ചാക്കുകള്‍ കഥ പറയുന്നു

നാട്ടുകാര്യം  -  കുന്നത്തൂര്‍ രാധാകൃഷ്ണന്‍
ആര്യബ്രാഹ്മണകക്ഷി ഏമാന്മാര്‍ പഞ്ചപാവങ്ങളായ എംഎല്‍എമാരെ പിടിക്കാന്‍ കീറാത്ത, വെടിപ്പുള്ള ചാക്കുമായി നടക്കുന്നത് നേരിട്ടു കാണാനാണ് കോരന്‍ ബംഗളൂരുവിലെത്തിയത്. രാവിലത്തെ കണി നന്നാവാഞ്ഞിട്ടോ എന്തോ അപ്പോഴേക്കും കോണ്‍ഗ്രസ്-ജെഡിഎസ് ബഡാസഖ്യം പാവങ്ങളെ ഹൈദരാബാദിലേക്കു മാറ്റിയിരുന്നു.
എന്നാല്‍ പിന്നെ ബംഗളൂരു പ്രസ്‌ക്ലബ്ബിലെ ടെലിവിഷന്‍ ചീറ്റുന്ന വാര്‍ത്താഎലിവിഷം തിന്നാലെന്തെന്നായി ചിന്ത. രണ്ട് ദ്രാം കുതിര റം നീറ്റായി വിഴുങ്ങിയിട്ടാണ് കോരന്‍ ടെലിവിഷത്തെ നേരിടാനെത്തിയത്. അപ്പോള്‍ കളി തുടങ്ങുന്ന വെള്ളിയാഴ്ച രാവിലെ പത്തര ആയിട്ടുണ്ടായിരുന്നില്ല. റമ്മിന്റെ കുതിരശക്തികൊണ്ട് കോരന് അഗാധ ചിന്തവന്നു.
ആര്യബ്രാഹ്മണകക്ഷിക്ക് സഭയില്‍ 104 സീറ്റുണ്ട്. ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ അവരുടെ നേതാവും ലിംഗായത്തുകളുടെ അരുമയുമായ യെദ്യൂരപ്പന് മറുപക്ഷത്തെ എട്ട് എംഎല്‍എമാരെ മയക്കണം. ബെല്ലാരിയിലെ റെഡ്ഡി ഖനിമൂരികള്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അതിനാണോ ബുദ്ധിമുട്ട്? അപ്പോഴല്ലേ ബദ്ധവൈരികളായിരുന്ന സിദ്ധരാമനും ചാഞ്ചാടുന്ന കുമാരനെന്ന ആസാമിയും കെട്ടിപ്പിടിച്ചത്. താമസിയാതെ റിസോര്‍ട്ട് മുതലാളിമാരുടെ കെണിയില്‍ അവരുടെ എംഎല്‍എമാര്‍ വീണു. റിസോര്‍ട്ട് മുതലാളിമാരുടെ പ്രലോഭനത്തില്‍ നിന്ന് അവരെ രക്ഷിച്ച് ജനാധിപത്യമാര്‍ഗത്തിലേക്കു തിരിച്ചുകൊണ്ടുവരുകയായിരുന്നു ആര്യബ്രാഹ്മണകക്ഷിയുടെ ലക്ഷ്യം. ജനാധിപത്യത്തിന്റെ മാര്‍ഗം എന്നും സ്വീകരിച്ച ഒരു കക്ഷിക്ക് അതു ചെയ്‌തേ മതിയാവൂ. അതിന്റെ ഭാഗമായിട്ടാണ് ലിംഗായത്ത് അപ്പന്‍ സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണറായ ഒരു വാല ഉണ്ടായതിനാല്‍ സംഗതി കേമമാക്കാനായി.
വാലയും അപ്പനും തമ്മില്‍ രാജ്ഭവനില്‍ നടന്ന സംഭാഷണത്തിന്റെ വീഡിയോ ഒരു ചാരന്‍ കോരനു സമ്മാനിച്ചിട്ടുണ്ട്. സംഭാഷണത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടില്ലെങ്കില്‍ അതു ജനാധിപത്യത്തിന് തീരാകളങ്കമാവും. അതിനാല്‍ ആ കൃത്യത്തിലേക്കു കടക്കുന്നു.
രാജ്ഭവന്റെ പടികടന്ന് അപ്പന്‍ അതിശീഘ്രം വരുന്നതു കണ്ട വാല, ടെലിവിഷനിലെ ഹോളിവുഡ് സിനിമ നിര്‍ത്തി.
''ആകെ വിയര്‍ക്കുന്നല്ലോ. എന്തുപറ്റി?'' ''തിരഞ്ഞെടുപ്പു വിശേഷമൊക്കെ അറിഞ്ഞുകാണുമല്ലോ?''
