Flash News

ചാംപ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡ് നിലനിര്‍ത്തി : യുവന്റസിനെ 1-4ന് തകര്‍ത്തു



കാര്‍ഡിഫ്: യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡ് നിലനിര്‍ത്തി. കാര്‍ഡിഫിലെ മില്ലേനിയം സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മല്‍സരത്തില്‍ യുവന്റസിനെ 1-4 എന്ന ഗോള്‍നിലയില്‍ തകര്‍ത്താണ് റയല്‍ 12ാം ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്. ഇതോടെ, ചരിത്രത്തിലാദ്യമായി യുവേഫ ചാംപ്യന്‍സ് കിരീടം നിലനിര്‍ത്തുന്ന ടീമെന്ന ബഹുമതിയും റയല്‍ മാഡ്രിഡ് കരസ്ഥമാക്കി. മികച്ച മല്‍സരം കാഴ്ചവച്ച ഇറ്റാലിയന്‍ വമ്പന്മാര്‍ക്കെതിരേ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടഗോള്‍ നേടി ചരിത്രം സൃഷ്ടിച്ചു. കസെമിറോയും അസെന്‍സ്യോയും വൈറ്റ്‌സിനു വേണ്ടി ലക്ഷ്യംകണ്ടപ്പോള്‍ മാന്റുകിച്ചിന്റെ സൂപ്പര്‍ ഓവര്‍ഹെഡ് ഗോള്‍ മാത്രമാണ് യുവന്റസിന് തുണയായത്. മല്‍സരത്തിന്റെ 84ാം മിനിറ്റില്‍ യുവന്റസ് മിഡ്ഫീല്‍ഡര്‍ ജുവാന്‍ ക്വാര്‍ഡാഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് ഇറ്റാലിയന്‍ വമ്പന്മാര്‍ക്ക് ക്ഷീണം ചെയ്തു. 20, 64 മിനിറ്റുകളിലായി രണ്ടുതവണ യുവന്റസ് വലകുലുക്കിയ റൊണാള്‍ഡോ കരിയറിലെ 600 ഗോള്‍ തികച്ചു. മൂന്ന് ടീമുകള്‍ക്കൊപ്പം നാലുതവണ കിരീടം നേടുന്ന ഏകതാരമെന്ന ബഹുമതിയും ക്രിസ്റ്റ്യാനോ സ്വന്തമാക്കി. തുടര്‍ച്ചയായി രണ്ട് ചാംപ്യന്‍സ് ലീഗുകള്‍ നേടിയെന്ന അപൂര്‍വ ഭാഗ്യം റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്റെ പേരില്‍ കുറിക്കപ്പെട്ടു. 12 ഗോളുകള്‍ പായിച്ച ക്രിസ്റ്റ്യാനോയാണ് ലീഗിലെ ടോപ് സ്‌കോറര്‍.
Next Story

RELATED STORIES

Share it