Flash News

ചാംപ്യന്‍സ് ലീഗില്‍ രണ്ടാംപാദ ക്വാര്‍ട്ടറില്‍ ഗോള്‍രഹിത സമനില ; ഒന്നും സംഭവിച്ചില്ല



ബാഴ്‌സലോണ: ഇല്ല, ഒന്നും സംഭവിച്ചില്ല... അദ്ഭുതവുമുണ്ടായില്ല, ഗോളും ഉണ്ടായില്ല... എതിരാളികളുടെ വലയില്‍ ഒരു ഗോള്‍ പോലും ചൊരിയാനാവാതെ കരുത്തരായ ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി. സ്പാനിഷ് വമ്പന്മാരെ ഏകപക്ഷീയമായ മൂന്നു ഗോളില്‍ മറികടന്ന് യുവന്റസ് തലയെടുപ്പോടെ സെമിയില്‍ കടന്നു. 'ബാഴ്‌സയാണ്, ഏതുവിധേനയും തിരിച്ചുവരും' എന്നു പ്രഖ്യാപിച്ച പരിശീലകന്‍ ലൂയിസ് എന്റിക്വെയുടെ വാക്കും വെറുതേയായി. അദ്ഭുത ജയവും പാഴായി. എല്ലാം പഴങ്കഥയാക്കി, 2016-17 സീസണില്‍ ചാംപ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്‌സ പുറത്തായി. പ്രീക്വാര്‍ട്ടറില്‍ നാലു ഗോള്‍ പിന്നില്‍ നിന്ന ബാഴ്‌സ രണ്ടാംപാദത്തില്‍ പിഎസ്ജിയെ സ്വന്തം തട്ടകമായ നൗകാംപില്‍ 6-1ന് കീഴ്‌പ്പെടുത്തി ചരിത്രജയം നേടിയിരുന്നു. നൗകാംപില്‍ വീണ്ടും അദ്ഭുതം ആവര്‍ത്തിക്കുന്നത് കാണാന്‍ കാത്തിരുന്നവര്‍ക്ക് ഒടുവില്‍ നിരാശ സമ്മാനിച്ചു ബാഴ്‌സ. ലോകോത്തര താരങ്ങളായ മെസ്സിയും നെയ്മറും സുവാരസും എല്ലാം ഉണ്ടായിട്ടും ഒരു ഗോള്‍ പോലും എതിരാളികളുടെ വലയിലെത്തിക്കാന്‍ ബാഴ്‌സയ്ക്ക് സാധിച്ചില്ല. ആദ്യപാദത്തില്‍ മൂന്നു എവേ ഗോളുകള്‍ കരസ്ഥമാക്കിയ ആത്മവിശ്വാസത്തില്‍ പ്രതിരോധത്തിലൂന്നിയ കളിയാണ് ഇറ്റാലിയന്‍ വമ്പന്മാര്‍ നൗകാംപില്‍ കാഴ്ചവച്ചത്. ഹിഗ്വയ്‌നെ മുന്നേറ്റത്തില്‍ നിറുത്തി 4-2-3-1 ഫോര്‍മാറ്റിലാണ് അല്ലെഗ്രി പട വിന്യസിച്ചത്. അലെക്സ്സാന്‍ട്രോ- ചെല്ലിനി- ബൊനുച്ചി- അല്‍വസ് എന്നിവര്‍ പ്രതിരോധ കോട്ടകാത്തു. ബാഴ്‌സയുടെ കുന്തമുനയിലെ മൂര്‍ച്ചയേറിയ അഗ്രങ്ങളായ മെസ്സി- സുവാരസ്- നെയ്മര്‍ ത്രയത്തെ ഏതുവിധേനയും പൂട്ടുക എന്നതായിരുന്നു യുവന്റസ് പരിശീലിച്ച പാഠം. ഗോള്‍ വല കാക്കാന്‍ ജിയാന്‍ലുജി ബുഫണ്‍ എന്ന അസാമാന്യ ഗോളിയും. ഇത്രയും