''അറിഞ്ഞു. അപ്പന് ഭൂരിപക്ഷമില്ല. ഉവ്വോ?'' ''ചങ്കില്‍ കുത്തുന്ന വര്‍ത്തമാനം പറയരുത്. എനിക്ക് ഭൂരിപക്ഷമുണ്ട്. ഞാനതു തെളിയിക്കും.''
''104ല്‍ നിന്ന് 112ലേക്കുള്ള കയറ്റം എങ്ങനെയാണു കൂവെ?'' ''കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരില്‍ പലര്‍ക്കും മാനസാന്തരം വന്നുവെന്ന് ബസവണ്ണ പറഞ്ഞു.''
''അപ്പോള്‍ വിശ്വാസവോട്ടിന് എത്രനാള്‍ വേണം.'' ''ഏഴുദിവസം മതി. അതിനകം അവര്‍ക്ക് മറ്റൊരു മാനസാന്തരം ഉണ്ടാവില്ലെന്നു ശിക്കാരിപുരയിലെ ചില പണിക്കന്മാര്‍ അറിയിച്ചിട്ടുണ്ട്.''
''അതുപോരാ. 15 ദിവസമെങ്കിലും തന്നില്ലെങ്കില്‍ കളിക്ക് രസമില്ലാതാവും. ഇയ്യ് മ്മളെ കുട്ടി അല്ലേ.''
മേല്‍പ്പറഞ്ഞ സംഭാഷണങ്ങളില്‍ നിന്ന് അപ്പന് ഭൂരിപക്ഷമുണ്ടെന്നു വ്യക്തമായല്ലോ! എന്നിട്ടും സുപ്രിംകോടതിക്ക് അതു ബോധ്യമാവുന്നില്ലെന്നു വന്നാല്‍ മഹാ ഭരണഘടനാപണ്ഡിതനായ കേന്ദ്രന്റെ മുകുള്‍ രോഹത്ഗി വെറുതെവിടാന്‍ പോവുന്നില്ല.
കോടതി: ''അപ്പന്‍ ഭൂരിപക്ഷം എങ്ങനെ ഒപ്പിച്ചു?'' രോഹത്ഗി: ''അപ്പന്റെ കൈവശമുള്ള കത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ പേരില്ല എന്നതു ശരിയാണ്. പേരിന്റെ ആവശ്യമില്ല. വിശ്വാസമാണു പ്രധാനം. വിശ്വാസമല്ലേ എല്ലാം എന്ന സ്വര്‍ണ പരസ്യം കോടതി കണ്ടിട്ടുണ്ടാവുമെന്നു കരുതുന്നു. മാത്രമല്ല, ഗവര്‍ണറുടെ തീരുമാനം ചില്ലറ കളിയല്ലെന്ന് കോടതി മനസ്സിലാക്കണം.''
കോടതി: ''രോഹത്ഗി വല്ലാതെ വിറയ്ക്കുന്നുണ്ട്. ഇനി തണുത്ത സര്‍ബത്ത് കുടിച്ച് വാദം തുടങ്ങാം.''
രോഹത്ഗി: ''വിറയ്ക്കുന്നു എന്നൊക്കെ ആരോപിച്ച് കോടതി വിരട്ടരുത്. ഞാനിതൊക്കെ കുറേ കണ്ടതാ.''
കോടതി: ''എന്നാല്‍ അപ്പന്‍ ശനിയാഴ്ച വിശ്വാസവോട്ട് തേടുന്നതല്ലേ നല്ലത്.''
രോഹത്ഗി: ശനിയാഴ്ച ശരിയാവില്ല. അതു നല്ല ദിവസമല്ല. മാത്രമല്ല, കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ഇപ്പോള്‍ ഹൈദരാബാദിലാണ്. ഗതാഗത തടസ്സം ഭേദിച്ച് അവര്‍ക്ക് നിയമസഭയിലെത്താന്‍ തിങ്കളാഴ്ച വരെ സമയമനുവദിക്കണം. ഗവര്‍ണര്‍ എന്ന കൊമ്പനാനയെ കോടതി ബഹുമാനിക്കാത്തതില്‍ ഞാനിതാ പ്രതിഷേധിക്കുന്നു.''
കോടതി: ''ഇനി വായ തുറക്കരുത്. പല പല മുകുളങ്ങള്‍ വായ്ക്കകത്തു കയറിയാല്‍ മേജര്‍ ശസ്ത്രകിയ വേണ്ടിവരും. ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് അപ്പന്‍ ഭൂരിപക്ഷം തെളിയിക്കണം. ഇതു കട്ടായം.''                                                     ി
Next Story

RELATED STORIES

Share it