Flash News

ചാകരയില്‍ നിന്ന് സാങ്കേതികവിദ്യയും? ചാകര മല്‍സ്യങ്ങളുടെ കൂട്ടമല്ലെന്നു പഠനം

ചാകരയില്‍ നിന്ന് സാങ്കേതികവിദ്യയും? ചാകര മല്‍സ്യങ്ങളുടെ കൂട്ടമല്ലെന്നു പഠനം
X
chakara-new

കൊച്ചി: ചാകര (മഡ് ബാങ്ക്‌സ്) എന്നാല്‍ മീനുകളുടെ കൂട്ടമല്ലെന്നും കാറ്റ്, ഒഴുക്ക്, തിര, ചെളി, സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് മുകളിലേക്കുണ്ടാവുന്ന ശക്തമായ ജലപ്രവാഹം (അപ്‌വെല്ലിങ്) എന്നിവമൂലം കേരളത്തിന്റെ ചില തീരപ്രദേശങ്ങളില്‍ ഉണ്ടാവുന്ന പ്രതിഭാസമാണിതെന്ന് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രഫി (എന്‍ഐഒ ) ശാസ്ത്രജ്ഞര്‍. ആലപ്പുഴ തീരത്തെ ചാകരയെ കുറിച്ച് എന്‍ഐഒ കൊച്ചി സെന്റര്‍ നടത്തിയ പഠനത്തിലാണു കണ്ടെത്തല്‍. ആഗോളതാപനത്തെ തടയാന്‍ സഹായിക്കുന്ന ബാക്റ്റീരിയ അടക്കമുള്ള ജൈവ കൗതുകങ്ങളാണ് ഈ പ്രതിഭാസത്തില്‍ ഒളിഞ്ഞിരിക്കുന്നത്. മല്‍സ്യങ്ങളുടെ കൂട്ടമാണു ചാകര എന്നതു തെറ്റിധാരണയാണ്. ചാകരമൂലമുണ്ടാവുന്ന ഫ്രജിലേറിയ, നോക്റ്റിലുക്ക, കോസിനോഡിസ്‌കസ് തുടങ്ങിയ സസ്യപ്ലവകങ്ങള്‍ ഭക്ഷിക്കുന്ന മല്‍സ്യങ്ങളാണ് തീരത്തേക്ക് എത്തുന്നത്. ഫ്രജിലേറിയ കൂടുതലുള്ളപ്പോള്‍ മത്തിയായിരിക്കും എത്തുക. ചാള, അയല, ചെമ്മീന്‍, കൊഴുവ എന്നീ മല്‍സ്യങ്ങളാണ് ഇങ്ങനെ ഒന്നിച്ചു കൂടുന്നത്.

തവിട്ടു നിറം കലര്‍ന്ന ഹരിതനിറമുള്ള വെള്ളമായിരിക്കും ഈ പ്രദേശങ്ങളില്‍ കാണപ്പെടുക.പോളവെള്ളം എന്നാണ് ഇതറിയപ്പെടുന്നത്. ചാകര ഉള്ളിടത്തെല്ലാം മല്‍സ്യങ്ങളും മല്‍സ്യങ്ങള്‍ കൂട്ടമായി കാണുന്നിടത്ത് ചാകരയും ഉണ്ടാവണമെന്നില്ലെന്നും എന്‍ഐഒ ഗോവ ഡയറക്ടര്‍ ഡോ. എസ് പ്രസന്നകുമാര്‍ പറഞ്ഞു. ശാസ്ത്രജ്ഞരുടെ അഭിപ്രായപ്രകാരം പ്രക്ഷുബ്ധമായ മണ്‍സൂണ്‍ കാലവര്‍ഷത്തില്‍ കടലില്‍ രൂപപ്പെടുന്ന ശാന്തമായ തീരപ്രദേശങ്ങളാണു ചാകര. കേരളത്തോടടുത്ത തീരങ്ങളില്‍ കനത്ത തിരയുള്ളപ്പോഴാണ് ചാകര കൂടുതലായി കാണപ്പെടുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കാണപ്പെടുന്ന ചാകര ചിലയവസരങ്ങളില്‍ സപ്തംബര്‍ വരെ നീളാറുണ്ട്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ മണ്ണൊലിപ്പ് തടയുന്നതിനും ചാകര സഹായിക്കുന്നു. ചാകരയുടെ ഫലമായി രൂപപ്പെടുന്ന രാസ പദാര്‍ഥങ്ങളില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ കൗതുകകരമാണ്.

chakaraചെളിയിലെ വര്‍ധിച്ച ഫോസ്ഫറസ് കണികകള്‍ വികസിക്കുകയും ഇവ ജലകണങ്ങളെ ആകര്‍ഷിക്കുകയും ചെയ്യും. ഇപ്രകാരം ഇളകിവരുന്ന ചെളി കട്ടിയാവാതെ വെള്ളമായി തന്നെ കിടക്കും. മൂന്നോ നാലോ മാസത്തേക്ക് ഇത് തുടരും. അപ്‌വെല്ലിങ് പ്രക്രിയ—ക്ക് മുമ്പ് സമുദ്രത്തില്‍ ഗ്രീന്‍ ഹൗസ് ഗ്യാസ് ഇനത്തില്‍ പെട്ട മീഥെയിന്‍ അംശം വളരെ കൂടുതലായിരിക്കും. മീഥെയിന്‍ ഉല്‍പാദിപ്പിക്കുന്ന ബാക്റ്റീരിയയുടെ സാന്നിധ്യമാണ് ഇതിന് കാരണം. എന്നാല്‍ അപ്‌വെല്‍ പ്രക്രിയയ്ക്ക് ശേഷം മീഥെയിന്‍ ഇല്ലാതാക്കുന്ന ബാക്റ്റീരിയകള്‍ രൂപപ്പെടുകയും ഇത് മീഥെയിന്‍ സാന്നിധ്യം കുറയ്ക്കുകയും ചെയ്യും. അന്തരീക്ഷത്തിലേക്ക് മീഥെയിന്‍ കലരാതിരിക്കാന്‍ ഈ ബാക്റ്റീരിയ സഹായകരമാവും. ഇതോടെ ആഗോളതാപനം നിയന്ത്രണവിധേയമാവുകയും ചെയ്യുമെന്ന് ഡോ. പി കെ ദിനേശ്കുമാര്‍, ഡോ. ടി പങ്കജാക്ഷന്‍, ഡോ. വി കൃപ എന്നിവര്‍ പറഞ്ഞു. മാലിന്യനിര്‍മാര്‍ജനത്തിനും ആഗോളതാപനത്തിനും എതിരേ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബയോടെക്‌നോളജി വിദ്യ ഇതിലൂടെ വികസിപ്പിക്കാനുള്ള സാധ്യതകളാണു തെളിഞ്ഞിരിക്കുന്നത്. ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രലോകം.
Next Story

RELATED STORIES

Share it