Sports

ചാംപ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യക്കു വെള്ളിത്തിളക്കം

ചാംപ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യക്കു വെള്ളിത്തിളക്കം
X
18hockey-india-pm

ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്കു വെള്ളിത്തിളക്കം. ഫൈനലില്‍ നിലവിലെ ജേതാക്കളായ ആസ്‌ത്രേലിയയോട് ഇന്ത്യ പൊരുതിത്തോല്‍ക്കുകയായിരുന്നു. അവസാന മിനിറ്റ് വരെ പോരാടിയ ഇന്ത്യ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് 1-3നു മല്‍സരം കൈവിട്ടത്.
കിരീടം നഷ്ടമായെങ്കിലും ചരിത്രം കുറിച്ചാണ് മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ നായകത്വത്തില്‍ ഇന്ത്യ മടങ്ങുന്നത്. 1982ലെ ചാംപ്യന്‍സ് ട്രോഫിയിലെ വെങ്കലമെന്ന നേട്ടം ഇത്തവണ ഇന്ത്യ വെള്ളിയായി തിരുത്തിക്കുറിക്കുകയായിരുന്നു.
നേരത്തേ അവസാന പൂള്‍ മല്‍സരത്തില്‍ ഓസീസിനോട് 2-4നു പരാജയപ്പെട്ട ഇന്ത്യ ഫൈനലില്‍ എളുപ്പം കീഴടങ്ങാന്‍ ഒരുക്കമായിരുന്നില്ല. നിശ്ചിതസമയത്ത് ഓസീസിനെ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യക്കു കഴിഞ്ഞു. ശ്രീജേഷിന്റെ ചില തകര്‍പ്പന്‍ സേവുകളാണ് ടീമിനെ രക്ഷിച്ചത്. ഷൂട്ടൗട്ടില്‍ ഹര്‍മന്‍ പ്രീത് സിങിനു മാത്രമേ ഇന്ത്യക്കായി ലക്ഷ്യം കാണാനായുള്ളൂ. എസ് കെ ഉത്തപ്പ, എസ് വി സുനില്‍, സുരേന്ദര്‍ കുമാര്‍ എന്നിവര്‍ പുറത്തേക്കടിച്ചു പാഴാക്കുകയായിരുന്നു. മറുഭാഗത്ത് ഓസീസിനുവേണ്ടി ആരണ്‍ സലെസ്‌കി, ഡാനിയേല്‍ ബീല്‍, സൈമണ്‍ ഓര്‍ക്കഡ് എന്നിവര്‍ ലക്ഷ്യംകണ്ടപ്പോള്‍ ട്രെന്റ് മില്‍റ്റണിന്റെ ഷോട്ട് ശ്രീജേഷ് വിഫലമാക്കി.
അതിനിടെ ഷൂട്ടൗട്ടില്‍ ചില നാടകീയ സംഭവങ്ങളും അരങ്ങേറി. ഓസീസ് താരം ബീലിന്റെ ആദ്യ ഷോട്ട് ഗോളാവാതെ പോയപ്പോള്‍ റഫറി രണ്ടാമതും താരത്തിന് അവസരം നല്‍കി. ഇതു ഗോളാവുകയും ചെയ്തു. റഫറിയുടെ തീരുമാനത്തിനെതിരേ ഇന്ത്യ ശക്തമായ പ്രതിഷേധമുയര്‍ത്തി. മല്‍സരശേഷ വും ഇന്ത്യയുടെ പ്രതിഷേധം തുടര്‍ന്നതോടെ വിജയിയെ പ്രഖ്യാപിക്കുന്നത് അല്‍പ്പസമയത്തേക്കു നിര്‍ത്തിവച്ചു.
വീഡിയോ റീപ്ലേകള്‍ പരിശോധിച്ച ജൂറി ഏകദേശം ഒരു മണിക്കൂറിനുശേഷം ഓസീസിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ബീല്‍ ഷോട്ട് എടുക്കുന്നതിനിടെ ശ്രീജേഷിന്റെ ഭാഗത്തു നിന്നു മനപ്പൂര്‍വ്വമല്ലാത്ത തടസമുണ്ടായെന്നും ഇതിനാലാണ് വീണ്ടും പെനല്‍റ്റി അനുവദിച്ചതെന്നും ജൂറി വ്യക്തമാക്കി.
Next Story

RELATED STORIES

Share it