Flash News

ചാണ്ടിയുടെ രാജി മുഖ്യമന്ത്രി തീരുമാനിക്കും



തിരുവനന്തപുരം: കായല്‍ കൈയേറ്റത്തില്‍ കുറ്റാരോപിതനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ എല്‍ഡിഎഫ് യോഗത്തിലും അന്തിമതീരുമാനമായില്ല. ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ യോഗം ചുമതലപ്പെടുത്തി. അതേസമയം, തീരുമാനമെടുക്കാന്‍ സാവകാശം വേണമെന്ന എന്‍സിപിയുടെ ആവശ്യം പരിഗണിച്ച് രണ്ടു ദിവസം സമയം നല്‍കും. ചൊവ്വാഴ്ച എന്‍സിപി നേതൃയോഗം ചേരുന്നുണ്ട്. അതിനുശേഷവും തീരുമാനം വൈകിയാല്‍ നിയമോപദേശം പരിഗണിച്ച് മുഖ്യമന്ത്രി സ്വന്തം നിലയില്‍ തീരുമാനമെടുക്കും. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാണെന്ന നിലപാടാണ് എല്‍ഡിഎഫ് യോഗത്തിലുണ്ടായത്. സിപിഐയും ജനതാദള്‍- എസും ചാണ്ടിക്കെതിരേ കടുത്ത നിലപാടാണ് സ്വീകരിച്ചത്. എല്‍ഡിഎഫിനെ നാണക്കേടില്‍ നിന്നു രക്ഷിക്കണമെങ്കില്‍ ചാണ്ടി രാജിവച്ചേ മതിയാവൂ എന്ന് ഇരുപാര്‍ട്ടികളും ആവശ്യപ്പെട്ടു. എന്നാല്‍, രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു എന്‍സിപി നേതാക്കളുടെ നിലപാട്. ദേശീയ നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്നും ബുധനാഴ്ചത്തെ കോടതി ഉത്തരവു വരെ കാത്തിരിക്കണമെന്നും എന്‍സിപി ആവശ്യപ്പെട്ടു. എങ്കില്‍ എന്‍സിപി തന്നെ തീരുമാനമെടുക്കട്ടെയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍  സിപിഐ തയ്യാറായില്ല.  ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി അന്തിമതീരുമാനം എടുക്കട്ടേയെന്ന നിര്‍ദേശം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുന്നോട്ടുവച്ചു. സിപിഐയും ഈ നിര്‍ദേശത്തെ പിന്തുണച്ചതോടെ എന്‍സിപി നേതൃത്വവും വഴങ്ങുകയായിരുന്നു. യോഗത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തോമസ് ചാണ്ടിയും തമ്മില്‍ രൂക്ഷമായ വാക്‌പോരും നടന്നു. ആലപ്പുഴയില്‍ ജനജാഗ്രതാ യാത്രയിലെ പരാമര്‍ശത്തെ ചൊല്ലിയാണ് ഇരുവരും ഏറ്റുമുട്ടിയത്. വേദിയില്‍ വച്ച് തോമസ് ചാണ്ടി പരസ്യമായി വെല്ലുവിളിച്ചത് ശരിയായില്ലെന്ന് കാനം ചൂണ്ടിക്കാട്ടി. താന്‍ വെല്ലുവിളിച്ചത് യുഡിഎഫ് നേതൃത്വത്തെയാണെന്ന് ചാണ്ടി മറുപടി നല്‍കി. ആലപ്പുഴ ജില്ലാ കലക്ടറുടെ റിപോര്‍ട്ടിനെതിരേ ചാണ്ടി കോടതിയെ സമീപിച്ചത് ശരിയായില്ലെന്നും വിമര്‍ശനമുണ്ടായി. സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നു പറഞ്ഞ് കോടതിയെ സമീപിക്കുമ്പോള്‍ ആരാണ് കുറ്റക്കാരാവുകയെന്ന് ജനതാദള്‍ നേതാക്കള്‍ ചോദിച്ചു. എന്‍സിപി ആവശ്യപ്പെടുന്നതുപോലെ കോടതി ഉത്തരവ് വരുന്നതു വരെ കാത്തിരിക്കേണ്ടെന്ന് സിപിഐ നിര്‍ദേശിച്ചു. തോമസ് ചാണ്ടി സ്വയം രാജിവയ്ക്കുന്നതാണ് ഉചിതം. മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടാല്‍ അതിന്റെ ക്ഷീണം എന്‍സിപിക്കാണ്. രാജി വേണ്ടെന്നാണ് നിലപാടെങ്കില്‍ തങ്ങളുടെ നിലപാട് പരസ്യമായി വ്യക്തമാക്കേണ്ടിവരുമെന്നും സിപിഐ മുന്നറിയിപ്പു നല്‍കി. യോഗത്തിനുശേഷം തോമസ് ചാണ്ടി കൊച്ചിയിലേക്കു പോയി. എല്‍ഡിഎഫ് യോഗത്തിലെ ചര്‍ച്ചകളില്‍ സന്തോഷമുണ്ടെന്ന് കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എ കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായി തിരിച്ചുവന്നാല്‍ മാത്രം ചാണ്ടി രാജിവച്ചാല്‍ മതിയെന്നാണ് എന്‍സിപി ആക്റ്റിങ് പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കിയത്. നിലവില്‍ തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് എന്‍സിപി നേതൃയോഗത്തിനുശേഷം മാണി സി കാപ്പന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it