ചാംപ്യന്‍മാര്‍ക്ക് അഗ്നിപരീക്ഷ

സോച്ചി: നിലവിലെ ലോകകപ്പില്‍ മെക്‌സിക്കോയ്‌ക്കെതിരേ അപ്രതീക്ഷിത അട്ടിമറി നേരിട്ട ജര്‍മനിക്ക് ഇന്ന് അഗ്നിപരീക്ഷ. ഗ്രൂപ്പ് എഫില്‍ സ്വീഡനെയാണ് ഇന്നത്തെ അവസാന മല്‍സരത്തില്‍ ജര്‍മനി നേരിടുന്നത്. ഈ ലോകകപ്പിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയായിരുന്നു മെക്‌സിക്കോയ്‌ക്കെതിരായ ജര്‍മനിയുടെ കീഴടങ്ങല്‍. ഈ പരാജയത്തോടെ ജയം മാത്രം പ്രതീക്ഷിച്ചാവും ടീം ഇന്ന് കളത്തിലിറങ്ങുക.
ഏഷ്യന്‍ കരുത്തരായ ദക്ഷിണകൊറിയക്കെതിരേ പെനല്‍റ്റിയിലൂടെ 1-0ന് കഷ്ടിച്ച് ജയിച്ചാണ് സ്വീഡന്‍ നിര്‍ണായകമായ മൂന്ന് പോയിന്റ് സ്വന്തമാക്കിയത്.
ഗ്രൂപ്പിലെ ആദ്യ റൗണ്ട് അവസാനിക്കുമ്പോള്‍ മൂന്ന് പോയിന്റുകള്‍ വീതമുള്ള മെക്‌സിക്കോയും സ്വീഡനുമാണ് മുന്നിട്ടു നില്‍ക്കുന്നതെന്നതിനാല്‍ അമരത്ത് നിലയുറപ്പിക്കാന്‍ ജര്‍മനിക്ക് ഇന്ന് ജയിച്ചേ തീരൂ. 1958 ലോകകപ്പിലെ ആദ്യമല്‍സരത്തില്‍ ജയിച്ച സ്വീഡിഷ് പട പിന്നീട് ഈ ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ദക്ഷിണകൊറിയക്കെതിരേ ജയിച്ചാണ് 68 വര്‍ഷത്തിനിടയില്‍ ആദ്യ മല്‍സരത്തില്‍ ജയിക്കാന്‍ കഴിയാത്തതിന്റെ അരിശം തീര്‍ത്തത്. ഇരു ടീമും കരിയറില്‍ 12 തവണ മുഖാമുഖമെത്തിയപ്പോള്‍ എട്ടെണ്ണത്തിലും വെന്നിക്കൊടി നാട്ടിയതിന്റെ പ്രസരിപ്പോടെയാണ് ജര്‍മന്‍ ടീം ഇന്നിറങ്ങുന്നത്. പരിക്ക് കാരണം ഡിഫന്‍ഡര്‍ ജോനസ് ഹെക്ടര്‍ മല്‍സരത്തിലിറങ്ങുന്ന കാര്യം സംശയത്തിലാണ്. മുള്ളറും ടോണി ക്രൂസുമൊക്കെ അടങ്ങുന്ന ലോകോത്തര താരങ്ങള്‍ക്ക് പിഴവ് പറ്റിയ മെക്‌സിക്കോക്കെയിരായ മല്‍സരത്തിന്റെ തനിയാവര്‍ത്തനം അരങ്ങേറാന്‍ കോച്ച് ജോച്ചിം ലോ ഒരുക്കമല്ല. ആയതിനാല്‍ ആദ്യ മല്‍സരത്തില്‍ ഉടലെടുത്ത പോരായ്മകള്‍ കണ്ടെത്തിയതോടെ അത് പരിഹരിച്ചാവും ലോയും കൂട്ടരും സോച്ചിയിലെ ഫിഷ്റ്റ് ഒളിംപിക് സ്റ്റേഡിയത്തിലിറങ്ങുക. പ്രതിരോധത്തിന്റെ നിയന്ത്രണം മാര്‍ക്കോ റിയൂസിലേല്‍പ്പിച്ചാവും ലോ തന്ത്രങ്ങളോതുന്നത്. എന്നാല്‍ ലോകകപ്പ് ചരിത്രം ജര്‍മനിക്കനുകൂലമാണ്.
അവസാനമായി 1982ലെ ഓപണിങ് മല്‍സരത്തില്‍ പരാജയപ്പെട്ട ജര്‍മനി അന്നത്തെ ലോകകപ്പില്‍ ഫൈനലിസ്റ്റായാണ് നാട്ടിലേക്ക് പുറപ്പെട്ടത്. സ്വീഡനെതിരേ ജര്‍മനി അവസാന ഏഴ് മല്‍സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇതില്‍ അഞ്ചിലും ജയം അക്കൗണ്ടിലാക്കുകയും രണ്ട് മല്‍സരത്തില്‍ സമനില കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവസാനമായി ജര്‍മനി കളിച്ച ഏഴ് മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ പരാജയപ്പെട്ടു എന്ന് സൂചിപ്പിക്കുമ്പോള്‍ ഇന്നത്തെ മല്‍സരത്തില്‍ ജര്‍മനിയുടെ വിജയം തുലാസിലാവും.
Next Story

RELATED STORIES

Share it