ്ഥലങ്ങള്‍ തന്റെ പേരിലല്ലെന്ന് തോമസ് ചാണ്ടി കോടതിയെ അറിയിച്ചു. കലക്ടര്‍ നോട്ടിസ് നല്‍കിയത് വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ എം.ഡിക്കാണെന്നും  മന്ത്രിയായപ്പോള്‍ കമ്പനി ഡയറക്ടര്‍ സ്ഥാനം താന്‍ രാജിവച്ചിരുന്നതായും തോമസ് ചാണ്ടി പറഞ്ഞു. കമ്പനി തെറ്റ് ചെയ്‌തെങ്കില്‍ കമ്പനിക്കെതിരെ നടപടിയെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it