Flash News

ചാണ്ടിയെ തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ആലപ്പുഴ ലേക്പാലസ് റിസോര്‍ട്ടിലേക്ക് നിലം നികത്തി റോഡ് നിര്‍മിച്ചെന്ന പരാതിയില്‍ മുന്‍ മന്ത്രിയും കുട്ടനാട്  എംഎല്‍എയുമായ തോമസ് ചാണ്ടിയെ തള്ളി സര്‍ക്കാര്‍ കോടതിയില്‍. തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി അനധികൃതമായി നിലം നികത്തിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആലപ്പുഴ ജില്ലാ കലക്ടറാണ് ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമയ്‌ക്കെതിരേ വാട്ടര്‍ വേള്‍ഡ് കമ്പനി നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നിലം നികത്തിയിട്ടുണ്ടെന്നുള്ള റവന്യൂ റിപോര്‍ട്ടും ഉപഗ്രഹ ചിത്രങ്ങളും അടക്കമുള്ള രേഖകളാണ് സര്‍ക്കാര്‍ തോമസ് ചാണ്ടിക്കെതിരേ കോടതിയില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, കോടതിയില്‍ നല്‍കിയിരിക്കുന്ന രേഖകളില്‍ അവ്യക്തതയുണ്ടെന്ന് ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. നിലം നികത്തിയിട്ടില്ലെന്നും കൈയേറ്റമുണ്ടെങ്കില്‍ തന്നെ അത് ഏതു ഭൂമിയിലാണെന്നു വ്യക്തമാക്കാന്‍ കലക്ടര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ഭൗതിക പരിശോധന പോലും നടത്തിയിട്ടില്ലെന്നും കമ്പനി ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ 13ാം വകുപ്പ് പ്രകാരം നടപടിയെടുക്കുന്നതിന്റെ ഭാഗമായി കലക്ടര്‍ നല്‍കിയ നോട്ടീസിനും റിമോട്ട് സെന്‍സിങ് അതോറിറ്റി തയ്യാറാക്കിയ റിപോര്‍ട്ടിനുമെതിരേയുള്ള എല്ലാ ആക്ഷേപങ്ങളും സമര്‍പ്പിക്കാന്‍ കമ്പനിക്ക് ഹൈക്കോടതി 10 ദിവസം സമയം നല്‍കി. ഈ മാസം 8നു നടക്കേണ്ടിയിരുന്ന ഹിയറിങ് ഈ മാസം 15ലേക്ക് മാറ്റി ഹൈക്കോടതി ഹരജി തീര്‍പ്പാക്കുകയും ചെയ്തു. വാട്ടര്‍ വേള്‍ഡ് കമ്പനിക്ക് സര്‍വേയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നല്‍കിയിരുന്നതായി ജില്ലാ കലക്ടര്‍ ഇന്നലെ വാദം കേള്‍ക്കലിനിടെ കോടതിയെ അറിയിച്ചു. നിലം നികത്തല്‍ നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഹിയറിങിലും കമ്പനി പങ്കെടുത്തിരുന്നതായും കലക്ടര്‍ വ്യക്തമാക്കി. ലീലാമ്മ ഈശോയുടെ ഭൂമിയാണ് ആരോപണവിധേയമായിരിക്കുന്നതെന്നും അതിന് എന്തിനാണ് കമ്പനിക്ക് നോട്ടീസ് നല്‍കിയതെന്നും അഭിഭാഷകന്‍ ചോദിച്ചു. ഇതിനു ശേഷമാണ് ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്പനിക്ക് കോടതി സമയം നല്‍കിയത്. നിലം നികത്തല്‍ സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നപ്പോള്‍ നിയമസഭയ്ക്കകത്തും പുറത്തും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, തെളിവുകളെല്ലാം ചാണ്ടിക്ക് എതിരായതോടെയാണ് സര്‍ക്കാര്‍  കൈയൊഴിഞ്ഞത്.
Next Story

RELATED STORIES

Share it