Flash News

ചാംപ്യന്‍സ് ലീഗ് : രണ്ടാംപാദത്തിലും ഡോര്‍ട്മുണ്ടിന് തോല്‍വി (1-3) ; മൊണാകോ സെമിയില്‍



മൊണാകോ: സ്‌ഫോടനത്തിനു പിന്നാലെ മൊണാകോ നല്‍കിയ ആദ്യപാദ ഷോക്ക് മറികടക്കാന്‍ ഡോര്‍ട്മുണ്ടിന് രണ്ടാംപാദത്തിലും സാധിച്ചില്ല. ഫ്രഞ്ച് ക്ലബ്ബിനെ അവരുടെ മണ്ണില്‍ നേരിട്ട ഡോര്‍ട്മുണ്ട് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ വഴങ്ങി ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി. ഇരുപാദങ്ങളിലുമായി മൂന്നിനെതിരേ ആറു ഗോളുകള്‍ സ്‌കോര്‍ ചെയ്ത് മൊണാകോ ചാംപ്യന്‍സ് ലീഗ് സെമി ഫൈനലില്‍ പ്രവേശിച്ചു. എംബാപെ, ഫാല്‍കാവോ, ജെര്‍മെയ്ന്‍ എന്നിവരുടെ ഗോളിലായിരുന്നു മൊണാകോ ജയം.ബസ്സിനു സമീപം സ്‌ഫോടനമുണ്ടായതിന്റെ പിറ്റേദിവസം തന്നെ മല്‍സരിക്കാനിറങ്ങിയ ഡോര്‍ട്മുണ്ടിനെ എംബാപെയുടെ ഇരട്ടഗോള്‍ കരുത്തിലാണ് മൊണാകോ പരാജയപ്പെടുത്തിയത്. സ്വന്തം മണ്ണില്‍ ബുട്ടണിഞ്ഞ ദിവസം സന്ദര്‍ശകര്‍ക്കെതിരേ ആദ്യം ഗോള്‍ നേടിയത് എംബാപെ തന്നെയായിരുന്നു. ഡോര്‍ട്മുണ്ടിന്റെ വല ലക്ഷ്യമാക്കി മെന്‍ഡി പായിച്ച ഷോട്ട് ഗോള്‍ കീപ്പര്‍ ബുര്‍കി തട്ടിത്തെറിപ്പിച്ചപ്പോള്‍ റീബൗണ്ടിലൂടെ എംബാപെ വലഭേദിച്ചു. പന്തടക്കത്തില്‍ മുന്നിലായിരുന്നിട്ടും ഗോള്‍ കണ്ടെത്താനാവാതെ ഡോര്‍ട്മുണ്ട് വിയര്‍ത്തപ്പോള്‍ 17ാം മിനിറ്റില്‍ ഫാല്‍കാവോ മൊണാകോയുടെ രണ്ടാംഗോള്‍ സ്‌കോര്‍ ചെയ്തു. ലെമറിന്റെ അസിസ്റ്റിലായിരുന്നു ഫാല്‍കാവോയുടെ ഗോള്‍. ആദ്യമിനിറ്റിലെ നാലു ശ്രമങ്ങളും വലയിലാക്കാന്‍ സാധിക്കാതെ മടങ്ങിയ ഡോര്‍ട്മുണ്ട് രണ്ടാംപകുതിയുടെ മൂന്നാം മിനിറ്റില്‍ ഗോള്‍ സ്വന്തമാക്കി. പകരക്കാരനായി എത്തിയ ഡെംബിളിന്റെ അസിസ്റ്റില്‍ മാര്‍കോ റൂസിന്റെ വകയായിരുന്നു ഡോര്‍ട്മുണ്ടിന്റെ ആശ്വാസ ഗോള്‍. വീണ്ടും സ്‌കോര്‍ ചെയ്യാനുള്ള ഡോര്‍ട്മുണ്ട് ശ്രമങ്ങളെ പ്രതിരോധിച്ച മൊണാകോ 81ാം മിനിറ്റില്‍ ജെര്‍മെയ്‌നിലൂടെ മൂന്നാം ഗോളും സ്വന്തമാക്കി. അതോടെ പരാജയം സമ്മതിക്കുകയല്ലാതെ ഡോര്‍ട്മുണ്ടിന് മറ്റു നിവൃത്തിയില്ലായിരുന്നു. ഫ്രഞ്ച് ലീഗില്‍ രണ്ടാംസ്ഥാനത്താണെങ്കിലും ഫ്രാന്‍സില്‍ നിന്ന് ചാംപ്യന്‍സ് ലീഗ് സെമിയില്‍ കടന്ന ഏകക്ലബ്ബാണ് മൊണാകോ.
Next Story

RELATED STORIES

Share it