ചാണ്ടിക്കെതിരേ സുധീരന്‍

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്കെതിരേ ആഞ്ഞടിച്ച് വി എം സുധീരന്റെ വാര്‍ത്താസമ്മേളനം. തന്നെ കെപിസിസി അധ്യക്ഷനായി നിയമിച്ചതില്‍ ഉമ്മന്‍ചാണ്ടിക്കു നീരസമായിരുന്നുവെന്ന് സുധീരന്‍ പറഞ്ഞു. തന്നോട് കാണിച്ചത് ക്രൂരമായ നിസ്സഹകരണമാണ്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തന്നെ ആരും കെട്ടിയിറക്കിയതല്ല. താന്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പോലും അദ്ദേഹം പങ്കെടുത്തിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.
കെപിസിസി അധ്യക്ഷനായിരിക്കെ താന്‍ നടത്തിയ ജനപക്ഷയാത്രയും ജനരക്ഷായാത്രയും പരാജയപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചിരുന്നു. താന്‍ നയിച്ച ഒരു യാത്ര കോട്ടയത്ത് എത്തുമ്പോഴാണ് സോളാര്‍ വിഷയം ചര്‍ച്ചയാവുന്നത്. അപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിരോധിച്ചു. ഇതിനുശേഷമാണ് ജാഥകളില്‍ അദ്ദേഹം തന്നെ പിന്തുണച്ചത്.
കരുണ എസ്‌റ്റേറ്റ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതു ചോദ്യംചെയ്ത തന്നോട്, ഉദ്യോഗസ്ഥരെ എങ്ങനെ നിരാശപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഉമ്മന്‍ചാണ്ടി ചോദിച്ചത്. ജനങ്ങളെ എങ്ങനെ നിരാശപ്പെടുത്താനാവുമെന്ന് താനും ചോദിച്ചു. പിന്നീട് നടന്ന യോഗത്തില്‍ എംഎല്‍എമാര്‍ പോലും അദ്ദേഹത്തിനെതിരേ ശക്തമായ വിമര്‍ശനമുന്നയിച്ചു. അതോടെ അദ്ദേഹം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീടാണ് ഈ കൊള്ള അനുവദിക്കാനാവില്ലെന്ന് താന്‍ നിലപാടെടുത്തതെന്നും സുധീരന്‍ പറഞ്ഞു.
നേരേ ചൊവ്വേ കാര്യങ്ങള്‍ തുറന്നുപറയുന്നതാണ് തന്റെ രാഷ്ട്രീയം. പ്രതിപക്ഷം പേരിന് എന്തെങ്കിലും ചെയ്യുന്നുവെന്നേയുള്ളൂ. കെപിസിസി യോഗത്തില്‍ ചൊവ്വാഴ്ച താന്‍ പ്രസംഗിക്കാന്‍ ഒരുങ്ങിയപ്പോള്‍ വളരെ ജൂനിയറായ ആളുകള്‍ തനിക്കെതിരേ നടത്തിയ എതിര്‍പ്പുകളാണ് പുറത്ത് മാധ്യമങ്ങളോട് പറയാന്‍ ഇടവരുത്തിയത്. കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ നയിച്ച ജനമോചന യാത്രയ്ക്കിടയില്‍,  അധ്യക്ഷനെ മാറ്റുന്നതിന് ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്കു പോയ ഗ്രൂപ്പ് നേതാക്കളുടെ നടപടിയെയും വി എം സുധീരന്‍ വിമര്‍ശിച്ചു. ഇതുപോലൊരു ദുര്‍ഗതി ഒരു കെപിസിസി പ്രസിഡന്റിനും ഉണ്ടാവാതിരിക്കട്ടെയെന്ന് സുധീരന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വാര്‍ഡ് കമ്മിറ്റി നിര്‍ദേശിക്കുന്നവര്‍ മല്‍സരിക്കണം എന്നതായിരുന്നു തീരുമാനം. ഇത് ഗ്രൂപ്പുകള്‍ ചേര്‍ന്ന് അട്ടിമറിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ സോളാര്‍ വിവാദവും ജിഷ കേസും ബാറും തോട്ടഭൂമിയും അവസാന സമയത്ത് എടുത്ത മറ്റു തീരുമാനങ്ങളും നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളാണ്. കരുണ എസ്റ്റേറ്റിനും ഹോപാ പ്ലാന്റേഷനും കരമടയ്ക്കാന്‍ അനുമതി നല്‍കിയത് മുന്‍കാല തീരുമാനങ്ങള്‍ക്കു വിരുദ്ധമായിരുന്നു. സിഎജി വിമര്‍ശിച്ച 418 ബാറുകള്‍ പൂട്ടണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. ഇതിന് ജനങ്ങള്‍ക്കിടയില്‍ നിന്ന് വലിയ സ്വീകാര്യതയുണ്ടായി. അതിന്റെ ഫലം അരുവിക്കര ഉപതിരഞ്ഞെടുപ്പിലും കണ്ടു. ബാറുകള്‍ പൂട്ടുന്നതിന്റെ നേട്ടം സുധീരന് കിട്ടിയാലോ എന്ന അസൂയയെ തുടര്‍ന്നാണ് പിന്നീട് 730 ബാറുകളും അടച്ചത്.
താഴെത്തട്ടിലുള്ള നേതാക്കന്മാരുടെ താല്‍പര്യം പരിഗണിച്ച് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനാണ് കോണ്‍ഗ്രസ്സില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രാദേശിക നേതൃത്വം തന്ന സ്ഥാനാര്‍ഥിപ്പട്ടിക ഗ്രൂപ്പ് മാനേജര്‍മാര്‍ വെട്ടിനിരത്തി. പരസ്പരം കാലുവാരാതെ സ്ഥാനാര്‍ഥിനിര്‍ണയം കൃത്യമായി നടത്തിയിരുന്നെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചേനെയെന്നും സുധീരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it