ചാങ്‌തെ- ഇന്ത്യന്‍ ഫുട്‌ബോളിലെ പുതിയ നക്ഷത്രം

തിരുവനന്തപുരം: ബെയ്ച്ചുങ് ബൂട്ടിയ, സുനില്‍ ഛേത്രി എന്നിവര്‍ക്കു ശേഷം ഇന്ത്യന്‍ ഫുട്‌ബോളിലെ അടുത്ത സൂപ്പര്‍ താരം ആരെന്നുള്ള ചോദ്യത്തിനു പുതിയ ഉത്തരം ലഭിച്ചിരിക്കുന്നു. മിസോറമില്‍ നിന്നുള്ള 18കാരനായ സ്‌ട്രൈക്കര്‍ ലല്ലിയാന്‍സുല ചാങ്‌തെയാണ് ഇന്ത്യയുടെ പുതിയ മിന്നുംതാരം. തിരുവനന്തപുരത്തു നടക്കുന്ന സാഫ് ചാംപ്യന്‍ഷിപ്പില്‍ നേപ്പാളിനെതിരായ രണ്ടാം ഗ്രൂപ്പ് മല്‍സരത്തി ല്‍ രണ്ടു കണ്ണഞ്ചിപ്പിക്കുന്ന ഗോളുകളോടെയാണ് ചാങ്‌തെ വരവറിയിച്ചത്. താരത്തിന്റെ രണ്ടാം അന്താരാഷ്ട്ര മല്‍സരമായിരുന്നു ഇത്.
ഈ കളിയിലെ ഇരട്ടഗോളോടെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ ബൂട്ടിയയുടെ പേരിലായിരുന്ന റെക്കോഡ് ചാങ്‌തെ പഴങ്കഥയാക്കിയിരുന്നു. ഇന്ത്യക്കായി അന്താരാഷ്ട്ര മല്‍സരത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിനാണ് ചാങ്‌തെ അര്‍ഹനായത്. 1995ലെ നെഹ്‌റു കപ്പില്‍ 19ാം വയസ്സില്‍ ഗോള്‍ നേടിയ ബൂട്ടിയയുടെ റെക്കോഡാണ് തിരുത്തപ്പെട്ടത്.
ജൂനിയര്‍ തലത്തിലെ ശ്രദ്ധേയമായ പ്രകടനമാണ് ചാങ്‌തെയെ കോച്ച് സ്റ്റീഫന്‍ കോണ്‍സ്‌റ്റൈന്റന്‍ സാഫ് കപ്പില്‍ ഉള്‍പ്പെടുത്താന്‍ കാരണം. അണ്ടര്‍ 19 ഐ ലീഗില്‍ കഴിഞ്ഞ രണ്ടു സീസണുകളിലായി 25 ഗോളുകളാണ് സ്‌ട്രൈക്കര്‍ വാരിക്കൂട്ടിയത്.
നേപ്പാളിനെതിരായ കളിയിലെ മാസ്മരിക പ്രകടനത്തിനു ശേഷം ഛേത്രിയടക്കമുള്ളവര്‍ ചാങ്‌തെയെ വാനോളം പുകഴ്ത്തിയിരുന്നു. മികച്ച പ്രതിഭയുള്ള താരമാണ് ചാങ്‌തെ. ഭാവിയില്‍ ഇന്ത്യയുടെ സൂപ്പര്‍ താരമാവാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്- ഛേത്രി ചൂണ്ടിക്കാട്ടി.
കോച്ച് നല്‍കിയ അവസരം പരമാവധി മുതലെടുക്കാനാണ് താന്‍ ശ്രമിച്ചതെന്നാണ് മല്‍സരശേഷം ചാങ്‌തെ പ്രതികരിച്ചത്. ഞാന്‍ ഹീറോയെപ്പോലെ കാണുന്ന പലരും ടീമിലുണ്ട്. അവര്‍ക്കൊപ്പം കളിക്കാനും പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള അവസരം കൂടിയാണിത്- താരം മനസ്സ്തുറന്നു.
നേരത്തേ അണ്ടര്‍ 19 ടീമിനായി കളിക്കാന്‍ ചാങ്‌തെയ്ക്ക് അവസരം ലഭിച്ചിരുന്നെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സീനിയര്‍ ടീമിനായി ലഭിച്ച അവസരം താരം ശരിക്കും മുതലെടുക്കുകയായിരുന്നു. സാഫ് കപ്പില്‍ ക്രിസ്മസ് ദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ മല്‍സരത്തിലാണ് ചാങ്‌തെ അരങ്ങേറിയത്. പരിക്കേറ്റ റോബിന്‍ സിങിനു പകരം അവസാനമിനിറ്റിലാണ് താരം കളത്തിലിറങ്ങിയത്.
Next Story

RELATED STORIES

Share it