മതിയായിരുന്നു കാംപ്‌നൗ നിഷ്പ്രഭമാക്കാന്‍. മല്‍സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ പന്ത് കൈയടക്കിയ യുവന്റസ് പിന്നീട് ബാഴ്‌സയെ നന്നായി കളിപ്പിച്ചു. പന്തടക്കത്തില്‍ തിരിച്ചെത്തിയ ബാഴ്‌സ താരങ്ങള്‍ ഗോള്‍മുഖം വരെ മുന്നേറാന്‍ യുവന്റസ് സമ്മതിച്ചു. എന്നാല്‍, അതിനപ്പുറത്തേക്ക് ഒന്നും ചെയ്യാന്‍ സ്പാനിഷ് കരുത്തിനായില്ല. പലതവണ ആക്രമിച്ചെങ്കിലും പന്ത്, ലക്ഷ്യം തെറ്റുകയോ ബുഫണിന്റെ കൈകളില്‍ കുടുങ്ങുകയോ ചെയ്തു. ആദ്യ 15 മിനിറ്റ് പിന്നിട്ടപ്പോള്‍ താളം വീണ്ടെടുത്ത ബാഴ്‌സ ആദ്യപകുതിയില്‍ എട്ടുതവണ ഗോളിനു ശ്രമിച്ചു.  സമ്മര്‍ദ്ദത്തിനടിമപ്പെട്ടപ്പോള്‍ ലക്ഷ്യം തെറ്റി ഉയര്‍ന്നു പോകുന്ന ഷോട്ടുകളായിരുന്നു സകലതും. ആക്രമണം പരുക്കന്‍ മട്ടിലേക്ക് മാറിയപ്പോള്‍ ഇനിയേസ്റ്റയ്ക്കും നെയ്മര്‍ക്കും മഞ്ഞകാര്‍ഡും ലഭിച്ചു. മെസ്സിക്കും ഹിഗ്വെയ്‌നും തുറന്ന അവസരം ലഭിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. രണ്ടാം പകുതിയും കഥ മറിച്ചായിരുന്നില്ല. 60 ശതമാനവും പന്ത് ബാഴ്‌സയുടെ കൈയില്‍ തന്നെ. ഇത്തവണ വല ലക്ഷ്യമാക്കി രണ്ടു തവണ യുവന്റസ് പന്ത്  പായിച്ചു. എന്നാല്‍, അവര്‍ക്കും വല ഭേദിക്കാന്‍ മാത്രം സാധിച്ചില്ല. ബൊനുച്ചിയും ചെല്ലിനിയും മികച്ച പ്രകടനമാണ് യുവന്റസിനു വേണ്ടി പുറത്തെടുത്തത്. റാകിച്ചിക്കിനെ പിന്‍വലിച്ച് അല്‍കാസര്‍ പാകോയെ ഇറക്കിയിട്ടും, റോബര്‍ടോയെ വലിച്ച് മസ്‌കെരാനോയെ ഇറക്കിയിട്ടും ബാഴ്‌സയ്ക്ക് അനുകൂലമായി ഒന്നും സംഭവിച്ചില്ല. മാഞ്ചെസ്റ്റര്‍ യുനൈറ്റഡും ബയേണ്‍ മ്യൂണിക്കും മാത്രമാണ് ഇതിനു മുന്‍പ് രണ്ട് പാദങ്ങളില്‍ ബാഴ്‌സയെ ഗോള്‍ നേടുന്നതില്‍ നിന്ന് തടഞ്ഞിട്ടുള്ളത്. ലൂയിസ് എന്റിക്വെയുടെ അവസാന സീസണില്‍ ചാംപ്യന്‍സ് ലീഗ് നേടാമെന്ന ബാഴ്‌സയുടെ മോഹം ഇതോടെ പൊലിഞ്ഞു. ലാ ലീഗയില്‍ റയലിനെ മറികടന്ന് കിരീടം നേടലാണ് ഇനി ബാഴ്‌സയുടെ ലക്ഷ്യം.
Next Story

RELATED STORIES

Share it